രുചി മാത്രമല്ല ഇന്ത്യൻ പ്രഭാതഭക്ഷണങ്ങളുടെ പ്രത്യേകത: അറിയാം ഈ ഗുണങ്ങളും...
ഇഡ്ഡലി-സാമ്പാർ, ദോശ-ചട്‌നി, ഉപ്പുമാവ് എന്നിങ്ങനെ നീളുകയാണ് നമ്മുടെ പ്രഭാത ഭക്ഷണത്തിന്റെ മെന്യൂ
ഇന്ത്യക്കാരുടെ തീൻമേശകൾ കണ്ടാൽ ഒറ്റനോട്ടത്തിൽ മനസ്സിലാവുമെന്നാണ് പാശ്ചാത്യരാജ്യങ്ങളിലൊക്കെ പൊതുവേയുള്ള അഭിപ്രായം. പ്രഭാതഭക്ഷണങ്ങളിലാണെങ്കിൽ ഇഡ്ഡലി-സാമ്പാർ, ദോശ-ചട്‌നി, ഉപ്പുമാവ് എന്നിങ്ങനെ പല നിറങ്ങളിൽ പല രുചികളിൽ നീളുകയാണ് നമ്മുടെ പ്രഭാത ഭക്ഷണത്തിന്റെ മെന്യൂ.
ധാരാളം നിറങ്ങളടങ്ങിയ, മണവും രുചിയും ഒരുപോലെ മികച്ചതായ നമ്മുടെ പ്രഭാതഭക്ഷണങ്ങൾ ശരിക്കും എത്രത്തോളം ആരോഗ്യപ്രദമാണ് എന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അവ ഓരോന്നിന്റെയും ഗുണങ്ങളും അവ ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. ഒപ്പം ആരോഗ്യപ്രദമായ ചില ബ്രേക്ക്ഫാസ്റ്റ് ഐഡിയകളും പരിചയപ്പെടാം...
ഇഡ്ഡലി
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇഡ്ഡലിയുണ്ടാക്കാത്ത വീടുകൾ ചുരുക്കമാവും. അരിയും ഉഴുന്നും അരച്ചുള്ള ഇഡ്ഡലിയാണ് സാധാരണ നമ്മുടെ വീടുകളിലൊക്കെ കാണാറ്. മാവ് പുളിപ്പിക്കുന്നത് കൊണ്ടുതന്നെ പ്രോട്ടീൻ ധാരാളമായി ഇഡ്ഡലിയിലുണ്ട്. വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ഒന്നാണ് റാഗി ഇഡ്ഡലി. റാഗിയോ സെമൊലീനയോ ഉപയോഗിച്ചുള്ള ഇഡ്ഡലി പ്രഭാതങ്ങൾ ഹെൽത്തിയാക്കും എന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്.
വെജിറ്റബിൾ സാൻഡ്‌വിച്ച്
പച്ചക്കറികളും പനീറും നിറച്ച സാൻഡ് വിച്ചുകൾ ദിവസം തുടങ്ങാൻ ഏറ്റവും മികച്ച ഒന്നാണ്. പച്ചക്കറികൾ ഏറെ അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ഇതിന് ധാരാളം ഗുണങ്ങളുണ്ട്. ഫൈബറുകളും ധാരാളമായി വെജിറ്റബിൾ സാൻഡ്‌വിച്ചിലൂടെ ഉള്ളിലെത്തും.
ഓട്ട്മീൽ
മുതിർന്നവർക്ക് കഴിക്കാൻ പറ്റിയ ഒരു പ്രഭാതഭക്ഷണമാണ് ഓട്ട്മീൽ. ഓട്‌സിൽ അയൺ,മാംഗനീസ്,മഗ്നീഷ്യം എന്നിവയടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെത്തിക്കുകയും ചെയ്യുന്നു.
പോഹ
തമിഴ്‌നാട്,കർണാടക,ആന്ധ്ര എന്നിവിടങ്ങളിലൊക്കെ പൊതുവേ കാണപ്പെടുന്ന പ്രഭാതഭക്ഷണമാണ് പോഹ. പോഹയിൽ കാർബോഹൈഡ്രേറ്റുകളും,അയണും ഫൈബറുമെല്ലാം ധാരാളമടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം കുറച്ച് പച്ചക്കറികളും ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും.