ക്രിസ്റ്റ്യാനോ വന്നതിനു ശേഷം മധുരം കഴിക്കുന്നത് നിർത്തിയെന്ന് മാഞ്ചസ്റ്റർ താരങ്ങൾ; കാരണം...

"ഞാൻ പറയട്ടെ, ഒരു കളിക്കാരൻ പോലും ആപ്പിൾ ക്രംബിളും കസ്റ്റാർഡും തൊട്ടതേയില്ല. ബ്രൗണി എടുക്കാനും ആരും പോയില്ല..."

Update: 2021-12-30 08:10 GMT
Editor : André | By : Web Desk
Advertising

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തിയതിനു ശേഷം കളിക്കാരുടെ തീൻമേശയിലുണ്ടായ മാറ്റം വെളിപ്പെടുത്തി സഹതാരങ്ങളായ എറിക് ബെയ്‌ലിയും ലീ ഗ്രാന്റും. 36-ാം വയസ്സിലും മികച്ച ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന ക്രിസ്റ്റ്യാനോയെ മാതൃകയാക്കി ഭക്ഷണശേഷമുള്ള ഡെസർട്ട് (മധുരപലഹാരം) സഹതാരങ്ങൾ ഒഴിവാക്കിയെന്നും, സൂപ്പർ താരത്തിന്റെ പ്ലേറ്റിൽ നോക്കിയാണ് മറ്റുള്ളവർ ഭക്ഷണം തെരഞ്ഞെടുക്കുന്നതെന്നും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സെന്റർ ബാക്കായ എറിക് ബെയ്‌ലി പറഞ്ഞു.

യുവന്റസിൽ നിന്ന് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ പരിശീലന സെഷനിലാണ് സഹതാരങ്ങൾ പോർച്ചുഗീസ് താരത്തിന്റെ ഭക്ഷണരീതി പകർത്താൻ ശ്രമിച്ചത്. കാരിങ്ടൺ ബേസിലെ വാരാന്ത്യ പരിശീലനത്തിനു ശേഷം കളിക്കാരെല്ലാം ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണ ശേഷം ക്രിസ്റ്റ്യാനോ പുഡ്ഡിങ് കഴിക്കുന്നില്ലെന്ന് കണ്ടതോടെയാണ് സഹതാരങ്ങളും ആ വഴി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

'ഞങ്ങൾ ഡെസ്സർട്ട് കഴിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഉപേക്ഷിക്കുന്നതാണ് നല്ലതെന്നതിനാൽ ഇപ്പോൾ ആരുമത് കഴിക്കുന്നില്ല. ചില സമയത്ത് നമ്മൾ മാറേണ്ടി വരും.' - ബെയ്‌ലി പറയുന്നു: 'കുറേ കാലമായി ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച താരമാണ്. എന്തുകൊണ്ടാണത്? ആ ശരീരം... ശരീരത്തെ നമ്മൾ പരിചരിച്ചേ തീരൂ...'

സെപ്തംബറിലെ ഡിന്നർ സമയത്ത് നടന്ന സംഭവം യുനൈറ്റഡ് ഗോൾകീപ്പർ ലീ ഗ്രാന്റും ഓർത്തെടുക്കുന്നു:

'അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു. ഞങ്ങളെല്ലാവരും ഹോട്ടലിലായിരുന്നു. വെള്ളിയാഴ്ച രാത്രികളിൽ ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കാറുണ്ട്. ആപ്പിൾ ക്രംബിളോ ബ്രൗണിയും ക്രീമുമോ അങ്ങനെ വല്ലതുമൊക്കെയോ ലഭിക്കും. ഞാൻ പറയട്ടെ, ഒരു കളിക്കാരൻ പോലും ആപ്പിൾ ക്രംബിളും കസ്റ്റാർഡും തൊട്ടതേയില്ല. ബ്രൗണി എടുക്കാനും ഒരു കളിക്കാരൻ പോലും പോയില്ല. എല്ലാവരും നിലത്ത് ഇരുന്നു. ഒരാൾ എന്നോട് ചോദിച്ചത്, ക്രിസ്റ്റ്യാനോയുടെ പ്ലേറ്റിൽ എന്താണെന്ന് നോക്കാനാണ്.'

'ഞങ്ങൾ അദ്ദേഹത്തിന്റെ പ്ലേറ്റിലേക്ക് എത്തിനോക്കി. ഒരാൾക്ക് സങ്കൽപിക്കാവുന്നത്ര വൃത്തിയുള്ളതും ആരോഗ്യകരവുമായ പ്ലേറ്റായിരുന്നു അത്. ഒരു കളിക്കാരൻ പോലും ജങ്ക് ഫുഡ് കഴിക്കാൻ ധൈര്യം കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അപ്പോഴെനിക്ക് മനസ്സിലായി' - ലീ ഗ്രാന്റ് കായികമാധ്യമമായ ടോക്‌സ്‌പോർട്ടിനോട് പറഞ്ഞു.

20 ദശലക്ഷം യൂറോയ്ക്കാണ് കഴിഞ്ഞ ആഗസ്റ്റിൽ ക്രിസ്റ്റിയാനോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയത്. രണ്ടാംവരവിൽ 13 മത്സരങ്ങളിൽ നിന്നായി താരം ഏഴ് ഗോൾ യുനൈറ്റഡിനു വേണ്ടി നേടിയിട്ടുണ്ട്. 2003-2009 കാലയളവിൽ 196 മത്സരങ്ങളിൽ നിന്ന് 84 ഗോൾ നേടിയ ശേഷമാണ് ക്രിസ്റ്റിയാനോ റയൽ മാഡ്രിഡിലേക്ക് കൂടുമാറിയത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News