ചിയേഴ്‌സ്...! മദ്യമില്ലാതെ 30 ദിവസം, ചലഞ്ചിന് തയ്യാറാണോ? ആരോഗ്യഗുണങ്ങൾ അനുഭവിച്ചറിയാം

മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം വർധിക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പടിയും ചെയ്യും. ഹൈപ്പർടെൻഷൻ, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അപകടാവസ്ഥയിലേക്കാകും പിന്നെ ചെന്നെത്തുക

Update: 2023-01-05 13:05 GMT
Editor : banuisahak | By : Web Desk
Advertising

ആഘോഷമേതായാലും മദ്യം ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഘടകമാണ്. ഓരോ ആഘോഷങ്ങൾ കഴിയുമ്പോഴും മദ്യത്തിനായി ആളുകൾ കോടികൾ പൊടിച്ചതിന്റെ വാർത്തകൾ നമുക്ക് പുതുമയല്ല.പുതുവർഷമായതോടെ പല പുതിയ ശീലങ്ങളും പലരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതിൽ ട്രെൻഡിങ്ങായി നിൽക്കുന്നത് 'ഡ്രൈ ജനുവരി' എന്ന ചലഞ്ചാണ്. 30 ദിവസം മദ്യം ഉപേക്ഷിക്കുകയാണ് ടാസ്ക്. എന്നാൽ, ഒരു ന്യൂ ഇയർ ട്രെൻഡിനപ്പുറം ഹ്രസ്വകാലത്തേക്ക് ആൽക്കഹോൾ ഉപേക്ഷിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെന്ന് അമേരിക്കൻ ബോർഡ് ഓഫ് ഒബിസിറ്റി മെഡിസിൻ മെഡിക്കൽ ഡയറക്ടർ ഡോ. രേഖ ബി. കുമാർ പറയുന്നു. 

കുറഞ്ഞ അളവിൽ മദ്യപിക്കുന്നവർക്ക് തങ്ങളുടെ ആരോഗ്യത്തിൽ ഒരു നിയന്ത്രണബോധം അനുഭവപ്പെടാൻ ഇത് സഹായിക്കും. അമിതമായി മദ്യപിക്കുന്നവരാണെങ്കിൽ ഈ നിയന്ത്രണത്തിന് പുറമേ കൂടുതൽ മാനസിക വ്യക്തത, മെച്ചപ്പെട്ട ഉറക്കം, ശരീരഭാരം കുറയ്ക്കൽ തുടങ്ങി കൂടുതൽ ഫലങ്ങൾ നേടാൻ സഹായിക്കും. മിതമായ അളവിൽ മദ്യം കഴിക്കാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറയുന്നു. സ്ത്രീകൾക്ക് പ്രതിദിനം ഒരു ഡ്രിങ്ക് വരെയും പുരുഷന്മാർക്ക് പ്രതിദിനം രണ്ട് ഡ്രിങ്കുകൾ വരെയുമാകാം. 

മാസത്തിലൊരിക്കൽ അമിതമായി മദ്യപിച്ചാലും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്ന് ഹൂസ്റ്റണിലെ യുടി ഹെൽത്തിലെ എംസി ഗവേൺ മെഡിക്കൽ സ്കൂളിലെ പതോളജി ആൻഡ് ലബോറട്ടറി മെഡിസിൻ പ്രൊഫസർ ഡോ. അമിതാവ ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ഡ്രൈ ജനുവരി സ്വീകരിക്കുന്നത് ശാരീരിക ഗുണങ്ങൾ മാത്രമല്ല, മാനസിക ഗുണങ്ങളും നൽകും. 

ഡ്രൈ ജനുവരിയോടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ:-

കരളിന് ആശ്വാസം 

അമിതമായി മദ്യപിക്കുന്നവരിൽ കാലക്രമേണ ലിവർ സിറോസിസ് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തു കരളിലെ കോശങ്ങളെ നശിപ്പിക്കുകയും അതിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുകയും ചെയ്യും. കരളിൽ കൊഴുപ്പടിയുക എന്നതാണ് മദ്യം കരളിനെ ബാധിക്കുന്നതിന്റെ പ്രധാന ലക്ഷണം. ഇത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ദിവസം രണ്ടിൽ കൂടുതൽ പ്രാവശ്യം മദ്യം കഴിക്കുന്ന പുരുഷന്മാർക്കും ഒന്നിൽ കൂടുതൽ തവണ മദ്യം കഴിക്കുന്ന സ്ത്രീകൾക്കും കരളിൽ കൊഴുപ്പടിയുന്ന അവസ്ഥയുണ്ടാകാം. 

