'ഏത്തപ്പഴമോ പ്രോട്ടീൻ ഷെയ്‌ക്കോ അല്ല, വ്യായാമത്തിന് ശേഷം കഴിക്കാൻ ബദാമാണ് ബെസ്റ്റ്'- പഠനങ്ങള്‍
വ്യായാമം ചെയ്തതിന് ശേഷമുള്ള ക്ഷീണം കുറച്ച് ശരീരത്തിന് ഊർജം വീണ്ടെടുക്കാൻ പ്രാപ്തമാക്കും
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്സ്ഥിരമായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് വ്യായാമത്തിന് ശേഷമുള്ള ഭക്ഷണവും. സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്നവർ എന്തുകഴിക്കുമെന്നതിനെ കുറിച്ച് പലർക്കും സംശയമാണ്. ഏത്തപ്പഴവും പ്രോട്ടീൻ ഷെയ്ക്കുമെല്ലാം കഴിക്കുന്നതാണ് നല്ലതെന്നാണ് പൊതുവെ പറയാറ്. എന്നാൽ ഇതൊന്നുമല്ല, ബദാമാണ് വ്യായാമത്തിന് ശേഷം കഴിക്കാൻ നല്ലതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബദാം കഴിക്കുന്നതിലൂടെ ക്ഷീണം കുറയുകയും ഉത്കണ്ഠ, വിഷാദം എന്നിവ ഇല്ലാതാകുകയും ചെയ്യുമെന്നും ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ബദാം പോലുള്ള നട്‌സുകൾ അവശ്യ പോഷകങ്ങളും മൈക്രോ ന്യൂട്രിയന്റുകളാലും സമ്പന്നമാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിന് ശേഷമുള്ള സമയങ്ങളിൽ ഇവ കഴിക്കാൻ ഉത്തമമാണ്. ആവശ്യമായ പ്രോട്ടീനുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം ഇതുമൂലം ശരീരത്തിന് ലഭിക്കുകയും ചെയ്യും.
ബദാം ദിവസവും കഴിക്കുന്നത് മെറ്റബോളിസത്തിൽ മാറ്റമുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു. വ്യായാമം ചെയ്തതിന് ശേഷമുള്ള ക്ഷീണം കുറച്ച് ശരീരത്തിന് ഊർജം വീണ്ടെടുക്കാൻ പ്രാപ്തമാക്കുമെന്നും നോർത്ത് കരോലിന റിസർച്ച് കാമ്പസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. ഡേവിഡ് സി നീമാൻ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
ബദാമിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ, നാരുകൾ എന്നിവയും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നും നീമാൻ പറഞ്ഞു.