ഒറ്റക്കാണെന്ന തോന്നലാണ്.. പെട്ടെന്ന് ദേഷ്യം വരുന്നു... ശരിക്കും ഡിപ്രഷനാണോ ഇത്
എല്ലാ വിഷമങ്ങളും ഡിപ്രഷനാണെന്ന് തെറ്റിദ്ധരിക്കരുത്
സങ്കടം വരാത്തവരായി ആരാണുള്ളത്! ചെറിയ കാര്യങ്ങളിൽ പോലും പൊട്ടിക്കരഞ്ഞുപോകുന്നവർ നമുക്ക് ചുറ്റും തന്നെയുണ്ടാകും. സാർവത്രികമായ ഒരു വികാരമാണ് ദുഃഖം. എന്നാൽ, ഈ ദുഃഖത്തിന്റെ അളവ് കൂടിയാലോ? ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന അവസ്ഥയുണ്ടായാലോ? വിഷാദം എന്ന ഘട്ടം ഇവിടെയാണ് ആരംഭിക്കുന്നത്. വിഷാദരോഗം അഥവാ ഡിപ്രഷൻ ഇന്ന് എല്ലാവർക്കും സുപരിചിതമായ വാക്കാണ്. ആരോഗ്യവിദഗ്ധരടക്കം ഡിപ്രഷനെ കുറിച്ച് നിരന്തരം കൃത്യമായ അവബോധം നൽകിവരികയാണ്.
നമ്മുടെ രാജ്യത്ത് തന്നെ വിഷാദരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. ഡിപ്രഷൻ എന്താണെന്ന് അറിയാമെങ്കിലും അത് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നവരാണ് ഏറെയും. എല്ലാ വിഷമങ്ങളും ഡിപ്രഷനാണെന്ന് തെറ്റിദ്ധരിക്കരുത്. ദുഃഖം വിഷാദത്തിന്റെ ഒരു ഭാഗം മാത്രമാണ്. തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന രോഗാവസ്ഥയാണ് ഡിപ്രഷൻ. ജീവിതശൈലി, ഭക്ഷണരീതി, ഉറക്കം തുടങ്ങി വ്യക്തിത്വത്തെ വരെ ബാധിക്കുമ്പോഴാണ് വിഷാദം ഒരു രോഗമായി മാറുന്നത്. വിഷാദമെന്ന് കേൾക്കുമ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകളും ഏകാന്തതയും മാത്രമാണ് മനസ്സിൽ വരുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. അതിനുമപ്പുറം നിരവധി കാര്യങ്ങൾ വിഷാദരോഗികൾ നേരിടുന്നുണ്ട്.
വിദഗ്‌ധർ പറയുന്നത്..
ദുഃഖവും വിഷാദവും ഒന്നാണെന്ന തെറ്റിദ്ധാരണകൾ തിരുത്തുകയാണ് വേദ പുനരധിവാസ & വെൽനെസിലെ ഇൻഹൌസ് സൈക്കോളജിസ്റ്റ് ആഷി തോമർ. "വിഷാദാവസ്ഥയിൽ ആയിരിക്കുക എന്നത് ദുഃഖത്തിൽ നിന്ന് വ്യത്യസ്തമാണ്. വിഷാദരോഗത്തിന് ദീർഘകാല ചികിത്സ ആവശ്യമായി വന്നേക്കാം. ദുഃഖം അവിഭാജ്യ ഘടകമാണെങ്കിലും ഇതൊരിക്കലും വിഷാദത്തിന് തുല്യമല്ല"; ആഷി തോമർ വ്യക്തമാക്കി.
സങ്കടം ഡിപ്രഷനാകുന്നത് എപ്പോൾ!
