സോഡിയം കുറയുന്നത് നിസാരമല്ല; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സാധാരണ അളവിനേക്കാൾ ഗണ്യമായ കുറവുണ്ടെങ്കിൽ അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങൾ, അഗാധമായ അബോധാവസ്ഥ തുടങ്ങിയവയിലേക്ക് നയിക്കും
വയോജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് സോഡിയം കുറയുന്നത്. രക്തസമ്മർദ്ദം നിലനിർത്തുന്നതിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മൂലകമാണ് സോഡിയം.125 മുതൽ 135 വരെയാണ് രക്തത്തിലെ സോഡിയത്തിന്റെ ശരാശരി അളവ്. ഇതിൽ കുറവ് വന്നാൽ ശാരീരികമായ പ്രശ്നങ്ങളിലൂടെ രോഗസാധ്യത പ്രകടമാക്കുന്നു.
ക്ഷീണം,തളർച്ച, തലവേദന, ഛർദി എന്നിവയാണ് സോഡിയം കുറയുന്നതിന്റെ പ്രാഥമിക ലക്ഷണം. സാധാരണ അളവിനേക്കാൾ ഗണ്യമായ കുറവുണ്ടെങ്കിൽ അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങൾ, അഗാധമായ അബോധാവസ്ഥ തുടങ്ങിയവയിലേക്ക് നയിക്കും.
ഛർദ്ദിയും വയറിളക്കവുമുള്ള സാഹചര്യങ്ങളിൽ ജലാംശത്തോടൊപ്പം ലവണാംശവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് തയാറാക്കുന്ന മിശ്രിതം ഓരോ തവണ ഛർദ്ദിയോ വയറിളക്കമോ ഉണ്ടാകുമ്പോൾ നൽകണം. കൂടാതെ കഞ്ഞി വെള്ളത്തിലോ കരിക്കിൻ വെള്ളത്തിലോ ഉപ്പിട്ടു നൽകുന്നത് സോഡിയം നഷ്ടമാകുന്നത് തടയാൻ സഹായിക്കും.
വീട്ടിലെ വയോജനങ്ങളിൽ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം അവരുടെ പെരുമാറ്റത്തിലോ സംസാരത്തിലോ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നാണ്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതും സോഡിയം കുറവിന്റെ ലക്ഷണങ്ങളിലൊന്നാണ്.