യുക്രൈനിൽ പകർച്ചവ്യാധികൾ വർധിക്കാൻ സാധ്യത; ഡേക്ടർമാർക്ക് മുന്നറിയിപ്പ്
2011-ൽ കോളറ പൊട്ടിപ്പുറപ്പെട്ട യൂറോപ്പിലെ അവസാന രാജ്യമാണ് യുക്രൈൻ
റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ അഭയാർഥികൾക്കിടയിൽ പകർച്ചവ്യാധികൾ വർധിക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ യുക്രൈനിൽ പോളിയോ, കോളറ, അഞ്ചാംപനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ എമർജൻസി പ്രോഗ്രാം മാനേജരായ കേറ്റ് വൈറ്റ് സി.എൻ.എന്നിനോട് പറഞ്ഞു.
നിലവിൽ യുക്രൈനിൽ വാക്‌സിനെടുത്തവരുടെ എണ്ണം കുറവാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ലഭിക്കുന്നത് പോലെയുള്ള പ്രതിരോധശേഷി ലഭിക്കണമെങ്കിൽ ആദ്യം വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ രാജ്യത്ത് കോവിഡ് വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
ആളുകൾ ബോംബാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സബ്‍വേ സ്റ്റേഷനുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് അഭയം തേടിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ശുദ്ധ ജല ലഭ്യതയോ കൃത്യമായ ശുചീകരണ പ്രവർത്തനങ്ങളോ നടക്കുന്നില്ല. അതിനാൽ വയറിളക്കവും മറ്റു രോഗങ്ങളും ഇവിടങ്ങളിൽ പതിവായിരിക്കുകയാണന്നെ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. യുക്രൈനെ കുറിച്ച് വളരെ അധികം ആശങ്കയുണ്ടെന്നും രാജ്യത്ത് നീണ്ടു നിൽക്കുന്ന സംഘർഷം, ആരോഗ്യ സംവിധാനത്തെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജനീവയിലെ സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ലൂസിക്ക ഡിറ്റിയു പറഞ്ഞു.
നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധജലം നൽകുന്നതിനായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അംഗങ്ങൾ മഴവെള്ളവും മഞ്ഞും ശേഖരിക്കുന്നുണ്ട്. 2011-ൽ കോളറ പൊട്ടിപ്പുറപ്പെട്ട യൂറോപ്പിലെ അവസാന രാജ്യമാണ് യുക്രൈൻ. അതും മരിയാപോളിലായിരുന്നു. റഷ്യൻ സൈന്യം വളഞ്ഞതിന് ശേഷം മരിയുപോളിൽ വെള്ളവും വൈദ്യൂതിയും ലഭ്യമല്ല.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് അര ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം വളരെയധികം മലിനമായ കൽമിയസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെങ്ങളിലുള്ള ജലശുദ്ധീകരണ പ്ലാന്റുകളിലേക്കുള്ള വൈദ്യുതിലൈനുകളെല്ലാം വിഛേദിക്കപ്പെട്ട നിലയിലാണ്. അതിനാൽ യുക്രൈനിലെ അധിനിവേശത്തിന് ശേഷം രാജ്യം വലിയൊരു പകർച്ചവ്യാധി ഭീഷണിയായിരിക്കും നേരിടാൻ പോകുന്നതെന്ന് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.
റഷ്യൻ സൈന്യത്തിന്റെ ആശുപത്രികൾക്ക് നേരെയുള്ള ഷെല്ലാക്രമണത്തിൽ ഫാർമസികളടക്കം അടച്ചുപൂട്ടിയ സഥിതിയാണ്. അതുകൊണ്ട് തന്നെ അടിയന്തര ഘട്ടത്തിൽ പോലും രോഗികൾക്ക് മരുന്നുകൾ ലഭിക്കാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്.