മസ്തിഷ്കാഘാതത്തിനു കാരണമായേക്കാവുന്ന ജീവിതശൈലികള്‍

40 വയസിന് താഴെയുള്ളവരിൽ 10-15 ശതമാനത്തിലധികം ആളുകൾക്ക് ബ്രെയിൻ സ്ട്രോക്ക് വരുന്നുണ്ടെന്ന് ഇന്ത്യയിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

Update: 2022-10-29 02:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

വ്യത്യസ്തമായ ജീവിതശൈലി മൂലം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 45 വയസില്‍ താഴെയുള്ളവര്‍ക്ക് മസ്തിഷ്കാഘാതം ഉണ്ടാകുന്നുണ്ട്. 40 വയസിന് താഴെയുള്ളവരിൽ 10-15 ശതമാനത്തിലധികം ആളുകൾക്ക് ബ്രെയിൻ സ്ട്രോക്ക് വരുന്നുണ്ടെന്ന് ഇന്ത്യയിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

"കൂടുതൽ ചെറുപ്പക്കാര്‍ക്കം അവരുടെ ജീവിതശൈലി കാരണം സ്ട്രോക്ക് ബാധിക്കുന്നുണ്ട്. ഇതിൽ അനാരോഗ്യകരമായ ഭക്ഷണരീതികളും അവരുടെ പ്രൊഫഷണൽ, കുടുംബജീവിതത്തിൽ വർധിച്ചുവരുന്ന സമ്മർദ്ദവും ഉൾപ്പെടുന്നു. ഇതവരെ പക്ഷാഘാതത്തിന് ഇരയാക്കുന്നു.'' ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലെ ന്യൂറോളജി ഡയറക്ടറും എച്ച്.ഒ.ഡിയുമായ ഡോ ജയ്ദീപ് ബൻസാൽ പറയുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുകയും തന്മൂലം, ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്ന ജീവിതശൈലികള്‍

മദ്യപാനം,പുകവലി : "ഒരു വ്യക്തി വളരെക്കാലമായി മദ്യം കഴിക്കുകയാണെങ്കിൽ, ധമനികളിൽ മാറ്റങ്ങൾ ഉണ്ടാകും. അവർക്ക് ഹൃദയാഘാതത്തിനും സ്ട്രോക്കിനു സാധ്യതയുണ്ട്." ഡോ.ബന്‍സാല്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യം പൂര്‍ണമായും ഒഴിവാക്കുന്നതും കുറയ്ക്കുന്നതും മസ്തിഷ്കാഘാതത്തിനുള്ള സാധ്യത കുറയ്ക്കും. അതുപോലെ പുകവലിയും സ്ട്രോക്കിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.

ഉറക്കം: ''നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേല്‍ക്കുക' ഇതൊരു നല്ല ശീലമാണ്. ഇത് ദൈനംദിന ദിനചര്യയുടെ അടിസ്ഥാനത്തിൽ ശരീരത്തെ നിയന്ത്രിക്കുന്നു. ഒരു നിശ്ചിത സമയത്ത് ഉണരുക, കൃത്യമായ സമയത്ത് ഉറങ്ങുക. നിങ്ങൾ രാവിലെ 5 ന് അല്ലെങ്കിൽ ചിലപ്പോൾ 7 മണിക്ക് എഴുന്നേൽക്കുകയാണെങ്കിൽ, നിങ്ങളുടെ മസ്തിഷ്കം ആശയക്കുഴപ്പത്തിലാകും."ബന്‍സാല്‍ പറയുന്നു. ഉറക്കത്തിൽ നിരവധി ഹോർമോണുകൾ പുറത്തുവരുന്നു, ഇത് ഒരു വ്യക്തിക്ക് ക്രമരഹിതമായ ഉറക്കമുള്ളപ്പോൾ തടസപ്പെടുന്നു.

ഭക്ഷണശീലങ്ങള്‍: ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം സ്വീകരിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഭക്ഷണത്തിനായി ഒരു കൃത്യസമയം നിശ്ചയിച്ചില്ലെങ്കില്‍ തലച്ചോറ് അസ്വസ്ഥമാകും. ശരീരത്തിന് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടതെന്നും എപ്പോൾ വേണമെന്നും തലച്ചോറിന് അറിയേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളവും എല്ലാ ദിവസവും ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.

ടെന്‍ഷന്‍: സമ്മര്‍ദ്ദം ഒഴിവാക്കുന്നത് ഒരു വ്യക്തിയുടെ ജീവിതശൈലിയെ വളരെയധികം മെച്ചപ്പെടുത്തും.''കടുത്ത സമ്മര്‍ദ്ദമാണ് പല യുവാക്കളിലും മസ്തിഷ്കാഘാത സാധ്യത കൂട്ടുന്നത്'' ഡോ.ബന്‍സാല്‍ പറഞ്ഞു.

വ്യായാമം: ദിവസത്തില്‍ 30-45 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കുക. കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്, ലഘുവായ വ്യായാമങ്ങളിൽ നിന്ന് ആരംഭിക്കുക. "ഉദാസീനമായ ജീവിതം സ്ട്രോക്കിനുള്ള അപകട ഘടകമാണ്, പൊണ്ണത്തടി മാത്രമല്ല," ഡോക്ടര്‍ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News