ചെടികളെ കൊല്ലുന്ന ഫംഗസ് ആദ്യമായി മനുഷ്യനിലും; കൂൺ കർഷകനെ ബാധിച്ച അപൂർവ രോഗം
പൂപ്പലുകളെ കുറിച്ച് ദീർഘനാളായി ഗവേഷണം നടത്തുന്നയാൾക്കാണ് രോഗം പിടിപെട്ടത്.
സസ്യങ്ങളെ മാത്രം ബാധിക്കുന്ന മാരകമായ സിൽവർ ലീഫ് രോഗം ആദ്യമായി മനുഷ്യരിലും. ഇന്ത്യയിലെ ഒരു കർഷകനാണ് സിൽവർ ലീഫ് എന്ന അപൂർവ രോഗത്തിന് ഇരയായത്. കൊൽക്കത്ത സ്വദേശിയായ കൂൺ കൃഷി ചെയ്യുന്ന കർഷകൻ രോഗം ബാധിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ചികിത്സ തേടിയത്. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കടുത്തതോടെയാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്.
പിന്നാലെ, കാൻഡിഡ ഓറിസ് ഫംഗസിനെതിരെ യുഎസ് ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ രോഗം സമീപ വർഷങ്ങളിൽ മൂന്നിരട്ടിയായെന്നും അധികൃതർ പറയുന്നു. രോഗം ബാധിച്ചവരിൽ 60% പേരും മരിക്കാൻ സാധ്യത വളരെ കൂടുതലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കർഷകനെ ചികില്സിക്കുന്ന ഡോക്ടർമാർ ചികിത്സാ റിപ്പോർട്ട് ലോകാരോഗ്യ സംഘടനക്ക് കൈമാറിയിട്ടുണ്ട്. രോഗിയുടെ ആദ്യ സ്കാനിങ്ങിൽ ശ്വാസകോശത്തിൽ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയത്.
തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചതിന് ശേഷമാണ് അപൂർവ്വരോഗം കണ്ടെത്തിയത്. സസ്യങ്ങളെ ബാധിക്കുന്ന സിൽവർ ലീഗ് രോഗമാണിതെന്നായിരുന്നു കണ്ടെത്തൽ. ഇലകളെയാണ് ഇത് ആദ്യം ബാധിക്കുന്നത്. ചെടിയെക്കുറിച്ച് പഠിക്കുകയും പൂപ്പൽ, യീസ്റ്റ്, കൂൺ എന്നിവയെ കുറിച്ച് ദീർഘനാളായി ഗവേഷണം നടത്തിവരുന്ന കർഷകനാണ് രോഗം ബാധിച്ചതെന്ന് മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘനാളായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് കർഷകന് അപൂർവ രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ദ്രവിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾ, കൂൺ, വിവിധ സസ്യ കുമിൾ എന്നിവയുമായി ഇദ്ദേഹം ദീർഘനാളായി ഇടപഴകി വരികയാണ്. പ്രതിരോധശേഷി കുറഞ്ഞതിനാലാണ് രോഗം ബാധിച്ചതെന്നും സംശയമുണ്ട്.
ലക്ഷണങ്ങൾ:-
വിട്ടുമാറാത്ത ശ്വാസം മുട്ടൽ, ശബ്ദത്തിന്റെ പരുക്കൻ, ക്ഷീണം എന്നിവയെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും തൊണ്ടയിൽ പോറലും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലക്ഷണങ്ങളൊഴിച്ചാൽ കർഷകൻ പൂർണ ആരോഗ്യവാനായിരുന്നു. എക്സ്റേ ഫലങ്ങളിൽ അസാധാരണമായി ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും ഒരു സിടി സ്‌കാനിൽ ഇദ്ദേഹത്തിന്റെ കഴുത്തിൽ പാരാട്രാഷ്യൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൊണ്ടയിൽ കുരുക്കൾ ഉണ്ടാകുന്ന അവസ്ഥയാണിത്.
ഇത്തരം കുരുക്കൾ ശ്വാസനാളത്തെ ബാധിക്കുകയും പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അണുബാധകൾ ഉണ്ടാക്കുകയും ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു. പലപ്പോഴും, ആൻറി ഫംഗൽ മരുന്നുകളും ശസ്ത്രക്രിയയും ഉപയോഗിച്ചാണ് ഇത് കൈകാര്യം ചെയ്യുക.
നിലവിൽ ഇദ്ദേഹത്തിന്റെ പരിശോധനാ സാമ്പിളുകൾ വിശദമായി പരിശോധിച്ച് വരികയാണ്. ഇത്തരമൊരു പ്രത്യേക തരം ഫംഗസ് മനുഷ്യനെ ബാധിക്കുമെന്നതിന് മുമ്പ് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. ലോകത്ത് ഇന്ന് ദശലക്ഷക്കണക്കിന് ഫംഗസുകൾ ഉണ്ട്, എന്നാൽ അവയിൽ വളരെ കുറച്ച് മാത്രമേ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുകയുള്ളൂ. രോഗം ബാധിച്ച കർഷകനെ രണ്ടുവർഷം നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തനാക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹത്തിന്റെ തൊണ്ടയിലെ പഴുപ്പ് നിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.