കോവിഡ് മാറിയതിനു ശേഷം നിങ്ങള്‍ എന്തു കഴിക്കും?
ക്ഷീണത്തെ മറികടക്കാന്‍ ശരീരത്തിന് പ്രോട്ടീനുകള്‍ ആവശ്യമാണ്
കോവിഡ് മൂന്നാം തരംഗത്തില്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുകയാണ് ലോകം. കോവിഡ് രോഗികളും ഇനിയും അതിനു പിടികൊടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. കോവിഡ് മാറിയവരെ സംബന്ധിച്ചിടത്തോളം അതില്‍ നിന്നും പുറത്തുകടക്കുക എന്നത് ശ്രമകരമായ കാര്യമാണ്. നമ്മള്‍ നമ്മളെ തന്നെ പരിപാലിച്ചാല്‍ മാത്രമേ പഴയ പോലെ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. പോഷകമുള്ള ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം.
എന്തു കഴിക്കണം?
ക്ഷീണത്തെ മറികടക്കാന്‍ ശരീരത്തിന് പ്രോട്ടീനുകള്‍ ആവശ്യമാണ്.'' നിങ്ങളുടെ ഭക്ഷണത്തിൽ മുട്ട, പാൽ, പാൽ ഉൽപന്നങ്ങൾ, പയർവർഗ്ഗങ്ങൾ, ചിക്കൻ, മത്സ്യം, പരിപ്പ്, മത്തങ്ങ വിത്തുകൾ തുടങ്ങി ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുക'' ന്യൂക്രോസ് സയൻസ് സ്ഥാപക സാക്ഷി ബക്ഷി പറയുന്നു. ഇഞ്ചി, വെളുത്തുള്ളി, അസംസ്‌കൃത മഞ്ഞൾ, ഗ്രീൻ ടീ, നിറമുള്ള പഴങ്ങളും പച്ചക്കറികളും എന്നിവ ഉൾപ്പെടുന്ന ആന്‍റി ഓക്‌സിഡന്‍റ് സമ്പുഷ്ടമായ ഭക്ഷണവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഇവ മൂന്നും ഒരിക്കലും ഒഴിവാക്കുവാൻ പാടില്ല. ചെറിയതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണങ്ങളും സലാഡുകളും പഴങ്ങളും പോലെ ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളും ദിവസവും കഴിക്കണമെന്നും സാക്ഷി നിര്‍ദേശിക്കുന്നു.
ഇഷ്ടം പോലെ വെള്ളം കുടിക്കൂ
ശരീരം സുഖം പ്രാപിക്കണമെന്നോ ആരോഗ്യത്തോടെയിരിക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കോവിഡ് സമയത്ത് നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാവുന്ന ദ്രാവകങ്ങൾ നിറയ്ക്കേണ്ടത് വളരെ പ്രധാനമാണ്."നിങ്ങൾക്ക് പ്രതിദിനം കുറഞ്ഞത് 3-3.5 ലിറ്റർ വെള്ളം ആവശ്യമാണ്," ബക്ഷി പറയുന്നു. വെള്ളം കുടിക്കാന്‍ മടിയാണെങ്കില്‍ ഹെര്‍ബല്‍ ടീ പോലുള്ള മറ്റു മാര്‍ഗങ്ങള്‍ പരീക്ഷിക്കുക. സൂപ്പ്, ഇളനീര്‍, ഫ്രഷ് ജ്യൂസുകൾ എന്നിവ ഉൾപ്പെടുത്തുക.
ജങ്ക് ഫുഡിനോട് 'നോ' പറയുക
ചിപ്‌സ്, നംകീൻ, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക.മിഠായി പോലുള്ള ശുദ്ധീകരിച്ച പഞ്ചസാര മധുരപലഹാരങ്ങളും പപ്പടം, ചട്ണി, അച്ചാർ തുടങ്ങിയ ഉയർന്ന തോതില്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഉപേക്ഷിക്കുക. ഭൂരിഭാഗം പേരും ജങ്ക് ഫുഡിനെ കംഫർട്ട് ഫുഡുമായി തുലനം ചെയ്യുന്നു, വാസ്തവത്തിൽ അവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനു പകരം നട്ട്സോ മറ്റ് പരിപ്പുവര്‍ഗങ്ങളോ കഴിക്കാവുന്നതാണ്. അവ ഒമേഗ -3 ഉൾപ്പെടെയുള്ള അവശ്യ ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസുകളാണ്. മാത്രമല്ല രുചികരവുമാണ്.
ഈ അഞ്ച് സൂപ്പര്‍ഫുഡുകള്‍ കഴിച്ചുനോക്കൂ
- മുട്ടയും മറ്റുതരത്തിൽ പ്രോട്ടീന്‍റെ സ്രോതസുകളായ പനീർ, പയർ, പരിപ്പ്, വിത്തുകൾ എന്നിവ പ്രോട്ടീന്‍റെ കുറവിൽ നിന്ന് കരകയറാനും ശരീരത്തെ വേഗത്തിൽ വീണ്ടെടുക്കാനും സഹായിക്കും.
- സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. മത്സ്യത്തിൽ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് വൈറൽ അണുബാധകളെ നിയന്ത്രിക്കാനും വൈറസിന്‍റെ പെരുകാനുള്ള കഴിവ് കുറയ്ക്കാനും സഹായിക്കും.
- നെയ്യും വെളുത്ത വെണ്ണയും നിങ്ങളുടെ ശ്വാസകോശത്തെ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്നു.
- പച്ച മഞ്ഞൾ, തുളസി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി പ്രതിരോധശേഷി തരുന്ന വസ്തുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളാണ് അഞ്ചാമത്തേത്. ബ്രോക്കോളി, കോളിഫ്‌ളവർ, കുരുമുളക്, കിവി, സിട്രസ് പഴങ്ങൾ എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.