നാവിലുണ്ടാകുന്ന ഈ മാറ്റങ്ങൾ അവഗണിക്കരുതേ; രോഗങ്ങളുടെ മുന്നറിയിപ്പാകാം...
നാവിൽ കാണപ്പെടുന്ന വെളുത്ത പാടുകള്‍ പലപ്പോഴും ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാകാം
രോഗങ്ങളുടെ മുന്നറിയിപ്പ് പല രീതിയിൽ ശരീരം നമുക്ക് കാണിച്ചുതരാറുണ്ട്. ചിലപ്പോൾ നിസ്സാരമെന്ന് തള്ളിക്കളയുന്ന അത്തരം സൂചനകളാകും പിന്നീട് പലവിധ രോഗങ്ങളിലേക്ക് നയിക്കന്നത്. ശരീരത്തിലെ പ്രധാന അവയവമായ നാവിലുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ ആരോഗ്യപ്രശ്‌നങ്ങളുടെ മുന്നറിയിപ്പായിരിക്കും. ശ്രദ്ധിക്കാതെ പോകുന്ന ചില നിറവ്യത്യാസങ്ങൾ പോലും പലരോഗങ്ങളുടെയും സൂചനയാകും.
വെളുത്ത പാടുകൾ
നാവിൽ കാണപ്പെടുന്ന വെളുത്ത പാടുകള്‍ പലപ്പോഴും ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാകാം. ഇത് ല്യൂക്കോപ്ലാകിയ എന്നും അറിയപ്പെടുന്നു. ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഓറൽ കാൻസറിലേക്ക് നയിച്ചേക്കാം. ലുക്കോപ്ലാകിയ താരതമ്യേന അപൂർവമായാണ് കാണപ്പെടാറ്. ലോകമെമ്പാടുമുള്ള 5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ ബാധിക്കാറുള്ളൂവെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും നാവിൽ വെളുത്ത പാടുകൾ കണ്ടാൽ ഡോക്ടറെ കാണിച്ച് ചികിത്സ തേടാൻ മറക്കരുത്.
നാവിലെ ചെറിയ രോമങ്ങൾ
ചിലപ്പോൾ നാവിന്റെ ഉപരിതലത്തിൽ ചെറിയ രോമങ്ങൾ പോലെ കാണപ്പെടാം. പ്രോട്ടീനുകളിൽ ഭക്ഷണമോ ബാക്ടീരിയയോ തടയുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. രോമമുള്ള നാവ് ഏത് പ്രായത്തിലും ഉണ്ടാകാം.എന്നാൽ പ്രായമായവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ചിലരിൽ മരുന്നുകൾ കഴിക്കമ്പോൾ രോമമുള്ള നാവ് കറുപ്പ് നിറത്തിലേക്ക് മാറാറുണ്ട്.ഇവ തനിയെ മാറും.എന്നിരുന്നാലും ഡോക്ടറുടെ ചികിത്സ തേടുന്നത് നല്ലതാണ്.
നാവ് ചുട്ടുപൊള്ളുക
ചെറിയ ചൂടുള്ള പാനീയം കുടിക്കുമ്പോൾ ചിലപ്പോൾ നാവ് പൊള്ളുന്ന പോലെ ചിലർക്ക് തോന്നാറുണ്ട്. ഇത് നാഡീസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമോ, അല്ലെങ്കിൽ ആസിഡ് റിഫ്‌ലക്സിന്റെ ലക്ഷണമാകാമെന്ന് ഡോക്ടർമാർ പറയുന്നു.ബേണിങ് മൗത്ത് സിൻഡ്രോം എന്ന അവസ്ഥയാണ് ഇതിന് കാരണം.
നാവിലെ മുഴകൾ
നാവിന്റെ മുകൾഭാഗത്തുള്ള ചെറിയ മുഴകൾ കാണാറുണ്ട്. ഇവ ചിലപ്പോൾ പുണ്ണുകളാവാം. ചിലരിൽ പുളിയുള്ള മിഠായി അല്ലെങ്കിൽ അസിഡിറ്റി കൂടിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് മൂലം ഇത്തരം മുഴകളുണ്ടാകാം. എന്നാൽ അപൂർവമായി നാവിന്റെ ഉപരിതലത്തിൽ കാണുന്ന ചെറിയ മുഴകൾ കാൻസറിന്റെ ലക്ഷണങ്ങളാകാമെന്ന് ഡോക്ടർമാർ പറയുന്നു. ഇവക്ക് ചിലപ്പോൾ വേദനയുണ്ടാകില്ല. ഇത്തരം ചെറിയമുഴകൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പരിശോധനകൾക്ക് ശേഷം ശരിയായ ചികിത്സ തേടേണ്ടതും വളരെ പ്രധാനമാണ്.
നാവിന്റെ ആരോഗ്യവും പ്രധാനം
അസിഡിറ്റി ഉള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
ധാരാളം വെള്ളം കുടിക്കുക
ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് പതിവായി ഗാർഗിൾ ചെയ്യുക
പുകവലി,മദ്യപാനം,പുകയിലയുടെ ഉപയോഗം എന്നിവ പൂർണമായും ഒഴിവാക്കുക.
വർഷത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തുക