പാടുപെടേണ്ട; മുഖക്കുരു വന്നുപോയതിന് ശേഷമുള്ള പാടുകൾ കുറയ്‌ക്കാൻ വഴിയുണ്ട്
മുഖക്കുരു ചികിൽസിക്കുന്നത് പോലെ തന്നെ പ്രയാസകരമാണ് ഈ പാടുകളും ചികിൽസിച്ച് ഭേദമാക്കാൻ.
മുഖക്കുരു പോലെ തന്നെ ഏറെ പ്രയാസമുള്ള കാര്യമാണ് അവ വന്നുപോയതിന് ശേഷം മുഖത്ത് കാണപ്പെടുന്ന ചുവന്ന പാടുകൾ. മുഖക്കുരു ഒരു വിധത്തിൽ ചികിൽസിച്ച് ഭേദമാക്കിയാലും ഈ പാടുകൾ പലർക്കും ഒരു പണിയാകാറുണ്ട്. ഇത്തരം പാടുകൾ ദീർഘനാൾ നിലനിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് പിഐഇ എന്നറിയപ്പെടുന്ന പോസ്റ്റ്-ഇൻഫ്ലമേറ്ററി എറിത്തമയാണ്. തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ചുവന്ന തട്ടിപ്പുകളും പാടുകളും അണുബാധയുടെ ലക്ഷണമായേക്കാം. മുഖക്കുരു ചികിൽസിക്കുന്നത് പോലെ തന്നെ പ്രയാസകരമാണ് ഈ പാടുകളും ചികിൽസിച്ച് ഭേദമാക്കാൻ.
സാധാരണയായി മുഖക്കുരു ഭേദമാകുന്നതിന്റെ ലക്ഷണമായാണ് ചുവന്ന പാടുകൾ കാണപ്പെടുന്നത്. ചർമം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ലക്ഷണമായും ഇതിനെ കണക്കാക്കാറുണ്ട്. എന്നാൽ, മുഖക്കുരു പൊട്ടിക്കുന്നത് കാര്യങ്ങൾ വഷളാക്കും. ഇങ്ങനെയുള്ള പാടുകളാണ് പ്രധാനമായും ദീർഘനാൾ നിലനിൽക്കുന്നത്. മുഖക്കുരു ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗവും ചുവന്ന പാടുകൾക്ക് കാരണമാകാറുണ്ട്. പൂർണമായും ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു പരിധി വരെ ചുവപ്പ് പാടുകൾ അകറ്റി നിർത്താൻ ഇക്കാര്യങ്ങൾ പരീക്ഷിക്കാം:-
ഐസ് ക്യൂബ്
തണുപ്പ് ചർമത്തിലെ ചുവപ്പും വീക്കവും കുറയ്‌ക്കാൻ സഹായിക്കും. ചുവന്ന തടിപ്പുള്ള ഭാഗത്ത് നേരിട്ട് ഒരു ഐസ് ക്യൂബ് വെക്കുക. പത്ത് മിനിറ്റോളം ഇത് തുടരുക. മസാജ് ചെയ്യുന്നതും നല്ലതാണ്.
ചോക്ലേറ്റിനോട് പറയൂ 'നോ'
ചുവന്ന പാടുകൾ മാറ്റണമെന്നുണ്ടെങ്കിൽ ചോക്ലേറ്റ് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പഞ്ചസാരയുടെ ഉപയോഗവും കുറയ്‌ക്കുക. മദ്യം, അധികം മസാല അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക. ഇഞ്ചി, വെളുത്തുള്ളി, വെള്ളരി, തണ്ണിമത്തൻ, തക്കാളി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഗ്രീൻ ടീ
മുഖക്കുരു അകറ്റുന്നത് പോലെ തന്നെ പാടുകൾ അകറ്റാനും ഗ്രീൻ ടീ സഹായകരമാണ്. ഗ്രീൻ ടീ പോലെ തന്നെ പുതിനയിലയും ചുവന്ന പാടുകൾ അകറ്റാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ചർമത്തിന് വളരെ നല്ലതാണ്.
സൺസ്‌ക്രീൻ പതിവാക്കുക
വെയിൽ കൊള്ളുന്നത് ചർമത്തെ കൂടുതൽ ദോഷകരമായി ബാധിക്കും. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമത്തിലെ മെലാനിൻ കോശങ്ങളെ ബാധിക്കും. ഇത് മുഖത്തെ പാടുകളുടെ ചുവപ്പ് കൂടാനും അവയെ കൂടുതൽ ഇരുണ്ടതാക്കാനും ഇടയാക്കും. അതിനാൽ സൺസ്‌ക്രീൻ പതിവാക്കുക.
പൊടിക്കൈകൾ വീട്ടിൽ നിന്ന് തന്നെ
പാടുകൾ അകറ്റാനുള്ള വഴി നമ്മുടെ വീട്ടിൽ തന്നെ കാണും. മഞ്ഞൾപ്പൊടി, കടലമാവ് എന്നിവ പാലിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. കറ്റാർവാഴ മുഖത്ത് പുരട്ടുന്നതും ചുവന്ന പാടുകൾ അകറ്റാൻ നല്ലതാണ്.