ചായയും കാപ്പിയുമല്ല, ഒരു ഏത്തപ്പഴം കഴിച്ച് ദിവസം തുടങ്ങൂ....ഗുണങ്ങൾ ഇവയൊക്കെയാണ്
കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പ്രഭാതഭക്ഷണം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
രാവിലെ എഴുന്നേറ്റശേഷം ആദ്യം കഴിക്കുന്ന ഭക്ഷണം ആ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഊർജം ശരീരത്തിനും മനസിനും നൽകുമെന്നാണ് മിക്ക ആരോഗ്യ വിദഗ്ദരും പോഷകാഹാര വിദഗ്ധരും പറയുന്നത്. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പ്രഭാതഭക്ഷണം ചീത്ത കൊളസ്ട്രോളിന്റെ അളവും അനാവശ്യമായ മധുരാസക്തി കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചായയോ അല്ലെങ്കില്‍ കാപ്പി അതായിരിക്കും എഴുന്നേറ്റ ശേഷം മിക്കവരും ആദ്യം കഴിക്കുന്നത്. എന്നാൽ ചായയോ കാപ്പിയോ കുടിച്ചുകൊണ്ടല്ല നിങ്ങളുടെ ദിവസം ആരംഭിക്കേണ്ടതെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ പറയുന്നു. ചായക്കോ കാപ്പിക്കോ പകരം വാഴപ്പഴം അല്ലെങ്കിൽ കുതിർത്ത ബദാം, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കണമെന്നാണ് അവർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഏത്തപ്പഴം കഴിച്ച് ദിവസം തുടങ്ങുന്നതിന്റെ ഗുണങ്ങൾ അവർ വിശദീകരിക്കുന്നത്.
'ദഹനം, ഗ്യാസ്, വയറു വീർക്കൽ, മലബന്ധം തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവർ വാഴപ്പഴം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് സെലിബ്രിറ്റി ന്യൂട്രിഷ്യനിസ്റ്റ് കൂടിയായ റുജുത പറയുന്നത്. വാഴപ്പഴം കിട്ടാൻ ബുദ്ധിമുട്ടുള്ളവർ നിങ്ങളുടെ നാട്ടിൽ ലഭിക്കുന്ന സീസണൽ പഴങ്ങൾ കഴിക്കണമെന്നും അവർ പറയുന്നു.
എന്തുകൊണ്ട് വാഴപ്പഴം?
ദഹനപ്രശ്‌നങ്ങൾ ഉള്ളവർക്കും ഭക്ഷണം കഴിച്ച ശേഷം മധുരത്തോട് ആസക്തിയുള്ളവർക്കും ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴം വാങ്ങുമ്പോൾ പ്രാദേശികമായി കിട്ടുന്നതും ഏറ്റവും പുതിയതും വാങ്ങാൻ ശ്രമിക്കുക. ഒരാഴ്ചയിലേക്കുള്ളത് ഒന്നിച്ച് വാങ്ങാതെ രണ്ട് ദിവസം കൂടുമ്പോൾ കടയിൽ നിന്ന് വാങ്ങാം. പ്ലാസ്റ്റിക് ബാഗുകളിലിട്ട് ഏത്തപ്പഴം കൊണ്ടുവരരുത്. പകരം തുണി സഞ്ചി ഉപയോഗിക്കണമെന്നും അവർ പോസ്റ്റിൽ പറയുന്നു. ഇനി പഴം കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് കുതിർത്ത ഉണക്കമുന്തിരി കഴിക്കാം. ആറോ ഏഴോ കുതിർത്ത ഉണക്കമുന്തിരി ദിവസം കഴിക്കാം. മുന്തിരി കുതിർക്കാനിട്ട വെള്ളവും കുടിക്കാം.
ഇനി അതും ഇഷ്ടമില്ലാത്തവർക്ക് ബദാം കുതിർത്തതും കഴിക്കാവുന്നതാണ്. നാലോ അഞ്ചോ തൊലി കളഞ്ഞ കുതിർത്ത ബദാം കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം, പ്രമേഹം, പി.സി.ഒ.ഡി, ഉറക്കക്കുറവ് എന്നിവകൊണ്ട് ബുദ്ധിമുട്ടുന്നവർക്കും നല്ലതാണ്.
എന്നാൽ പ്രഭാത ഭക്ഷണത്തിന് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും അവർ പറയുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിന് ശേഷം ചുരുങ്ങിയത് 20 മിനിറ്റ് യോഗയോ വ്യായാമമോ ചെയ്യാം. വ്യായാമം ചെയ്യാത്തവരാണെങ്കിൽ എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കാം.