ക്രമരഹിതം, അമിതമായ രക്തസ്രാവം; ഉറക്കമില്ലായ്‌മ ആർത്തവത്തെ ബാധിക്കുന്നത് ഇങ്ങനെ
ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കും
വേണ്ടത്ര ഉറക്കം കിട്ടാത്തത് ആരോഗ്യത്തെ പലരീതിയിൽ ദോഷകരമായി ബാധിക്കാറുണ്ട്. എട്ട് മണിക്കൂർ ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. രാത്രിയിൽ ആറ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം ഉണ്ടാകാറുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ആർത്തവ സമയത്ത് അമിത രക്തസ്രാവത്തിനും ഉറക്കമില്ലായ്‌മ ഇടയാക്കും.
ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങുന്ന സ്ത്രീകളെ അപേക്ഷിച്ച് രാത്രിയിൽ ശരാശരി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ക്രമരഹിതമായ ആർത്തവമുണ്ടാകാനുള്ള സാധ്യത 44% ശതമാനം കൂടുതലാണെന്നാണ് പഠനം. 24 മുതൽ 40 വയസുവരെ പ്രായമുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പകൽ മുഴുവൻ തുടർച്ചയായി ജോലി ചെയ്‌തിട്ടും രാത്രി ഭൂരിഭാഗം സ്ത്രീകളും വേണ്ടത്ര വിശ്രമിക്കുന്നില്ല. ഇവർക്ക് സമ്മർദ്ദം, വിഷാദം എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. ആർത്തവസമയത്ത് അസ്വസ്ഥതകൾ ഉണ്ടാകുന്നതും ഉറക്കം നഷ്ടപ്പെടുന്നതും സ്വാഭാവികമാണ്. ഈ ലക്ഷണങ്ങൾ പ്രീമെൻസ്ട്രൽ സിൻഡ്രോം അഥവാ പിഎംഎസിന്റെ ഭാഗമാണ്.
എന്നാൽ, ദിവസേനയുള്ള ഉറക്കക്കുറവ് പിഎംഎസ് ലക്ഷണങ്ങളെ വഷളാക്കും. ഒപ്പം ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. അതിനാൽ, ഉറക്കം കൃത്യമാക്കാൻ ശ്രദ്ധിക്കുക. ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ സഹായം തേടാൻ മറക്കരുത്.