ഒരു കപ്പ് ചായ എടുക്കട്ടെ?

പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിക്കുന്ന പാനീയം ചായയാണ്

Update: 2021-09-21 03:56 GMT
Editor : Nisri MK | By : Web Desk
Advertising

ഇന്ന് ദേശീയ ചായദിനം. ചായയില്ലാത്ത ദിവസം സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. പലരും തങ്ങളുടെ ക്ഷീണം മാറാന്‍ ആശ്രയിക്കുന്നത് ഒരു കപ്പ് ചായയെയാണ്. പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിക്കുന്ന പാനീയം ചായയാണ്.



 


ചായകളുടെ കൂട്ടത്തില്‍ പ്രശസ്തര്‍ ബ്ലാക്ക് ടീയും ഗ്രീന്‍ ടീയുമാണ്. വൈറ്റ് ടീ, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട ഇറാനിയന്‍ ചായ, ഏലക്ക, ഇഞ്ചി എന്നിവയിട്ട കട്ടിങ് ചായ,  ഊലോങ് ടീ(ചൈന), യെല്ലോ ടീ, ആയുര്‍വേദ ചായയായ ഹാജ്‌മോല, അഞ്ച് ആയുര്‍വേദ കൂട്ടുകൊണ്ടുള്ള പഞ്ച് ആയൂര്‍ ചായ, കുങ്കുമപ്പൂവ് ചേര്‍ത്ത ചായ, മുല്ല ചേര്‍ത്ത ചായ, ലാവന്‍ഡര്‍ ചേര്‍ത്ത ചായ, ചെമ്പരത്തി ചായ ഇങ്ങനെ ആയിരക്കണക്കിനു ചായകളാണ് ലോകത്തുള്ളത്.



 


ചായയ്ക്ക് ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു,ശരീരത്തിന് ജലാംശം നൽകുന്നു,പല്ലുകൾ നശിക്കുന്നത് തടയുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ഓർമ്മശക്തി വർധിപ്പിക്കുന്നു തുടങ്ങി ധാരാളം പ്രയോജനങ്ങളും ചായ പ്രേമികള്‍ക്ക് ലഭിക്കുന്നുണ്ട്.



 


ചായചരിത്രം:

തേയിലയുപയോഗിച്ച് തയ്യാറാക്കുന്ന പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയ്യാറാക്കാം.

ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു  മുൻപ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് ഒരു വേനല്‍ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ്‌ ഐതിഹ്യം. ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്.

കേരളത്തിലേതിൽ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചായയിൽ, ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർക്കുന്നത് പതിവാണ്‌. കേരളത്തിലെ ചായ പാൽ, വെള്ളം എന്നിവ സമ അനുപാതത്തിലാണെങ്കിൽ തമിഴ്‌നാട്ടിൽ പാൽ കൂടുതലായാണ് ഉപയോഗിക്കാറ്. കർണ്ണാടകയിൽ പാലിൽ പൊടിയിട്ട് കഴിക്കുന്ന രീതിയാണെങ്കിലും ചായ ഒരു ഗ്ലാസ്സിന്‍റെ പകുതിയാണ് ഉണ്ടാവുക.

പാൽ ചേർക്കാത്ത ചായയാണ് കട്ടൻ ചായ എന്ന പേരിൽ അറിയപെടുന്നത്. കേരളത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കട്ടൻ ചായ സുലൈമാനി എന്ന പേരിലും അറിയപ്പെടുന്നു. ഈ ജില്ലകളിൽ കല്യാണത്തിന് ഭക്ഷണത്തിന് ശേഷം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ചെറുനാരങ്ങനീര് ചേർത്ത കട്ടൻ ചായ. ഇംഗ്ലീഷിൽ ബ്ലാക്ക്‌ ടീ എന്ന് ആണ് അറിയപ്പെടുന്നത്. മറ്റു ചായകളെ അപേഷിച്ചു ശരീരത്തിന് ഗുണകരമായ ആന്‍റി ഓക്സിഡന്‍റ്സ് കട്ടൻ ചായയിൽ കൂടുതൽ ആണ്.

2005 മുതലാണ് തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നത്.

ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷകരമാണെന്ന് ലണ്ടനിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിരുന്നു.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News