മൾബറി ഇഷ്ടമാണോ? വേനൽക്കാലത്ത് ബെസ്റ്റാണ്

ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ഒരു മൾബറി കഴിക്കുന്നതിൽ നിന്നും ലഭിക്കുന്നു

Update: 2022-05-07 15:41 GMT
Advertising

അസഹനീയമായ ചൂടാണ് ദിനംപ്രതി വർധിച്ചു വരുന്നത്. ചൂട് കൂടുന്നതിനോടൊപ്പം ശരീരോഷ്മാവ് ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ ജലാംശം ശരീരത്തിന് നൽകി പ്രതിരോധശേഷി വർധിപ്പിക്കുകയും ഈർപം നിലനിർത്തുകയും ചെയ്യണം.

വേനൽക്കാലത്ത് ദാഹമകറ്റാൻ മാത്രമല്ല രുചി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനും നമുക്കേറെ താൽപര്യമായിരിക്കും. അതിനാൽ രുചിയേറിയ ഫാസ്റ്റ്ഫുഡുകൾ നാം തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത്തരത്തിൽ ആരോഗ്യം മെച്ചപ്പെടുത്തുകയും വളരെ രുചിയുമുള്ള ഫലമാണ് മൾബറി.

നമ്മുടെ ചുറ്റുഭാഗത്ത് സുലഭമായി ലഭിക്കുന്ന ഫലമാണിത്. ആരോഗ്യത്തിന് പുറമെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്നതിനും മൾബറി നല്ലതാണ്.

 മൾബറിയുടെ മൂന്ന് ആരോഗ്യ ഗുണങ്ങൾ..

1. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

മൊബൈലിലോ ലാപ്ടോപ്പിലോ കൂടുതൽ സമയം ചെലവഴിക്കുന്നവരായിക്കും നമ്മളിൽ ഭൂരിഭാഗവും. ആ സമയത്ത് കണ്ണുകൾക്ക് ക്ഷീണവും വരൾച്ചയും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ സമയങ്ങളിൽ മൾബറി കഴിക്കുന്നത് നല്ലതാണ്. കാരണം കണ്ണിന് ഗുണം ചെയ്യുന്ന കരോട്ടിൻ, സിസാന്തിൻ എന്നിവ മൾബറിയിൽ അടങ്ങിയിട്ടുണ്ട്. മൾബറിയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയതിനാൽ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

2. പ്രതിരോധശേഷി വർധിപ്പിക്കുന്നു

മൾബെറിയിൽ വിറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വേനൽക്കാലത്ത് ഉണ്ടാവുന്ന വൈറൽ പനികളെ തടയാനും മൾബറി വളരെയധികം നല്ലതാണ്.

3. ദഹനം മെച്ചപ്പെടുത്തുന്നു

ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മൾബറിക്ക് സാധിക്കുന്നു. ശരീരഭാരം കുറക്കാനും വയറുവേദന ഉണ്ടാവുന്ന സമയങ്ങളിലും മൾബറികഴിക്കുന്നത് നല്ലതാണ്. ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ഒരു മൾബറി കഴിക്കുന്നതിൽ നിന്നും ലഭിക്കുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News