ഇരുട്ടിൽ സ്ഥിരമായി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി ഡോക്ടർ

വൈദ്യപരിശോധനയ്ക്ക് ശേഷമാണ് സ്മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്.വിഎസ്) ആണെന്ന് കണ്ടെത്തുന്നത്

Update: 2023-02-10 08:01 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: ടെക്‌നോളജി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മൊബൈൽ ഫോൺ കൈയിലില്ലാതെ നമുക്ക് കഴിയാനാവില്ല എന്ന അവസ്ഥ വരെ എത്തിനിൽക്കുന്ന കാര്യങ്ങൾ. എന്നാൽ ഏത് സ്മാർട്ട് ഗാഡ്ജെറ്റുകൾ ഉപയോഗിക്കുമ്പോഴും പലപ്പോഴും മുൻകരുതൽ പാലിക്കാൻ നാം മറന്നുപോകുന്നു. ഇത്തരത്തിലുള്ള ചെറിയ ചെറിയ തെറ്റുകൾ കൊണ്ട് ചെന്നെത്തിക്കുന്നതാകട്ടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കും.. സ്ഥിരമായി ഇരുട്ടിൽ മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിച്ച യുവതിക്ക് കാഴ്ചശേഷി ഭാഗികമായി നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ഹൈദരാബാദിലാണ് സംഭവം നടന്നത്. ന്യൂറോളജിസ്റ്റായ ഡോ. സുധീർ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രിയിൽ സ്ഥിരമായി ഇരുട്ടുമുറിയിൽ സ്മാർട്ട്ഫോണിൽ നോക്കിയ 30 കാരിക്ക്  കാഴ്ച തകരാർ നേരിട്ടെന്നും  ഡോക്ടർ ട്വിറ്ററിൽ കുറിച്ചു.

മഞ്ജു എന്ന യുവതി തന്റെ അടുത്തേക്ക് വന്നത് ഇടക്കിടക്ക് കാഴ്ച മങ്ങുക,വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുക, കണ്ണിൽ ഇടക്ക് മിന്നുന്ന പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ്. വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോൾ സ്മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്.വിഎസ്) ആണെന്ന് കണ്ടെത്തി. ഏകദേശം ഒന്നര വർഷം മുമ്പാണ് ഇരുട്ടിൽ ഫോൺ നോക്കുന്ന ശീലം തുടങ്ങിയതെന്ന് യുവതി പറയുന്നു. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. കുട്ടിയെ നോക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് ഈ ലക്ഷങ്ങൾ ആരംഭിച്ചതെന്നും യുവതി പറയുന്നു. രാത്രിയിൽ 2 മണിക്കൂറോ അതിലധികമോ നേരം സ്മാർട്ട് ഫോണിൽ ഇരുട്ടത്ത് നോക്കുന്നശീലമാണ് ഇത്തരമൊരു അവസ്ഥയിലെത്തിച്ചതെന്നും ഡോ.സുധീർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

തുടർന്ന് യുവതിയെ പരിശോധിക്കുകയും മരുന്നുകൾ നിർദേശിക്കുകയും ചെയ്തു. ഒപ്പം ഫോണിൽ നോക്കുന്ന സമയം കുറക്കാനും ഡോക്ടർമാർ ആവശ്യപ്പെട്ടു. ഒരുമാസം മരുന്ന്കഴിച്ചതിന് ശേഷം യുവതി കാഴ്ച വീണ്ടെടുത്തു. എന്നാൽ കൃത്യസമയത്ത് ചികിത്സ തേടിയത് കൊണ്ടാണ് യുവതിയുടെ കാഴ്ച തിരിച്ചുകിട്ടിയതെന്നും സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം (എസ്വിഎസ്) അല്ലെങ്കിൽ 'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' (സിവിഎസ്) അല്ലെങ്കിൽ 'ഡിജിറ്റൽ വിഷൻ സിൻഡ്രോം' ചിലപ്പോൾ കാഴ്ച പൂർണമായും നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് എത്താമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമായാക്കേമെന്നും ഡോക്ടർ പറയുന്നു.

മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും കൊണ്ട് രോഗം ഭേദമാക്കാമെങ്കിലും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്നും ഡോക്ടർമാർ പറയുന്നു. മൊബൈൽ അനലിറ്റിക്സ് സ്ഥാപനമായ data.ai റിപ്പോർട്ട് അനുസരിച്ച് 2020-ൽ 4.5 മണിക്കൂറും 2019-ൽ 3.7 മണിക്കൂറും ആയിരുന്ന ഇന്ത്യയിലെ ശരാശരി സ്മാർട്ട്ഫോൺ ഉപഭോഗ ദൈർഘ്യം 2021-ൽ പ്രതിദിനം 4.7 മണിക്കൂറായി വർധിച്ചു. ഇവ മാനസികാവസ്ഥയെ മാത്രമല്ല, കാഴ്ച തകരാറിലാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. നിരന്തരം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ഓരോ 20 മുതൽ 30 മിനിറ്റിലും ഇടവേള എടുക്കുകയും കണ്ണിന് വിശ്രമം നൽകുകയും ചെയ്യണം.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News