ഡൽഹിയിൽ അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം
വൈറസ് ശരീരത്തിലുണ്ടാക്കുന്ന തീവ്രത താരതമ്യേന കുറവാണെന്നാണ് റിപ്പോർട്ട്
ഡല്‍ഹി: ഡൽഹിയിൽ കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം കണ്ടെത്തി. വാക്സിനിലൂടെയും രോഗം വന്നതിനു ശേഷവും ലഭിക്കുന്ന ആന്റിബോഡിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ വകഭേദം. ജനിതക ശ്രേണി തരംതിരിക്കാനായി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിലേക്കയച്ച സാമ്പിളിലാണ് വകഭേദം തിരിച്ചറിഞ്ഞത്.
പരിശോധനക്കയച്ച നൂറു സാമ്പിളുകളിൽ 90 എണ്ണത്തിലും ബി.എ-2.75 എന്ന വകഭേദം കണ്ടെത്തിയെന്നും ആളുകളിലേക്ക് വളരെ പെട്ടെന്ന് പകരാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും എൽ.എൻ.ജെ.പി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു. എന്നാല്‍, വൈറസ് ശരീരത്തിലുണ്ടാക്കുന്ന തീവ്രത താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഡൽഹിയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 2,455പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി ആറിനു ശേഷം ആദ്യമായാണ് ഇത്രയേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 15.41 ആണ് രോഗസ്ഥിരീകരണ നിരക്ക്.