എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കേണ്ട; ജീവൻ രക്ഷിക്കാൻ സിപിആർ കൊടുക്കാം ഇങ്ങനെ..
കുഴഞ്ഞുവീണയാളുടെ ഹൃദയം നിലച്ചുവെന്ന് തോന്നിയാൽ അടിയന്തരമായി നൽകാവുന്ന ശുശ്രൂഷ കൂടിയാണിത്
പെട്ടെന്നൊരാൾ നമ്മുടെ മുന്നിൽ കുഴഞ്ഞുവീണാൽ എന്തുചെയ്യും? ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വൈകിപ്പോയിട്ടുണ്ടെങ്കിലോ? എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കേണ്ട കാര്യമില്ല. പെട്ടെന്ന് തന്നെ നൽകാവുന്ന പ്രാഥമിക ശുശ്രൂഷ നമ്മുടെ കയ്യിൽ തന്നെയുണ്ട്. കുഴഞ്ഞുവീണുണ്ടാകുന്ന മരണങ്ങൾ സ്ഥിരം വാർത്തയാണ് ഇപ്പോൾ. ഒരാൾ കുഴഞ്ഞുവീണാൽ നൽകാവുന്ന ജീവൻരക്ഷാ വിദ്യയാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആർ.
സിനിമകളിലും മറ്റും കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകുമെങ്കിലും എങ്ങനെയാണ് സിപിആർ കൊടുക്കേണ്ടത് എന്നതിനെ പറ്റി കൃത്യമായ ധാരണ പലർക്കുമില്ല. കുഴഞ്ഞുവീണയാളുടെ ഹൃദയം നിലച്ചുവെന്ന് തോന്നിയാൽ അടിയന്തരമായി നൽകാവുന്ന ശുശ്രൂഷ കൂടിയാണിത്. ഹൃദയത്തിന്റെ പ്രവർത്തനം, ശ്വസനം, ബോധം എന്നിവ അപ്രതീക്ഷിതമായി നഷ്ടപ്പെടുന്നതാണ് ഹൃദയസ്തംഭനം. ഹൃദയമിടിപ്പ് പെട്ടെന്ന് നിൽക്കുന്നതാണ് ഈ അവസ്ഥ. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരണം സംഭവിക്കാൻ ഇടയാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് സിപിആറിന്റെ പ്രാധാന്യം.
തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം തിരികെയെത്തിക്കാൻ സിപിആർ മുഖേന സാധിക്കും. കൈ കൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചിൽ ശക്തിയായി അമർത്തുന്നതാണ് രീതി. എന്നാൽ, വെറുതേ ചെയ്യേണ്ടതും അത്ര ലാഘവത്തോടെ കൈകാര്യം ചെയ്യണ്ടതുമല്ല ഈ പ്രക്രിയ. ഇതൊരു മുഴുവൻ സമയ പ്രക്രിയയാണ്. ഇടക്ക് വെച്ച് നിർത്താൻ പാടില്ല. ഇത് സംബന്ധിച്ച് അറിയേണ്ട ചില പ്രധാന കാരണങ്ങളുണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം:-
എങ്ങനെയാണ് സിപിആർ നൽകേണ്ടത്?
ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടാൽ ഉടൻ തന്നെ ആളുടെ ഹൃദയമിടിപ്പും നാഡിയിടിപ്പും പരിശോധിക്കണം. കഴുത്തിന് പിന്നിലുള്ള നാഡിയിടിപ്പ് പരിശോധിക്കുന്നതാണ് നല്ലത്. ഹൃദയത്തിന് ഏറ്റവും അടുത്ത ഭാഗമായതിനാൽ ശരിക്കും അബോധാവസ്ഥയിലാണോ എന്നും ശ്വസനത്തിന്റെ അളവും കൃത്യമായി മനസിലാക്കാൻ സാധിക്കും. ഈ വിലയിരുത്തലിന് പത്ത് സെക്കൻഡ് സമയം പോലും എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. വയറിന്റെ ചലനവും ഹൃദയമിടിപ്പും നിലച്ചുവെന്ന് മനസ്സിലായാൽ ഒട്ടും സമയം കളയാതെ സിപിആർ നൽകണം.
ഹൃദയസ്തംഭനം സംഭവിച്ചയാളുടെ ജീവൻ ചികിത്സ കിട്ടുന്നത് വരെ താങ്ങി നിർത്തുക എന്ന ധർമമാണ് സിപിആറിനുള്ളത്. മിനിറ്റിൽ 100-120 തവണ എന്ന കണക്കിലാകണം നെഞ്ചിൽ ശക്തമായി അമർത്തേണ്ടത്. ഒരു കാരണവശാലും ഇത് പകുതിക്ക് വെച്ച് നിർത്തരുത്. ഹൃദയമിടിപ്പ് ലഭിക്കുന്നത് വരെ തുടരണം.
ശ്രദ്ധിക്കണം..
