'സിംഗിൾ ടാറ്റു' മുതൽ 'കപ്പിൾ ടാറ്റു വരെ'; അറിഞ്ഞിരിക്കണം ടാറ്റുവിലെ അപകടങ്ങൾ

ടാറ്റുവിനോടുള്ള ആരാധന കൂടി ശരീരത്തിൽ പല മാറ്റങ്ങളും വരുത്തുന്നവർ പോലും ഇന്ന് വർധിച്ചു വരുന്നതായി കാണാം

Update: 2022-03-15 08:53 GMT
Advertising

ഇന്നേറ്റവും കൂടുതൽ ട്രൻറായി മാറിയിരിക്കുന്ന ഒന്നാണ് ടാറ്റു അതായത് പച്ച കുത്തൽ. സിംഗിൾ ടാറ്റു മുതൽ കപ്പിൾ ടാറ്റു വരെ ഇന്ന് ഏറെ പ്രചാരമായി കഴിഞ്ഞിരിക്കുന്നു. ശരീരത്തിൽ ചെറിയ രീതിയിൽ തുടങ്ങിയ ടാറ്റു ദേഹമാസകലം ചെയ്യുന്നവരും ഇന്നേറെയാണ്. ടാറ്റുവിനോടുള്ള ആരാധന കൂടി ശരീരത്തിൽ പല മാറ്റങ്ങളും വരുത്തുന്നവരും ഇന്ന് വർധിച്ചു വരുന്നതായി കാണാം.

എന്താണ് ടാറ്റു


ചർമ്മത്തിന്റെ മുകളിലെ പാളിയിലേക്ക് സൂചിയിലൂടെ പിഗ്മെന്റുകൾ ഉപയോഗിച്ച് ചിത്രങ്ങളോ സിമ്പലുകളോ വരച്ചു ചേർക്കുന്നതാണിത്. ഇതിന് പ്രത്യേകം മെഷീനുകൾ ഉണ്ടായിരിക്കും. മെഷീനുപയോഗിച്ച് അതിലെ സൂചികൾ വഴി മഷി ശരീരത്തിൽ പഞ്ച് ചെയ്യുന്നു.

ഇത് ശരീരത്തിൽ സ്ഥിരമായി നിലനിൽക്കും. ചെറിയ വേദനയും കുറഞ്ഞ അളവിലുള്ള രക്തസ്രാവവും ടാറ്റു ചെയ്യുമ്പോൾ സർവസാധാരണയാണ്.

ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം

ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം. ഡിസ്പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. കൂടാതെ ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയും വേണം.

ചർമത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ


ടാറ്റു ചെയ്താലുള്ള അനന്തരഫലങ്ങൾ എല്ലാവർക്കും ഒരു പോലെയല്ല. ചിലർക്ക് അലർജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചിലരിൽ അണുബാധയുണ്ടാവുന്നതായും കാണുന്നു. ചിലർക്ക് ഇതിന്റെ മഷി പൊള്ളലുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ചില ത്വക്ക് രോഗങ്ങളും കാണപ്പെടുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും ശരീരത്തിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതായി റിപ്പോർട്ടുകളുണ്ട്. ഗ്രാനുലോമ എന്ന് പറയുന്ന ഒരു തരം വീക്കം ടാറ്റൂ ചെയ്ത ഭാഗങ്ങളിൽ കാണാം. കൂടാതെ ചില രോഗങ്ങൾ ഉള്ള വ്യക്തിയിൽ ടാറ്റു ചെയ്ത ശേഷം മറ്റൊരാൾക്ക് ചെയ്യുമ്പോൾ രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്.

യാതൊരു മുൻകരുതലും മാനദണ്ഡങ്ങളുമില്ലാതെ പച്ചകുത്തുന്നത് മൂലമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള പ്രധാന കാരണം. അണുബാധയുമായി നിരവധി പേർ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് പച്ചകുത്തൽ നിരീക്ഷിച്ചു തുടങ്ങിയത്.

സുരക്ഷിതമായ നിറങ്ങൾ ഏതാണ്?


നിയോൺ നിറങ്ങളിൽ ചെയ്യുന്ന ടാറ്റുവിൽ ചില രാസവസ്തുക്കളും മെർക്കുറിയും കൂടുതലായി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചുവപ്പ് നിറത്തിലാണ് കൂടുതൽ വിഷാംശം ഉള്ളതെന്നാണ് കണ്ടെത്തൽ ചുവപ്പിൽ ഇരുമ്പ് ഓക്‌സൈഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്.

പെർമനന്റ് ടാറ്റൂ ചെയ്യാനാണെങ്കിൽ കറുപ്പ് നിറത്തിലുള്ള ചായമാണ് ഏറ്റവും നല്ലത്. കോപ്പർ ഫത്തലോസയനൈൻ പിഗ്മെന്റുകളുള്ള നീല, പച്ച മഷികളും സുരക്ഷിതമാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News