ഉറക്കം ശരിയാകുന്നില്ലേ..സൂക്ഷിക്കണം, അർബുദ സാധ്യത കൂടും

മറ്റുള്ളവരെ അപേക്ഷിച്ച് അർബുദം പിടിപെടാനുള്ള സാധ്യത ഏറ്റവും കൂടുതൽ യുവാക്കളിലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്

Update: 2022-09-18 12:16 GMT
Editor : banuisahak | By : Web Desk
Advertising

അർബുദം ആഗോളതലത്തിൽ പ്രതിദിനം വർധിച്ചുവരുന്ന അവസ്ഥ നിലവിലുണ്ട്. പ്രായഭേദമന്യേ ആർക്കും പിടിപെടാവുന്ന രോഗമാണിത്. എന്നാൽ, മറ്റുള്ളവരെ അപേക്ഷിച്ച് അർബുദം പിടിപെടാനുള്ള സാധ്യത ഏറ്റവും കൂടുതൽ യുവാക്കളിലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 

ഉറക്കക്കുറവും അമിതഭാരവുമാണ് അർബുദ സാധ്യത കൂട്ടുന്നത്. 1990 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ചെറുപ്പക്കാരിൽ പൊതുവേ ശരിയായ ഉറക്കം കിട്ടാത്ത സ്ഥിതി വർധിച്ചുവരുന്നതായി പഠനറിപ്പോർട്ട് വ്യക്തമാകുന്നു. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് നിഗമനം. ഗവേഷകർ പഠനം നടത്തിയ പതിനാല് തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്. 

ഭക്ഷണമാണ് മറ്റൊരു പ്രധാന ഘടകം. കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മ ജീവികളെ സ്വാധീനിക്കുന്നുണ്ട്. ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം മാത്രമല്ല പലവിധ രോഗങ്ങളെയും വിളിച്ചുവരുത്താമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 

അതേസമയം, എന്ത് കഴിക്കണം ഏത് അളവിൽ കഴിക്കണമെന്നത് പലരിലും നിലനിൽക്കുന്ന ആശയക്കുഴപ്പമാണ്. സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുകയാണ് നല്ലത്. ബ്രൗണ്‍ റൈസ് പോലുള്ള ഹോള്‍ ഗ്രെയ്നുകള്‍, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, ബീന്‍സ്, പഴങ്ങള്‍, പച്ചക്കറികൾ, മീന്‍, മുട്ട, പാല്‍, ഇറച്ചി എന്നിവയെല്ലാം അടങ്ങിയ വൈവിധ്യപൂര്‍ണമായ ഭക്ഷണം ഓരോ ദിവസവും കഴിക്കുന്നതാണ് നല്ലതെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. സ്നാക്സായി പച്ചക്കറികള്‍, പഴങ്ങള്‍, ഉപ്പ് ചേര്‍ക്കാത്ത നട്സ് തുടങ്ങിയവ കഴിക്കാനും നിർദേശമുണ്ട്.

കഴിക്കുന്നത് മാത്രമല്ല, എന്ത് കുടിക്കുന്നു എന്നതും പ്രധാനമാണ്. മദ്യപാനത്തിന്‍റെ തോതും പരിമിതപ്പെടുത്തുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, ഗ്യാസ് നിറച്ച വെള്ളം, കാപ്പി എന്നിവയെല്ലാം പരിമിതപ്പെടുത്തുന്നതും ഗുണംചെയ്യും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News