അതിനാൽ, ഒരു മാസത്തോളം മദ്യം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ ഈ മാറ്റങ്ങൾ പഴയപടിയാക്കാവുന്നതാണ്. കരൾ വീണ്ടും സാധാരണ നിലയിലാക്കാൻ ഇത് സഹായിക്കുമെന്ന് ഡോ. അമിതാവ ദാസ്ഗുപ്ത പറയുന്നു. കരൾ ഒരു സഹിഷ്ണുതയുള്ള അവയവമായതിനാൽ മദ്യം ഒഴിവാക്കി ഒരാഴ്ചക്കുള്ളിൽ തന്നെ നല്ല മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ഹൃദ്രോഗ സാധ്യത കുറയ്ക്കും 

മദ്യം എല്ലാ അവയവങ്ങളെയും സാരമായി തന്നെ ബാധിക്കും. എന്നാൽ, കരൾ പോലെ തന്നെ പ്രധാനമായും മദ്യപാനം ബാധിക്കുന്ന ഒരു അവയവമാണ് ഹൃദയം. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം വർധിക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പടിയും ചെയ്യും. ഹൈപ്പർടെൻഷൻ, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അപകടാവസ്ഥയിലേക്കാകും പിന്നെ ചെന്നെത്തുക. മദ്യം ഒഴിവാക്കുന്നതിനൊപ്പം അല്പം വ്യായാമം കൂടി ശീലിക്കുകയാണെങ്കിൽ ഹൃദയത്തിന്റെ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമാകും. 

 ക്യാൻസർ 

മദ്യപാനം ക്യാൻസറിന്റെ പ്രധാനകാരണമായിട്ടും വേണ്ടത്ര ഗൗരവത്തിൽ ഇക്കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നത് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അന്നനാളത്തിലെ ക്യാൻസർ, സ്തനാർബുദം, കുടലിലെ ക്യാൻസർ തുടങ്ങി ഏഴോളം തരത്തിലുള്ള ക്യാൻസറുകൾക്ക് മദ്യവുമായി ബന്ധമുണ്ട്. വൈൻ അടക്കമുള്ള എല്ലാ ആൾക്കഹോളിക്‌ പാനീയങ്ങളും ക്യാൻസറിനെ വിളിച്ചുവരുത്തും. അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത് ട്രസ്റ്റഡ് സോഴ്‌സിൽ പ്രസിദ്ധീകരിച്ച 2009-ലെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ക്യാൻസർ മരണങ്ങളിൽ 3.5% മദ്യവുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്ക്. 

കുറഞ്ഞ കാലത്തേക്കെങ്കിലും മദ്യം ഒഴിവാക്കുന്നത് ആൽക്കഹോളിന് അടിമപ്പെടുന്നതിൽ നിന്ന് മാത്രമല്ല, ശരീരത്തിന് പുതിയൊരു ഉണർവ് നൽകുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും. 

 ശരീരഭാരത്തിലും അറിയാം വ്യത്യാസങ്ങൾ 

മദ്യത്തിൽ കലോറി കൂടുതലാണ്. വൈൻ, ബിയർ, മിക്സഡ് ഡ്രിങ്ക് എന്നിവയിൽ പഞ്ചസാരയുടെ അളവും കൂടുതലാണ്. ഇവ ശരീരഭാരം കൂടാൻ ഇടയാക്കും. അമിതമായി മദ്യപിക്കുന്നവർ ദീർഘകാലത്തേക്ക് മദ്യം നീക്കം ചെയ്യുകയാണെങ്കിൽ അവരുടെ ശരീരഭാരം കുറയുകയും ശരീരഘടന മെച്ചപ്പെടുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്യും. എന്നാൽ, ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലർത്തിയെങ്കിൽ മാത്രമേ ശരിയായ ഗുണം ലഭിക്കുകയുള്ളൂ. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News