കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പടർന്നു പിടിക്കുന്നു
നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്
കോഴിക്കോട്: നാദാപുരത്തും പരിസര പ്രദേശങ്ങളിലും അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നു. ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. രോഗബാധിതരിൽ ഉണ്ടായ വർധനവ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇതുവരെ രോഗം ബാധിച്ചവരാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. നാദാപുരം പഞ്ചായത്തില്‍ ആകെ 340 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുണ്ട്. പനി, ദേഹത്ത് പാടുകള്‍ എന്നീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കുട്ടികളിലേക്ക് അസുഖം പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തും. ഇതിനായി വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘത്തെയും നിയോഗിച്ചു.