വേനൽക്കാലത്ത് ബെസ്റ്റാണ് കരിമ്പിൻ ജ്യൂസ്; അറിയാം ഗുണങ്ങൾ
കരിമ്പ് ജ്യൂസിൽ കലോറി കുറവാണ്, കൊഴുപ്പും അടങ്ങിയിട്ടില്ല
ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വലയുകയാണ് ജനം. ക്ഷീണവും തളർച്ചയും മറികടക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ദിവസവും നന്നായി വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. ദാഹം ശമിപ്പിക്കാൻ പല രൂപത്തിലും നിറത്തിലും രുചിയിലുമുള്ള പാനീയങ്ങൾ നമുക്ക് വിപണയിൽ ലഭ്യമാണ്. എന്നാൽ എപ്പോഴും ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പ്രകൃതിദത്തമായ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പരമാവധി വീട്ടിൽ തയ്യാറാക്കുന്ന പാനീയങ്ങൾക്ക് മുൻഗണന നൽകാനാണ് ആരോഗ്യവിദഗ്ധരും ശിപാർശ ചെയ്യുന്നത്. ശുദ്ധമായ വെള്ളവും വൃത്തിയുമെല്ലാം രോഗങ്ങളെ തടയുകയും ചെയ്യുന്നു.ഈ വേനൽക്കാലത്ത് കുടിക്കാവുന്ന മികച്ച പാനീയങ്ങളിലൊന്നാണ് കരിമ്പ് ജ്യൂസ്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഗുണങ്ങൾ ഏറെയുണ്ട് ഈ ജ്യൂസിൽ.പോരാത്തതിന് കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സി, ബി-കോംപ്ലക്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്. അമിതമായ വിയർപ്പ് കാരണം നഷ്ടപ്പെട്ട പോഷകങ്ങൾ വീണ്ടെടുക്കാൻ കരിമ്പിൻ ജ്യൂസ് സഹായിക്കും. ചെറിയ അളവിൽ കരിമ്പ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും ഊർജം വർധിപ്പിക്കാനും ദഹനം ശരിയായി നടക്കാനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കും. കരിമ്പിൻ ജ്യൂസിന്റെ ഏതാനും ചില ഗുണങ്ങളിതാ..
പോഷകങ്ങളാൽ സമ്പന്നം
കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എ, സി, ബി1, ബി2, ബി3, ബി5, ബി6 തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയതാണ് കരിമ്പ്
ക്ഷീണത്തെ മറികടക്കാം
കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളും വീണ്ടെടുക്കാൻ സഹായിക്കുന്നു.
കരിമ്പ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ആരോഗ്യകരവുമായ ഊർജ്ജ സ്രോതസ്സായി പ്രവർത്തിക്കും. ഇത് ക്ഷീണത്തെ ചെറുക്കാനും ഊർജ്ജം നൽകാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
കരിമ്പ് ജ്യൂസിൽ സ്വാഭാവിക എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
കരളിന്റെ ആരോഗ്യത്തിന്
കരിമ്പിന് ജ്യൂസിന് ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത് കരളിന് സംരക്ഷിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
കരിമ്പ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ
സുക്രോസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും കരിമ്പ് ജ്യൂസിൽ കലോറി കുറവാണ്, കൊഴുപ്പും അടങ്ങിയിട്ടില്ല. ഇത് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പാനീയമാണ്. കൂടാതെ കരിമ്പിലെ ഉയർന്ന ഫൈബറുകൾ വയറ് നിറഞ്ഞ പ്രതീതിയുണ്ടാക്കുകയും ഏറെനേരത്തേക്ക് വിശപ്പ് കുറക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യത്തിന്
കരിമ്പ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നു. ചർമത്തില്‍ ചുളിവുകളുണ്ടാവുന്നത് കുറക്കുന്നു. ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ശ്രദ്ധിക്കേണ്ടത്
പ്രമേഹമുള്ളവർ കരിമ്പിൻ ജ്യൂസ് അവരുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം. അതേസമയം, പ്രമേഹം പോലുള്ളവർ ഇവ ചെറിയ അളവിൽ മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. അമിതമായി കരിമ്പിൻ ജ്യൂസ് ഉപയോഗിക്കുന്നത് പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും. കൂടാതെ ജ്യൂസായി കഴിക്കുന്നതിന് പകരം കരിമ്പായി കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. വഴിയോരങ്ങളിൽ നിന്ന് ഇത്തരം ജ്യൂസുകൾ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. വൃത്തിഹീനമായ രീതിയിൽ തയ്യാറാക്കുന്ന ജ്യൂസുകൾ പലവിധ രോഗങ്ങളെ വിളിച്ചുവരുത്തും.