തലയിണക്കവറുകൾ ഒരാഴ്ചയിൽ കൂടുതൽ ഉപയോഗിക്കാറുണ്ടോ? ടോയ്‌ലെറ്റ് സീറ്റിനേക്കാൾ 17,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം
ഗുരുതരമായ അലർജി,അണുബാധ, ന്യൂമോണിയ പോലുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു
തലയിണയില്ലാതെ ഉറങ്ങുന്ന കാര്യം ചിന്തിക്കാൻ പോലുമാകില്ല. രണ്ടുമൂന്നും തലയിണയൊക്കെയുണ്ടായാലേ ചിലർക്ക് ശരിക്കും ഉറക്കം തന്നെ വരൂ. എന്നാൽ തലയിണക്കവറുകൾ കൃത്യമായ ഇടവേളകളിൽ അലക്കിടാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ.. ?ഏറ്റവും കുറഞ്ഞത് ഒരാഴ്ച കൂടുമ്പോഴെങ്കിലും തലയിണക്കവറുകൾ മാറ്റിയിടാറുണ്ടോ...?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങളെ പേടിപ്പെടുത്തുന്ന പഠനറിപ്പോർട്ടാണ് അടുത്തിടെ പുറത്ത് വന്നിരിക്കുന്നത്.
മെത്തകമ്പനിയായ അമേരിസ്ലീപ്പിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയിൽ കൂടുതൽ അലക്കാത്ത തലയിണക്കവറുകളിലും കിടക്കവിരിയിലും ഒരു ചതുരശ്ര ഇഞ്ചിൽ മൂന്ന് ദശലക്ഷം മുതൽ അഞ്ച് ദശലക്ഷം വരെ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു.
ഒരാഴ്ചയിൽ കൂടുതൽ ഉപയോഗിച്ച തലയിണക്കവറുകളിൽ ടോയ്ലറ്റ് സീറ്റിൽ ശരാശരി അടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെ 17,000 മടങ്ങ് വരെ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ബാത്‌റൂമിന്റെ വാതിൽ പിടിയിൽ നിന്ന് കണ്ടെത്തിയ ബാക്ടീരിയേക്കാൾ 25000 മടങ്ങ് തലയിണകളിൽ കണ്ടെത്തിയെന്നും പഠനത്തിലുണ്ട്.
കിടക്കുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ, വിയർപ്പ്, മേക്കപ്പ്, ലോഷനുകൾ, മുടി, വളർത്തുമൃഗങ്ങളുടെ രോമം മുതൽ ഫംഗസ് വരെ നിങ്ങളോടൊപ്പം ആ കിടക്കയിലേക്ക് എത്തും. ചർമ്മത്തിലെ മൃതകോശങ്ങളും വിയർപ്പും പൊടിപടലങ്ങളുമെല്ലാം ബാക്ടീരിയകളെ പെരുകാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. ഇത് ഗുരുതരമായ അലർജി രോഗങ്ങൾക്കും അണുബാധക്കും ന്യൂമോണിയ പോലുള്ള ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാസിലി ബാക്ടീരിയകളും തലയിണക്കവറുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
തലയിണക്കവറുകൾ എങ്ങനെ വൃത്തിയാക്കാം
തലയിണക്കവറുകൾ രോഗകാരിയാകാതിരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട മാർഗം ആഴ്ചയിലൊരിക്കൽ നിങ്ങളുടെ കിടക്കവിരിയും തലയിണക്കവറുകളും അലക്കി ഉണക്കിയെടുക്കുക എന്നതാണ്. എണ്ണതേച്ച് ദിവസവും കുളിക്കുന്നവർ, പതിവായി മേക്കപ്പിടുന്നവർ, ഉറങ്ങുമ്പോൾ നന്നായി വിയർക്കുന്നവർ എന്നിവർ രണ്ടോ മൂന്നോ ദിവസം കൂടുമ്പ് തന്നെ തലയിണക്കവറുകൾ മാറ്റണം. മുഖത്തോട് എപ്പോഴും ചേർന്ന് കിടക്കുന്നതിനാൽ തലയിണക്കവറുകൾ ചെറുചൂടുവെള്ളത്തിൽ സോപ്പിട്ട് കഴുകുന്നതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു.