ജിമ്മിൽ പോകാതെയും തടി കുറയ്ക്കാം..! ഇതാ 10 വഴികൾ

ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്

Update: 2022-07-26 06:33 GMT
Editor : Lissy P | By : Web Desk
Advertising

തടി കൂടുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയാൽ ജിമ്മിൽ പോകുന്നതിനെ കുറിച്ചാകും ആദ്യം മനസിൽ വരിക. എന്നാൽ ആദ്യമായി ജിമ്മിൽ പോകുന്നവർക്കാകട്ടെ ആകെ ആശയകുഴപ്പമായിരിക്കും. അവിടുത്തെ രീതികളും വ്യായാമകളും പിന്തുടരാൻ സാധിക്കുമോ എന്ന ആശങ്കയായിരിക്കും മനസ് നിറച്ചും.

ജീവിത തിരക്കുകൾക്കിടയിൽ ജിമ്മിൽ പോകാൻ കഴിയാത്തവരും ഏറെയാണ്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാൽ ജിമ്മിൽ പോകാതെയും തടി കുറക്കാനാകും. ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ സഹായിക്കുന്ന ചില വഴികളിതാ...

നടത്തം

നിങ്ങളുടെ ദിനചര്യയിൽ ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്താനുള്ള എളുപ്പവഴികളിലൊന്നാണ് നടത്തം. ജോഗിംഗും ഓട്ടവും ദിവസവും നടത്തുകയാണെങ്കിൽ തടി കുറയാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.


യോഗ

നിങ്ങൾക്ക് ജിമ്മുകൾ ഇഷ്ടമല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് യോഗ. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ പരിശീലിക്കാം.ശാരീരികമായും മാനസികമായും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ.

പടികൾ കയറുക

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ ശരീരഭാരം കുറയ്ക്കാൻ സഹായകമാകും. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികളിൽ കയറാം. ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നുമെങ്കിലും പിന്നീടത് എളുപ്പമായിരിക്കും. പക്ഷേ പതിവിൽ നിന്ന് ഒൽപം സമയം നേരത്തെ ഓഫീസിലെത്താൻ ശ്രമിക്കുക.


സ്‌കിപ്പിംഗ് റോപ്പ്

വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാനും ശാരീരിക പ്രവർത്തനങ്ങൾ കൂട്ടാനുള്ള ഫലപ്രദമായ മാർഗമാണ് സ്‌കിപ്പിംഗ് റോപ്പ് (വള്ളിച്ചാട്ടം). ഓരോ തവണയും ചാടുന്നതിന്റെ എണ്ണം കൂട്ടിക്കൊണ്ടുവരിക.

വീട്ടിൽ ചെയ്യാം ലഘു വ്യായാമങ്ങൾ

ജിമ്മിൽ പോകാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ വ്യായാമങ്ങളിൽ ഏർപ്പെടാം. സ്‌ക്വാട്ടിംഗ്, ,മൗണ്ടൻ ക്ലൈമ്പർ, ക്രഞ്ചുകൾ, ജമ്പിംഗ് ജാക്കുകൾ, തുടങ്ങിയ വ്യായാമങ്ങൾ വീട്ടിൽ എളുപ്പത്തിൽ പരിശീലിക്കാം. യുട്യൂബിൽ നോക്കിയും ഇത്തരം ചെറു വ്യായാമമുറകൾ പഠിച്ചെടുക്കാം.


നൃത്തം

നൃത്തം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് ശരീരഭാരം കുറയ്ക്കാൻ പറ്റിയ മാർഗമാണ് നൃത്തം. ജിമ്മിൽ പോകാൻ നിങ്ങൾ ഇഷ്ടമല്ലാത്തവർക്ക് പ്രത്യേകിച്ചും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുക. ശരീരം വിയർക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്നത് മൂലം അടിഞ്ഞുകൂടിയ കലോറി എരിച്ചുകളയും.

 വീട്ടുജോലികൾ എടുക്കുക

വെറുതെ വീട്ടിൽ മടിപിടിച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിവെക്കുക. വീട്ടുജോലികൾ ചെയ്യുന്നതും മികച്ചൊരു വ്യായാമമാണ്. വീട് വൃത്തിയാക്കുക, നിലം തുടക്കുക തുടങ്ങിയ ചെറിയ ചെറിയ ജോലികളിൽ ഏർപ്പെടുക.


ഭക്ഷണത്തിലും ശ്രദ്ധിക്കാം

  • മൂന്ന് നേരത്തെ ഭക്ഷണത്തെ ആറ് നേരമാക്കി വിഭജിക്കുക
  • മെറ്റബോളിസം വർധിപ്പിക്കുന്ന ഭക്ഷണങ്ങളായ ഗ്രീൻ ടീ, ഇഞ്ചി തുടങ്ങിയവ കഴിക്കാൻ ശ്രമിക്കുക
  •  പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതൽ കഴിക്കുക
  •  ഭക്ഷണത്തിനും മുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുക
  • ജങ്ക് ഫുഡുകളും പാക്കറ്റ് ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കുക
  • പറ്റുമെങ്കിൽ ഇടവിട്ടുള്ള ഉപവാസമെടുക്കാം
  • ഭക്ഷണം കഴിക്കുമ്പോൾ ഫോൺ, ടിവി എന്നിവ കാണുന്നത് ഒഴിവാക്കുക
  • വ്യായാമത്തിന് മുമ്പ് ബ്ലാക്ക് കോഫി കുടിക്കാം
  • കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കാം

ലഹരിവസ്തുക്കളോട് നോ പറയാം

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവർ മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും.

നന്നായി ഉറങ്ങുക

ഇതിന് പുറമെ ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഉറക്കം ഭാരത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉറക്കക്കുറവും തടികൂട്ടുന്നതിന് കാരണമായേക്കും

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News