എന്താണ് കരിമ്പനി? എങ്ങനെ പ്രതിരോധിക്കാം

Update: 2021-09-08 15:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനി സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‍. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകർച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് (Leishmaniasis) എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത് (Visceral Leishmaniasis)

കരിമ്പനി എങ്ങനെ പടരുന്നു?

കൊതുകുകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ (sand fly) എന്ന പ്രാണിയാണ് കരിമ്പനി പരത്തുന്നത്. പൊടിമണ്ണിൽ മുട്ടയിട്ട് വിരിയിക്കുന്ന ഒരു തരം പ്രാണിയാണ് ഈ മണലീച്ചകൾ. അതുകൊണ്ടു തന്നെ, പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ധാരാളമായി കാണാം. പകൽ സമയത്ത് പൊതുവെ അക്രമകാരികളല്ലെങ്കിലും മരക്കൊമ്പുകളിൽ ചെന്നെല്ലാം അവരെ ഉപദ്രവിക്കുകയാണെങ്കിൽ കടിക്കുവാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം പലയിടങ്ങളിലും കാണുന്നുണ്ട്. എന്നാൽ രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണ്. രോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്കു പകരാം. അണുവിമുക്തമാക്കാത്ത സൂചികൾ വഴിയും ഇഞ്ചക്ഷൻ സൂചികൾ പങ്കുവയ്ക്കുന്നതിലൂടെയും കരിമ്പനി പകരാം.

കരിമ്പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെ?

ശരീരത്തിലെ തൊലി കറുക്കുന്ന ലക്ഷണമുള്ളതിനാൽ തന്നെ കാലാ (കറുപ്പ്), ആസാർ (രോഗം)എന്നീ വാക്കുകളാൽ "കാലാ ആസാർ" (Kala Azar) എന്നും ഈ അസുഖത്തെ വിളിക്കുന്നു. അത് കൊണ്ടാണ് മലയാളത്തിൽ കരിമ്പനി എന്ന് വിളിക്കുന്നത്. മണലീച്ചകളുടെ കടിയേറ്റത്തിനു ശേഷം 10 മുതൽ മാസങ്ങൾക്കു അകം തൊലിയിൽ വ്രണങ്ങൾ കാണുന്നതാണ് ആദ്യലക്ഷണം. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

ആന്തരികാവയവങ്ങളായ പ്ലീഹ, കരൾ, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണവുമാകും. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് കരിമ്പനി . രോഗം കാരണം രൂപപ്പെട്ട വ്രണങ്ങൾ ചികിത്സയ്ക്കു ശേഷവും നിലനിൽക്കാനും ചർമത്തിൽ വൈരൂപ്യം ഉണ്ടാകാനും സാധ്യതയുണ്ട്.

എങ്ങനെ കരിമ്പനിയെ പ്രതിരോധിക്കാം?

  • മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധമാർഗം.
  • സൂര്യൻ ഉദിക്കുന്ന ആദ്യ ഒരു മണിക്കൂറും അവസാന ഒരു മണിക്കൂറിലുമാണ് സാൻഡ് ഫ്ലൈ കൂടുതൽ കടിക്കാറുള്ളത്.
  • വീടുകളിൽ ഇവയ്ക്കെതിരെയുള്ള കീടനാശിനി തളിക്കുകയോ കീടനാശിനിയിൽ മുക്കിയ കിടക്കവലകൾ ഉപയോഗിക്കുകയോ ചെയ്യാം.
  • പൊക്കമുള്ള സ്ഥലങ്ങളിൽ കിടന്നാൽ സാൻഡ് ഫ്ലൈ കടിക്കില്ല. ഉയർന്നു പറക്കാൻ ഇതിനു പ്രയാസമാണ്. ഫാൻ ഇടുന്നതും നല്ലതാണ്. സാൻഡ് ഫ്ലൈക്ക് പറക്കാൻ കഴിയില്ല.
  • കൊതുകിനെക്കാൾ ചെറുതായത് കൊണ്ട് കൊതുക് വലയിലൂടെ സാൻഡ് ഫ്ലൈ കയറാം. അത് കൊണ്ട് തന്നെ ഈ രോഗം ഉള്ള സ്ഥലങ്ങളിൽ കൊതുക് വലയിൽ കീടനാശിനി സ്പ്രേ ചെയ്യണം (insecticide with pyrethroid).
  • രോഗബാധിത പ്രദേശത്ത് വീടിനു പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന വിധത്തിൽ വസ്ത്രങ്ങൾ ധരിക്കുവാനും വസ്ത്രത്തിന്റെ തുറന്നു കിടക്കുന്ന ഭാഗങ്ങളിൽ (ഉദാ : കൈ, കാൽ) DEET അടങ്ങുന്ന റിപ്പലന്‍റസ് ഉപയോഗിക്കുവാനും ശ്രദ്ധിക്കാം.
  • രോഗബാധിത പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും അവിടെ സന്ദർശിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്. 

കടപ്പാട്: ഡോ.ഡാനിഷ് സലിം

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News