നാരുകളുടെയും വിറ്റമിനുകളുടെയും കലവറ; ഗുണങ്ങളറിഞ്ഞ് കഴിക്കാം മാമ്പഴം
മാമ്പഴം കഴിക്കുന്നത് മലബന്ധം കുറക്കുന്നു
വേനൽക്കാലമെന്നാൽ മാമ്പഴത്തിന്റെ സീസൺ കൂടിയാണ് മലയാളികൾക്ക്. പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴം ഇന്ന് വിപണയിൽ സജീവമാണ്. അതുപോലെതന്നെ ഒട്ടുമിക്ക വീടുകളിലും മാങ്ങ മൂത്ത് പഴുത്ത് നിൽപ്പുണ്ടാകും. ദഹനത്തെ സഹായിക്കുന്നത് മുതൽ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ചർമ്മത്തിന്റെയും മുടിയുടെയും വളര്‍ച്ചയെ വരെ സഹായിക്കുന്ന മാമ്പഴം ഒരു സൂപ്പർഫുഡായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് മാമ്പഴം വെറുതെ കഴിച്ചാൽ പോര..അതിന്റെ ഗുണങ്ങളും അറിഞ്ഞുതന്നെ കഴിക്കണം... മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ ഏതൊക്കെയാണെന്ന് പറയുകയാണ് ന്യൂട്രീഷ്യൻ ടെയ്ൽസിന്റെ സഹസ്ഥാപക കൂടിയായ ന്യൂട്രീഷനിസ്റ്റ് ആസ്ത നിഗ്ഗം.
ആന്റിഓക്സിഡന്റ് ഗുണങ്ങൾ
മാമ്പഴത്തിൽ ഗാലോട്ടാനിൻസ്, മാംഗിഫെറിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇതിന് പുറമെ വിറ്റമിൻ-സി,വിറ്റമിൻ കെ,പൊട്ടാസ്യം,മഗ്നീഷ്യം, കോപ്പർ,കാർബ് തുടങ്ങി നിരവധി പോഷകഗുണങ്ങളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം
വിറ്റാമിൻ എ,സി എന്നിവയാൽ സമ്പുഷ്ടമായ മാമ്പഴം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി കൊളാജൻ രൂപീകരണത്തിന് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും മുറിവ് പെട്ടന്ന് ഉണങ്ങുന്നതിനും ആവശ്യമായതാണ്. മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തെയും മുടിയെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും അവ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന്
മാമ്പഴത്തിൽ മാംഗിഫെറിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ സന്തുലിതമായി നിർത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നു.
കണ്ണിന്റെ ആരോഗ്യത്തിന്
മാമ്പഴത്തിൽ ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തിയെ മെച്ചപ്പെടുത്തും. സൂര്യപ്രകാശത്തിൽ നിന്നും നീല വെളിച്ചത്തിൽ നിന്നും റെറ്റിനയെ സംരക്ഷിക്കുന്ന കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.മാമ്പഴം കഴിക്കുന്നത് നിശാന്ധത,ഡൈ ഐസ് എന്നിവ തടയാൻ സഹായിക്കും.
ദഹനത്തിന്
മാമ്പഴം പതിവായി കഴിക്കുന്നത് മലബന്ധം കുറക്കുന്നു. ശരീരത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കാനുള്ള എൻസൈമുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അതും ദഹനത്തെ സഹായിക്കും. മാമ്പഴം കഴിക്കുന്നത് വൻകുടലിലെ പുണ്ണ് കുറക്കാനും ഉദര സംബന്ധമായ രോഗങ്ങളെ തടയുകയും ചെയ്യും.
മാമ്പഴം കഴിക്കുന്നവർ ശ്രദ്ധിക്കുക
ആരോഗ്യഗുണങ്ങളുണ്ട് എന്ന് കരുതി മാമ്പഴം അധികമായി കഴിക്കുന്നത് ചിലർക്ക് ദോഷം ചെയ്യും. വയറിളക്കം,ഗ്യാസ് വയറുവേദന തുടങ്ങിയവ ചിലർക്ക് കാണാറുണ്ട്. കടയിൽ നിന്ന് വാങ്ങുന്ന മാമ്പഴം നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക. പറ്റുമെങ്കിൽ കഴിക്കുന്നതിന് ഒരു മണിക്കൂറോ അതിലധികമോ വെള്ളത്തിൽ മുക്കി വെച്ചതിന് ശേഷംം മാത്രം കഴിക്കുക. പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രം മാമ്പഴം കഴിക്കുക.