ശ്രമിച്ചു നോക്കൂ; ഈ അഞ്ച് പ്രഭാതശീലങ്ങൾ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും
ഒന്നു മനസ്സുവച്ചാൽ ഇതെല്ലാം എല്ലാവര്‍ക്കും ചെയ്യാവുന്നതേയുള്ളൂ
ഉറക്കിൽ നിന്നെണീറ്റ ഉടൻ മൊബൈല്‍ ഫോണെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം മാറ്റാൻ സമയമായിരിക്കുന്നു. ഈ ശീലം നിങ്ങൾക്കു മാത്രമല്ല, ബോളിവുഡ് നടി ഹുമ ഖുറേഷി അടക്കമുള്ള ഒരുപാട് സെലിബ്രിറ്റികൾ ഇതേക്കുറിച്ച് പറയുകയും ആകുലപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതായാലും ആ ശീലം പിന്നീട് അവർ ഉപേക്ഷിച്ചു. ഒന്നു മനസ്സുവച്ചാൽ നിങ്ങൾക്കും അതു ചെയ്യാവുന്നതേയുള്ളൂ. അതു ചെയ്യാനുള്ള മനസ്സുണ്ടാവണം എന്നതാണ് പ്രധാനം.
സന്തോഷകരമായ ഒരു ദിവസത്തിലേക്കുള്ള ചില പ്രഭാതശീലങ്ങൾ മെന്റൽ ഹെൽത്ത് ആന്റ് ഇമോഷണൽ വെൽനെസ് സ്റ്റാർട്ടപ്പായ ലിസ്സനിലെ കൗൺസലിങ് സൈക്കോളജിസ്റ്റ് കുഷ്‌നീത് സച്‌ദേവ് നിർദേശിക്കുന്നുണ്ട്. ഈ ശീലങ്ങൾ പിന്തുടർന്നാൽ ദിവസത്തിൽ മുഴുവൻ പോസിറ്റീവ് എനർജി കൂടെ വരും എന്നാണ് സച്‌ദേവ് നൽകുന്ന വാഗ്ദാനം. സമ്മർദവും ഉത്കണ്ഠയും അകറ്റി നിർത്താമെന്നും അദ്ദേഹം പറയുന്നു.
അഞ്ച് ഉപദേശങ്ങൾ ഇങ്ങനെ;
1- നന്ദി പറയണം
പ്രഭാതം തുടങ്ങുമ്പോൾ തന്നെ നല്ല കാര്യങ്ങളെ അഭിനന്ദിച്ച് തുടങ്ങി നോക്കൂ. അതാ ദിവസം തന്നെ മാറ്റി മറിക്കുമെന്ന് സച്‌ദേവ് പറയുന്നു. നന്ദി പറയുന്നവർ പൊതുവെ സന്തോഷവന്മാരാണ് എന്നാണ് വയ്പ്പ്.
മറ്റുള്ളവരെ ശ്രദ്ധിക്കുന്നവർക്ക് മാത്രമേ അവരോട് നന്ദി പ്രകാശിപ്പിക്കാനാകൂ. ബന്ധം ഊഷ്മളമാക്കാനും മറ്റുള്ളവരുടെ സന്തോഷത്തിന് നിമിത്തമാകാനും അതിലൂടെ നമുക്കാകുന്നു. രാവിലെ വീട്ടിൽ ആരോടാണ് നന്ദി പ്രകാശിപ്പിക്കേണ്ടത് എന്ന് കരുതി വിഷമിക്കേണ്ട. ഭാര്യക്ക് ഭർത്താവിനെയും ഭർത്താവിന് ഭാര്യയെയും മക്കളെയും ബന്ധുക്കളെയും ഒക്കെ നന്ദിയറിയിക്കാം. ഓർക്കുക, ഒരു നന്ദി നിങ്ങളെ മാത്രമല്ല, സന്തോഷഭരിതമാക്കുന്നത്. നിങ്ങളുടെ ചുറ്റും ജീവിക്കുന്നവരെ കൂടിയാണ്!
2- വ്യായാമല്ലാതെ മറ്റെന്ത്?
