ഒന്നിലും ഒരു ശ്രദ്ധയില്ല.. കരയാൻ തോന്നുന്നു; സമ്മർദ്ദമേറിയാൽ ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

നോ പറയാൻ പഠിക്കണം, ഇത് ഒരു പരിധി വരെ സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും

Update: 2022-12-26 16:44 GMT
Editor : banuisahak | By : Web Desk
Advertising

ദൈനംദിന ജീവിതത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ സമ്മർദ്ദം അല്ലെങ്കിൽ സ്‌ട്രെസ് അനുഭവിക്കുന്നത് സാധാരണയാണ്. ജോലിസ്ഥലത്തോ വീട്ടിലോ നേരിടേണ്ടി വരുന്ന അനുഭവങ്ങൾ പലപ്പോഴും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിന് കാരണമായേക്കാം. നിയന്ത്രിച്ചില്ലെങ്കിൽ സമ്മർദ്ദം ചില ഗുരുതരമായ വൈകാരികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.സ്ട്രെസ് ലെവലുകൾ കുറയ്ക്കുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടിയും വന്നേക്കും. 

ജീവിത സാഹചര്യങ്ങളിൽ ചില മാറ്റങ്ങൾ സംഭവിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന ഒരു സാധാരണ പ്രതികരണമാണ് സമ്മർദ്ദം. ആത്മനിയന്ത്രണത്തിന് ഉത്തരവാദികളായ തലച്ചോറിന്റെ ചാരനിറത്തിലുള്ള ദ്രവ്യത്തിന്റെ അളവ് സമ്മർദ്ദം കുറയ്ക്കുമെന്ന് യേൽ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമ്മർദ്ദം നിയന്ത്രിക്കാത്തത് ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഭാവിയിൽ വീണ്ടും സമ്മർദ്ദമുണ്ടായാൽ അത് കൈകാര്യം ചെയ്യാൻ നിങ്ങൾ ബുദ്ധിമുട്ടിയേക്കും. സാഹചര്യം നിയന്ത്രിക്കാനുള്ള നിങ്ങളുടെ തലച്ചോറിന്റെ കഴിവിനെ കുറയ്ക്കും എന്നതിനാലാണത്. 

 അതിനാൽ, സമ്മർദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഏഷ്യൻ ഹോസ്പിറ്റലിലെ സൈക്യാട്രി അസോസിയേറ്റ് ഡയറക്ടർ ഡോ.മിനാക്ഷി മഞ്ചന്ദ പറയുന്നതനുസരിച്ച്, സമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഉയർന്ന മുൻ‌ഗണനയുണ്ട്. അപ്രതീക്ഷിത സമ്മർദ്ദമുണ്ടായാൽ ശാരീരികമായും മാനസികമായും ദോഷമുണ്ടാക്കുന്നതിൽ നിന്ന് തടയാൻ ഇതുമൂലം സാധിക്കും. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും പോലും സമ്മർദ്ദം ബാധിക്കും. നേരിടാൻ കഴിയുമെങ്കിലും, സ്‌ട്രെസ് ഒരു പരിധിക്കപ്പുറം പോയാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. 

തലച്ചോറിലെ ഹൈപ്പോതലാമസ് ഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് പ്രശ്നങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നത്. സമ്മർദ്ദം ഉണ്ടാകുമ്പോൾ, പിറ്റ്യൂട്ടറി ഗ്രന്ഥി കോർട്ടിസോൾ പോലുള്ള രാസവസ്തുക്കൾ പുറത്തുവിടും. ഇതുമൂലം രണ്ടുതരത്തിലുള്ള പ്രതികരണങ്ങളാണ് തലച്ചോറിൽ ഉണ്ടാകുന്നത്. ആവശ്യത്തിന് കോർട്ടിസോൾ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ മാത്രമേ നമുക്ക് ആ പ്രശ്‌നത്തെ നേരിടാൻ സാധിക്കൂ. ഇതൊരു യുദ്ധം പോലെയാണെന്ന് ഡോ.മിനാക്ഷി മഞ്ചന്ദ പറയുന്നു. 

സമ്മർദ്ദം ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

  • ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന
  • പേശി പിരിമുറുക്കം
  • ശരീര വേദന
  • വീട്ടുമാറാത്ത ക്ഷീണം
  • വയറ്റിലെ പ്രശ്നങ്ങൾ 
  • അമിതമായ വണ്ണം 
  • അസിഡിറ്റി
  • അമിതമായ ഉറക്കം അല്ലെങ്കിൽ തീരെ ഉറക്കം കിട്ടാതിരിക്കുക
  • ഉത്കണ്ഠയും അസ്വസ്ഥതയും
  • ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല
  • കരച്ചിലും ക്ഷോഭവും
  • ദേഷ്യവും നെഗറ്റീവ് ചിന്തകളും

 നിയന്ത്രിക്കാൻ വഴിയുണ്ട് 

പുതിയ പെരുമാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ  മാറ്റാനും പുനർനിർമ്മിക്കാനും തലച്ചോറിന് കഴിവുണ്ട് എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. ആരോഗ്യകരമായി സമ്മർദ്ദം കൈകാര്യം ചെയ്യാൻ ശീലിക്കുന്നത് ഭാവിയിലേക്ക് കൂടിയുള്ള കരുതലാണ്. സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാനും സമീപഭാവിയിൽ ലക്ഷണങ്ങൾ കുറയ്ക്കാനും നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചില കാര്യങ്ങൾ നോക്കിയാലോ:-

ശ്വസന വ്യായാമങ്ങൾ: സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരത്തെയും പേശികളെയും ശാന്തമാക്കാൻ ചില ശ്വസന വ്യായാമങ്ങൾ ചെയ്യുക. മസാജ്, മെഡിറ്റേഷൻ, യോഗ, മ്യൂസിക് തെറാപ്പി, അരോമാതെറാപ്പി തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകളും പരിശീലിക്കാവുന്നതാണ്.

നോ പറയാൻ പഠിക്കൂ: ജോലിസ്ഥലങ്ങളിലാണ് കൂടുതലാളുകളും സ്‌ട്രെസ് അനുഭവിക്കുന്നത്. ചെയ്യാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ ജോലി ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഇല്ല എന്ന് പറയാൻ പഠിക്കണം. ഇത് ഒരു പരിധി വരെ സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. 

സാമൂഹിക ഇടപെടൽ വർദ്ധിപ്പിക്കുക: സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ആളുകളുമായി കൂടുതൽ ഇടപഴകാൻ ഡോ.മിനാക്ഷി മഞ്ചന്ദ പറയുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായോ അടുപ്പമുള്ളവരുമായോ നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ചോ സംസാരിക്കുക. 

ഹോബികൾ: എല്ലാവർക്കും സന്തോഷം നൽകുന്ന ഏതെങ്കിലും ഒരു കാര്യമെങ്കിലും ഉണ്ടാകും. ചെറിയ ഹോബികളുണ്ടെങ്കിൽ അവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് തലച്ചോറിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും. 

സമീകൃതാഹാരവും ഉറക്കവും: ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആഹാരവും നല്ല ഉറക്കവും അത്രമേൽ പ്രധാനമാണ്. സമീകൃതാഹാരം ശീലമാക്കുക. കൃത്യമായ പോഷണം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ വരെയെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News