ജിമ്മില്‍ മണിക്കൂറുകള്‍ ചെലവഴിക്കണ്ട; ഭാരം കുറയ്ക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍
നമ്മുടെ ദൈനംദിന ജീവിതചര്യയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ജിമ്മില്‍ പോകാതെ തന്നെ ഭാരം കുറയ്ക്കാനാകും
അമിതവണ്ണം പലരും നേരിടുന്ന പ്രശ്നമാണ്. രൂപഭംഗിയെ മാത്രമല്ല ആരോഗ്യത്തെയും അമിതവണ്ണം ബാധിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി ഫിറ്റ്നസ് സെന്‍ററുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ജോലിത്തിരക്ക് മൂലം ജിമ്മില്‍ പോകാന്‍ സാധിക്കാത്തവരുണ്ട്. നമ്മുടെ ദൈനംദിന ജീവിതചര്യയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ജിമ്മില്‍ പോകാതെ തന്നെ ഭാരം കുറയ്ക്കാനാകും.
1. ഉറക്കമുണര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പകൽ സമയത്തെ അധിക കലോറി ഒഴിവാക്കാനുള്ള മികച്ച മാർഗമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കൽ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും.ഉറക്കമുണര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കണമെന്നും ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ, മുട്ട, ഓട്സ്, പഴച്ചാറുകൾ, പാൽ എന്നിവ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ പോഷക സമ്പുഷ്ടമായിരിക്കും.
2. കൂടുതല്‍ ആപ്പിളുകള്‍ കഴിക്കുക
നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ആപ്പിൾ. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താമെന്ന് പറയുന്നതുപോലെ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും ആപ്പിള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. അനാരോഗ്യകരമായ എണ്ണപ്പലഹാരങ്ങളും ഫാസ്റ്റ് ഫുഡുകളും മാറ്റി ഒരു ആപ്പിള്‍ മാത്രം കഴിച്ചാല്‍ ഗുണമുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിള്‍ കഴിക്കുന്നതിലൂടെ വിശപ്പിനെ തൃപ്തിപ്പെടുത്തുകയും വയര്‍ നിറയ്ക്കുകയും പോഷകം നല്‍കുകയും ചെയ്തു.
3. ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് എപ്പോഴും ശരീരത്തിന് നല്ലതാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യവും മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. ചെറുനാരങ്ങ പിഴിഞ്ഞ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര ടീസ്പൂൺ തേൻ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാല്‍ മെറ്റബോളിസം വേഗത്തിലാക്കാം. കൂടാതെ, ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക - ഇത് നിങ്ങളുടെ വയര്‍ വേഗത്തിൽ നിറയ്ക്കാൻ സഹായിക്കും, അതുവഴി കലോറി ഉപഭോഗം കുറയ്ക്കാം.
4. ചെറിയ പ്ലേറ്റുകളിലേക്ക് മാറുക
ലഘുഭക്ഷണമോ എന്തു ഭക്ഷണമോ ആകട്ടെ ചെറിയ പാത്രങ്ങളില്‍ ഭക്ഷണം കഴിച്ചാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ കഴിക്കൂ എന്നാണ് മനശാസ്ത്രപരമായി നോക്കുമ്പോള്‍ പറയുന്നത്. നിങ്ങൾ സാധാരണ കഴിക്കുന്നതിനെക്കാൾ കൂടുതൽ കഴിച്ചുവെന്ന് ഇത് നിങ്ങളുടെ തലച്ചോറിനെ വിശ്വസിപ്പിക്കുമെന്നാണ് വാദം. കാലക്രമേണ, ഈ ട്രിക്ക് അവിചാരിതമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
5.സ്ഥിരമായ ഒരു ഡയറ്റ് രീതി പിന്തുടരുക
സുസ്ഥിരമല്ലാത്ത ഡയറ്റ് പിന്തുടരുന്നത് മൂലമാണ് പലര്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ സാധിക്കാത്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പകരം മെഡിറ്ററേനിയൻ ഭക്ഷണക്രമം പോലുള്ള ഒരു ദിനചര്യയിൽ ഉറച്ചുനില്‍ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തില്‍ ധാരാളം ഒലിവ് എണ്ണയും മത്സ്യവും ഇലക്കറികളും ഉള്‍പ്പെടുന്നതാണ് മെഡിറ്ററേനിയന്‍ ഭക്ഷണരീതി.