ജീവിത ശൈലീ രോഗങ്ങൾ മലയാളിയെ കീഴടക്കിയ വേളയിൽ വ്യായാമത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല. മാനസികനില, ഊർജനില, ആരോഗ്യം എന്നിവ മെച്ചപ്പെടാൻ വ്യായാമം സഹായിക്കും. അതു മാത്രമല്ല, ദിവസം കൂടുതൽ പ്രൊഡക്ടീവായി ഉപയോഗിക്കാനും വ്യായാമത്തിലൂടെ സാധ്യമാകും.
വ്യായാമം ശീലമല്ല എങ്കിൽ നാളെ തന്നെ ജിമ്മിൽ പോയി ഭാരം എടുത്ത് തിരിച്ചുവരണം എന്നൊന്നുമില്ല. ആദ്യം നല്ല വേഗത്തിൽ കൈകൾ ആഞ്ഞു വീശി അര മണിക്കൂർ നടന്നു തുടങ്ങുക. അവിടെ നിന്ന് പയ്യെപ്പയ്യെ കഠിനമായ വ്യായാമങ്ങളിലേക്ക് കടക്കുക. സ്വന്തമായി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ ഒരു ട്രയിനറുടെ സഹായം തേടുക.
3- മനസ്സു നിറയ്ക്കാൻ ധ്യാനം
കണ്ണടച്ച് മന്ത്രങ്ങൾ ഉരുവിടുന്നതു മാത്രമല്ല ധ്യാനം എന്നാണ് ആദ്യമായി അറിയേണ്ടത്. ഏകാഗ്രമായി, സൂക്ഷ്മതയോടെ ചെയ്യുന്ന എന്തും ധ്യാനമാണ്. അത് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാകുമ്പോൾ സവിശേഷമായി. സ്വന്തത്തെ കുറിച്ചുള്ള തിരിച്ചറിവാണ് ധ്യാനം. ഒരു പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന ഊർജ്ജമാണ് അതു പ്രധാനം ചെയ്യുന്നത്.
ഒറ്റ ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാർത്ഥനയിൽ മുഴുകുന്നതും പ്രകൃതിയോടിണങ്ങി ലയിച്ചു ചേരുന്നതുമൊക്കെ ധ്യാനം തന്നെ.
4- വായിക്കാം, പഠിക്കാം
അതിരാവിലെ ഒരു പത്തു പേജ് വായിച്ചു തുടങ്ങി നോക്കൂ. ശരാശരി പത്തു മിനിറ്റ് മാത്രമാണ് അതിനു വേണ്ടത് എങ്കിലും അതുണ്ടാക്കുന്ന മാറ്റം ചെറുതാകില്ല. 'ദിവസം മുഴുവൻ പ്രചോദിപ്പിച്ചു നിർത്താൻ അതിനാകും' എന്നാണ് സച്‌ദേവ് പറയുന്നത്.
വായന ശീലമല്ലാത്തവർ കിട്ടുന്നതെന്തോ അത് വായിച്ചു തുടങ്ങുകയാണ് വേണ്ടത്. പിന്നെ പതിയെ ഫോക്കസ് ഏരിയയിലേക്ക് മാറാം. വായന ഒരു തലത്തിലെത്തുമ്പോൾ നിങ്ങൾ തന്നെ സ്വയം മാറുന്നത് നിങ്ങൾക്ക് അനുഭവപ്പെടും.
5- ഉണരണം, കൃത്യസമയത്ത്
ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ എപ്പോഴെങ്കിലും ഉണർന്നാൽ പറ്റില്ല. ഉണരുന്ന സമയം കൃത്യമായിരിക്കണം എന്നാണ് സച്‌ദേവ് നൽകുന്ന വലിയ ഉപദേശം.
പിന്നീട് വ്യായാമം, ധ്യാനം, വായന എന്നിവയിലേക്കൊക്കെ കടക്കാം. കുറച്ചു കൂടുതൽ സമയമെടുത്ത് പ്രാതൽ കഴിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. അതിനി തലേന്ന് രാത്രി ഉണ്ടാക്കി വച്ചാലും വേണ്ടില്ല. 'ശീലങ്ങൾ ലളിതമായിരിക്കണം. ആവശ്യപ്പെടുമ്പോൾ അതിനോട് അഡ്ജസ്റ്റാകാൻ കഴിയണം' - അദ്ദേഹം പറയുന്നു.