ഒരാൾ കുഴഞ്ഞുവീണു കിടക്കുമ്പോൾ തലയിൽ പിടിച്ച് ഉയർത്താനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തും. രോഗിയുടെ ബിപി ഇതിനകം കുറവായിരിക്കും. അതിനാൽ, അവരെ തലയുടെ ഭാഗത്ത് പിടിച്ച് ഉയർത്തുന്നതിലൂടെ രക്തപ്രവാഹം കുറയുകയാണുണ്ടാകുന്നത്. ഇതിന് പകരം ആദ്യം കാൽ ഉയർത്താൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ രക്തം തലച്ചോറിലേക്ക് എത്താൻ സഹായിക്കും.
രോഗി ഉറപ്പുള്ള സമമായ ഒരു സ്ഥലത്ത് നിവർന്ന് തന്നെയാണ് കിടക്കുന്നതെന്ന് ഉറപ്പാക്കുക. തല ഒരു ഭാഗത്തേക്ക് ചരിച്ച് വെക്കുക. ശ്വാസതടസമുണ്ടാകാതിരിക്കാനാണിത്. രോഗി തറയിൽ കിടക്കുമ്പോൾ അവരുടെ മുന്നിൽ മുട്ടുകുത്തി നിൽക്കണം. ഒരാൾ തലക്ക് സമീപവും നിൽക്കണം.നെഞ്ചിന്റെ രണ്ട് വശങ്ങൾക്കിടയിലുള്ള മധ്യഭാഗത്ത് വേണം കൈകൊണ്ട് ശക്തിയായി അമർത്താൻ. നെഞ്ചിലെ മധ്യ ജോയിന്റ് അസ്ഥിയായ സ്റ്റെർനത്തിന്റെ താഴത്തെ ഭാഗത്ത് സമ്മർദ്ദം ചെലുത്തി വേണം ഇതുചെയ്യാൻ.
നെഞ്ചിന്റെ ഇടതുവശത്ത് കൈ അമർത്താൻ ഒരിക്കലും ശ്രമിക്കരുത്. കൂടുതൽ ബലം പ്രയോഗിച്ച് കൈ അമർത്തുന്നത് ഈ ഭാഗത്തെ വാരിയെല്ലുകൾ പൊട്ടാൻ ഇടയാക്കും. സിപിആർ ചെയ്യാനിരിക്കുമ്പോൾ നിവർന്നു തന്നെയിരിക്കണം. ഒരു കൈപ്പത്തി മറ്റേ കൈപ്പത്തിയിയുടെ മുകളിലായിരിക്കണം. ഒരു കൈപ്പത്തി രോഗിയുടെ നെഞ്ചിനു മുകളിൽ കമഴ്ത്തി വെക്കുക. ഇതിന് മുകളിൽ അടുത്ത കൈവിരലുകൾ വെച്ച് അമർത്തിക്കൊടുക്കുക.
കൈമുട്ടുകൾ വളയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈമുട്ടുകൾ വളച്ചാൽ ഒരിക്കലും അസ്ഥി താഴേക്ക് തള്ളാനും ശരിയായ രീതിയിൽ സിപിആർ നൽകാനും കഴിയില്ല. എല്ലിനെ 5 സെന്റിമീറ്ററിൽ കൂടുതലോ രണ്ടര ഇഞ്ചിൽ കൂടുതലോ അമർത്തരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം. അധികം ബലംപ്രയോഗിക്കാനോ ഒരുപാട് പതുക്കെയാക്കാനോ ശ്രമിക്കരുത്. ഇങ്ങനെ മുപ്പതോളം തവണ ചെയ്ത ശേഷം രോഗിയുടെ ശ്വാസം പരിശോധിക്കുക.
കൃത്രിമശ്വാസം
മുപ്പത് തവണ സിപിആർ നൽകിയിട്ടും ശ്വസനത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കൃത്രിമശ്വാസം നല്കുന്നതിലേക്ക് കടക്കാം. അത് മറ്റൊരാൾ ചെയ്യുന്നതാണ് നല്ലത്. ഒരാൾ സിപിആർ തുടരുമ്പോൾ മറ്റൊരാൾ കൃത്രിമശ്വാസം നൽകുക. വായയുടെ ചുറ്റും കർചീഫ് വെച്ചോ മറ്റോ ഉള്ളിലേക്ക് ഊതിക്കൊടുക്കാം. രോഗിയുടെ മൂക്കിൽ പിടിച്ച് താടി ഉയർത്തി വേണം ഇതുചെയ്യാൻ. കൃത്രിമശ്വാസം കൊടുക്കുമ്പോൾ വായു പുറത്തേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ശ്വാസവും രണ്ടുസെക്കൻഡ് സമയദൈർഘ്യത്തിലൂടെ വേണം നൽകാൻ.
സിപിആറിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും കൃത്യമായി നൽകാൻ കഴിയുമെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഇത് സംബന്ധിച്ച് ബോധവത്കരണം നേടേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സിപിആറിനെ കുറിച്ച് ക്‌ളാസുകൾ എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.