രാജവെമ്പാലയുടെ കടിയേറ്റാൽ മരുന്നില്ല; എന്താണ് സത്യാവസ്ഥ
പൊതുവെ വനാന്തരങ്ങളിലും അണക്കെട്ടുകളുടെ പരിസരങ്ങളിലും മറ്റുമാണു രാജവെമ്പാലയെ കാണാറുള്ളത്
രാജവെമ്പാലയുടെ കടിയേറ്റാൽ മരുന്നില്ല, കാരണം ആന്റിവെനം ആശുപത്രികളിൽ ഇല്ല എന്ന മെസ്സേജ് വളരെയധികം പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ മനസിലാക്കുക..ഇതിന്‍റെ വിഷം മനുഷ്യന്‍റെ ശ്വസനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതാണു മരണകാരണം. വെന്‍റിലേറ്റർ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ഉടനടി എത്തിച്ചാലേ രക്ഷയുള്ളൂ. 400-600 mg വിഷമാണ് ഒരു സമയത്ത് രാജവെമ്പാല കടിക്കുമ്പോൾ ശരീരത്തിൽ എത്തുന്നത്.
പൊതുവെ വനാന്തരങ്ങളിലും അണക്കെട്ടുകളുടെ പരിസരങ്ങളിലും മറ്റുമാണു രാജവെമ്പാലയെ കാണാറുള്ളത്. വനയാത്ര ചെയ്യുന്നവർക്കോ പാമ്പ് പിടിത്തക്കാർക്കോ ആണു കടിയേൽക്കാൻ സാധ്യത. പൊതുവേ ശാന്തപ്രകൃതമാണ്. മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞു പോവുകയാണു പതിവ്. പ്രകോപിപ്പിച്ചാൽ മാത്രമേ ആക്രമിക്കുകയുള്ളൂ.
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല.. അതുപോലെ ഒരു കടിയിൽ ഏറ്റവും കൂടുതൽ അളവ് വിഷം കുത്തിവെക്കാൻ കഴിവുള്ള പാമ്പാണ് രാജവെമ്പാല (King Cobra). അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്. ഒരൊറ്റ കടിക്ക് ഒരാനയെ വരെ കൊല്ലാൻ ശേഷിയുള്ള പാമ്പാണ് രാജവെമ്പാല. അതേസമയം രാജവെമ്പാല കടിച്ചുള്ള മരണം അത്യപൂർവ്വവുമാണ്. ഒന്നര വർഷം മുമ്പ് കർണാടകയിൽ ഒരു പാമ്പുപിടിത്തക്കാരൻ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചതാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ആദ്യ സംഭവം.പാമ്പ് കടിച്ചാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയാണ് വേണ്ടത്. പാമ്പു കടിച്ചാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും വ്യക്തമായി അറിഞ്ഞിരിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂർഖൻ (Spectacled Cobra), വെള്ളിക്കെട്ടൻ (Common Krait), ചുരുട്ടമണ്ഡലി (Saw-sclaed Viper), അണലി (Russell's Viper) എന്നീ പാമ്പുകളുടെ കടിയേറ്റ് ആണ്.
പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്‍റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്‍റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്‍റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്‍റെ അളവ് എന്നവയ്‌ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം. ഇതൊക്കെയാണെങ്കിലും ഒരിക്കലും പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം.
1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.
2. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്‍റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) അരിക് കീറികടിയേറ്റ ഭാഗത്തിന് മുകളിൽ ചെറുതായി കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം മുറുക്കെ കെട്ടരുത്.
3.കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത്
4.രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക.
5.എത്രയും വേഗം ASV (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
ഏതൊക്കെ വിഷപ്പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?
രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.
അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.
നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.
രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.
പച്ചില മരുന്ന് കൊടുത്തു ചികിത്സിച്ചു കൂടെ?
കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്‍റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.
അപ്പോൾ എന്താണ് മറുമരുന്ന് ?
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.
കടപ്പാട്: ഡോ.ഡാനിഷ് സലിം