അത്രയും പ്രിയപ്പെട്ട ഒരാൾ അകന്നുപോകുമ്പോഴോ, ജോലി നഷ്ടപ്പെടുമ്പോഴോ, സാമ്പത്തിക പ്രശ്നങ്ങളാലോ, കൂടെയുണ്ടായിരുന്ന ഒരാൾ മരണപ്പെടുമ്പോഴോ അതീവ ദുഃഖം അനുഭവപ്പെട്ടേക്കാം. പക്ഷേ, ഇത്തരം സാഹചര്യങ്ങളോടുള്ള സാധാരണ പ്രതികരണം മാത്രമാണിത്. എന്നാൽ, ഇതേ അവസ്ഥ ദീർഘകാലം തുടരുകയാണെങ്കിൽ.. കാലക്രമേണ മെച്ചപ്പെടുന്നില്ലെങ്കിൽ സ്ഥിതി വഷളായേക്കാം. ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കാൻ തുടങ്ങുകയാണെങ്കിൽ വിഷാദരോഗം നിങ്ങളെ പിടികൂടിയതായി സംശയിക്കേണ്ടിയിരിക്കുന്നു.
ശ്രദ്ധിക്കണം ലക്ഷണങ്ങൾ..
ഡിപ്രഷൻ തന്നെയെന്ന് ഉറപ്പിക്കുന്നതിന് മുൻപ് നിങ്ങളെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാഴ്ചയെങ്കിലും അനുഭവപ്പെടുന്ന ലക്ഷണങ്ങൾ മനസിലാക്കണം. അതുമായി പൊരുത്തപ്പെടണം. നിരാശ, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ് തുടങ്ങി ആത്മഹത്യ പ്രവണത വരെ നീളുന്നു ഡിപ്രഷന്റെ ലക്ഷണങ്ങൾ.
ഒന്നിലും താല്പര്യമില്ലാതിരിക്കുക, ഏകാന്തത, അകാരണമായ ദുഃഖം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എല്ലാത്തിനോടും വെറുപ്പ്, കൂടുതലോ കുറവോ ഉറങ്ങുക തുടങ്ങിയവയും ഡിപ്രഷന്റെ പ്രധാന ലക്ഷണങ്ങളാണ്.
സങ്കടവും വിഷാദവും..
ചെറിയ സങ്കടമുള്ളപ്പോഴും സാധാരണ ജീവിതം നയിക്കുക പലർക്കും എളുപ്പമാണ്. എന്നാൽ, വിഷാദരോഗത്തിലായിരിക്കുമ്പോൾ സാധാരണ ആസ്വദിച്ചുകൊണ്ടിരുന്ന കാര്യങ്ങളോട് പോലും ഒട്ടും താല്പര്യമില്ലാതെ വന്നേക്കാം. ഒരാളോട് സംസാരിക്കുന്നത് പോലും ബുദ്ധിമുട്ടുണ്ടായി അനുഭവപ്പെട്ടേക്കാം.
സങ്കടം ചിലപ്പോൾ ഒരാളോട് തുറന്നുപറഞ്ഞാൽ തന്നെ ആശ്വാസം നേടാൻ സാധിക്കും. എന്നാൽ, വിഷാദത്തിന്റെ കാര്യം നേരെ മറിച്ചാണ്. എന്തൊക്കെ പരീക്ഷണങ്ങൾ നടത്തിയാലും പരാജയപ്പെടാൻ മാത്രമാവുമുണ്ടാവുക. രണ്ടാഴ്ചയിൽ കൂടുതൽ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടുക.
മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഒരു സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും പ്രൊഫഷണൽ സഹായം തേടുന്നത് വളരെ സഹായകരമാണ്. മാനസികാരോഗ്യ ചികിത്സകളിലും ചികിത്സകളിലും വിദഗ്ധനായ ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുകയാണ് പ്രധാനം.
നിത്യജീവിതത്തിൽ നമുക്കുണ്ടാകുന്ന സാധാരണ ശാരീരിക പ്രശ്നങ്ങളെ പോലെ തന്നെയാണ് മാനസിക പ്രശ്നങ്ങളുമെന്ന് തിരിച്ചറിയുക. മറ്റൊരാളുടെ സഹായം തേടാനോ ചികിത്സ തേടാനോ യാതൊരു മടിയും വിചാരിക്കേണ്ടതില്ല. രോഗികൾ മാത്രമല്ല, ഒപ്പമുള്ളവരും ഇക്കാര്യം മനസിലാക്കേണ്ടതുണ്ട്. അവരെ ചേർത്തുനിർത്തുക, ഒപ്പം നിൽക്കുക. ചികിത്സക്കൊപ്പം ഇതും ഗുണകരമാണ്.