വേനൽക്കാലത്ത് കാപ്പി കുടിക്കുന്നത് ദോഷമാണോ? അറിയാം...
അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് കാപ്പിയുടെ കാര്യത്തിലും നൂറ് ശതമാനം ശരിയാണ്
കാപ്പി കുടിക്കുന്നത് ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഒരു കപ്പ് കാപ്പിയെങ്കിലും കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം മുഴുവൻ സുഖമില്ലായ്മ അനുഭവപ്പെടുന്നവരും ഏറെയാണ്. എന്നാൽ കാപ്പി കുടിക്കുന്നതിനെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ പല പഠനങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ചില പഠനങ്ങൾ കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പറയുമ്പോൾ മറ്റ് ചില ഗവേഷകർ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് കണ്ടെത്തും. ഇത് പലപ്പോഴും കാപ്പി പ്രേമികളിൽ കൺഫ്യൂഷനും ഉണ്ടാക്കാറുണ്ട്. എന്നാല്‍ കടുത്ത വേനലാണ് ഇപ്പോൾ.
വേനൽകാലത്ത് എന്ത് കുടിക്കാം എന്ത് കുടിക്കരുത് എന്നത് ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയും അനുസരിച്ചിരിക്കും. മോര് വേനൽകാലത്ത് കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ്. എന്നാൽ സന്ധിവാതം പോലെയുള്ള അസുഖങ്ങളുള്ളവർക്ക് ഇത് കുടിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതുപോലെതന്നെയാണ് കാപ്പിയും.. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഡൈയൂററ്റിക് സ്വഭാവമാണ്. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ശരീരത്തിൽ കൂടുതൽ ജലാംശം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. അതേസമയം, മിതമായ അളവിൽ കഴിച്ചാൽ, അത് നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റായ രൂപാലി ദത്ത പറയുന്നു.
കാപ്പി അമിതമായി കുടിച്ചാലുള്ള ദോഷങ്ങൾ...
ആരോഗ്യമുള്ള ഒരു മുതിർന്നയാൾ പ്രതിദിനം 400 മില്ലിഗ്രാമിൽ കൂടുതൽ കാപ്പി കഴിക്കരുതെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) പറയുന്നത്. അതായത് ഏകദേശം നാലോ അഞ്ചോ കപ്പിലധികം കാപ്പി ഒരാൾ കുടിക്കരുത്. അതേസമയം,ഒരാളുടെ ആരോഗ്യസ്ഥിതിയും മറ്റ് അനുസരിച്ച് ഇതിന്റെ അളവിലും വ്യത്യാസം വരും. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് കാപ്പിയുടെ കാര്യത്തിലും നൂറ് ശതമാനം ശരിയാണ്.. കാപ്പി അധികമാകുന്നതിന്റെ ചില പ്രധാന പാർശ്വഫലങ്ങൾ ഇതാ...
നിർജ്ജലീകരണം
കാപ്പി ഒരു ഡൈയൂററ്റിക് പാനീയമാണ്, അതായത്, അധിക അളവിൽ കാപ്പി കുടിച്ചാൽ അത് മൂത്രമൊഴിക്കുന്നതിലൂടെയും വിയർപ്പിലൂടെയും അധിക ജലം നഷ്ടപ്പെടാൻ ഇടയാക്കും. ഈ ഘടകങ്ങൾ വേനൽക്കാലത്ത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.
അസ്വസ്ഥത
കാപ്പിയുടെ അമിത ഉപഭോഗം ഉത്കണ്ഠ, അസ്വസ്ഥത എന്നിവക്ക് കാരണമാകും.
ദഹന പ്രശ്‌നങ്ങൾ
കാപ്പി അമിതമായി കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. ഇത് ദഹനക്കേട്, അസിഡിറ്റി, വയർ വീർപ്പ്, കുടലുമായി ബന്ധപ്പെട്ട മറ്റു പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.
ഉറക്കക്കുറവ്
കാപ്പി അമിതമായി കഴിച്ചാൽ ഉറക്കക്കുറവ് അനുഭവപ്പെടും. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഉറക്കം വരുമ്പോൾ നമ്മൾ കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നത്.