ഇന്ത്യക്കാർ ഒരു വർഷം കഴിക്കുന്നത് 500 കോടിയിലധികം ആന്റിബയോട്ടിക്കുകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക് ഉപയോഗം ആശങ്കയുയർത്തുന്നതാണെന്ന് പഠനം പറയുന്നു
ഒരു പനിവരുമ്പോഴോ ശാരീരിക വേദനകൾ അനുഭവപ്പെടുമ്പോഴോ പെട്ടന്ന് നാം കഴിക്കുന്ന മരുന്നാണ് ഡോളോ പോലുള്ള ആന്റിബയോട്ടിക്കുകള്‍. കോവിഡ് സമയത്ത് പോലും ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്ന മരുന്നാണ് ഡോളോ-680. എന്നാൽ ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക് ഉപയോഗം ആശങ്കയുയർത്തുന്നതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
പ്രധാനമായും 2019ലെ കണക്കുകള്‍ പ്രകാരം നടത്തിയ പഠനത്തില്‍ 500കോടി ആന്റിബയോട്ടിക്കുകൾ ഇന്ത്യക്കാര്‍ കഴിച്ചതായാണ് ഗവേഷകരുടെ കണ്ടെത്തൽ. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ കഴിക്കുന്ന ആന്റിബയോട്ടിക് എന്നും പഠനം പറയുന്നു.
ആന്റിബയോട്ടിക്കുകളുടെ വിൽപനയും ഉപയോഗവും നിരീക്ഷിക്കുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ആവശ്യകതയാണ് പഠനത്തിൽ പറയുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. യുഎസിലും യൂറോപ്പിലുമെല്ലാം ആന്റിബോയട്ടിക് ഉപയോഗം നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതിനായി ഔദ്യോഗിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പറയുന്നത് പ്രകാരം മനുഷ്യരിലും മൃഗങ്ങളിലും ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകൾക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ് ആന്റിബയോട്ടിക്കുകൾ എന്നാണ്. അണുബാധ ഇല്ലാതാക്കാനോ അല്ലെങ്കിൽ ബാക്ടീരിയയെ നശിപ്പിച്ച് അവയുടെ വളർച്ച ഇല്ലാതാക്കാനോ ആണ് ആന്റിബയോട്ടികൾ ഉപയോഗിക്കുന്നത്.