മൈഗ്രെയ്ൻ വലയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി ദിവസങ്ങൾക്കകം ടിക്‌ടോക് താരത്തിന് ദാരുണാന്ത്യം
വർഷങ്ങളായി മൈഗ്രെയ്ൻ തന്നെ വലയ്ക്കുകയായിരുന്നുവെന്നും സമ്മർദം മൂലമാണ് ഇതുണ്ടാവുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നതെന്നും താരം കുറിപ്പിൽ പറയുന്നു
മൈഗ്രെയ്ൻ വലയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി ദിവസങ്ങൾക്കകം ടിക് ടോക് താരത്തിന് ദാരുണാന്ത്യം. ഇംഗ്ലണ്ടിൽ നിന്നുള്ള ടിക് ടോക്ക് താരം ജെഹേൻ തോമസ് ആണ് മരിച്ചത്. ഒപ്റ്റിക് ന്യൂറൈറ്റിസ് എന്ന രോഗം വെളിപ്പെടുത്തി താരം മാർച്ച് 5ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടിരുന്നു. ഇതിന് ദിവസങ്ങൾക്കകമാണ് മരണം. കടുത്ത കടുത്ത തലവേദനകളാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്.
ടിക് ടോകിൽ 72000 ഫോളോവേഴ്‌സുള്ളയാളാണ് 30കാരിയായ ജെഹേൻ. അടുത്തിടെയാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. വർഷങ്ങളായി മൈഗ്രെയ്ൻ തന്നെ വലയ്ക്കുകയായിരുന്നുവെന്നും സമ്മർദം മൂലമാണ് ഇതുണ്ടാവുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നതെന്നും ജെഹേന കുറിപ്പിൽ പറയുന്നു. "രണ്ട് വർഷത്തോളമായി മൈഗ്രെയ്ൻ സഹിക്കുകയാണ് ഞാൻ. ഇത് സമ്മർദം മൂലമാണുണ്ടാകുന്നതെന്നായിരുന്നു ഇത്ര നാളും എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒപ്റ്റിക് ന്യൂറൈറ്റിസ് ആണ് തലവേദനകൾക്ക് കാരണമെന്ന് കണ്ടെത്തി. ഇതെന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്". ജെഹേന കുറിച്ചു.
ഇതിന് ശേഷം ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഒരു വീഡിയോയും ജെഹേന പോസ്റ്റ് ചെയ്തിരുന്നു. ചികിത്സയുടെ ഭാഗമായുള്ള ഓപ്പറേഷനെ പറ്റിയായിരുന്നു ഈ വീഡിയോയിൽ ജെഹേനയ്ക്ക് പറയാനുണ്ടായിരുന്നത്. തനിക്ക് തല പൊക്കാൻ കഴിയുന്നില്ലെന്നും പരസഹായമില്ലാതെ ഒരിടത്തേക്കും സഞ്ചരിക്കാനാവുന്നില്ലെന്നും വീഡിയോയിൽ ജെഹേന പറഞ്ഞിരുന്നു. ഈ സർജറിക്ക് ഒരാഴ്ചയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും മൈഗ്രെയ്ൻ കടുത്തതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
ജെഹേനയുടെ സുഹൃത്ത് ആലിക്‌സ് ആണ് മരണവാർത്ത പുറംലോകത്തെ അറിയിക്കുന്നത്. ജെഹേനയുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ഗോ ഫണ്ട് മീ എന്ന പേരിൽ ഒരു ഫണ്ട് റെയ്‌സർ പേജും സുഹൃത്തുക്കൾ തുടങ്ങിയിട്ടുണ്ട്.