യു.എസിൽ കുരങ്ങു പനി സ്ഥിരീകരിച്ചു; കൂടുതൽ പേരിൽ രോഗം പടരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
സ്പെയിനിലും പോർച്ചുഗലിലും 40ലധികം പേർക്ക് കുരങ്ങുപനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ
മോൺട്രിയൽ: അമേരിക്കയിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽപേരിൽ രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
അതേസമയം യുകെയിൽ കുരങ്ങുപനി വ്യാപിക്കുകയാണ്. പുതുതായ് നാലു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഒമ്പത് കേസുകളാണ് യു.കെയിൽ സ്ഥിരീകരിച്ചത്. സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാർ എന്നിവരിലാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗികബന്ധങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്ന നിർദേശം വന്നിട്ടുണ്ട്.
യുകെയിൽ സ്ഥിരീകരിച്ച കുരങ്ങുപനി കേസുകളിൽ ആദ്യത്തേത് നൈജീരിയയിൽ യാത്ര പോയി തിരിച്ചെത്തിയ വ്യക്തിയുടേതാണ്. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗമെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിക്കുന്നത്. ചിക്കൻപോക്‌സ് പേലെ തോന്നിക്കുമെങ്കിലും ചിക്കൻപോക്‌സിനെക്കാളും വേദനയും അസ്വസ്ഥതകളും നിറഞ്ഞതാണ് കുരങ്ങുപനിയുടെ അനുഭവമെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരുമെന്നതിനാൽ രോഗികൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് നിൽക്കണം.
പോർച്ചുഗൽ, സ്പെയിൻ, യു.കെ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വൈറസ്ബാധ സ്ഥരീകരിച്ചിരുന്നു. സ്പെയിനിലും പോർച്ചുഗലിലും 40ലധികം പേർക്ക് കുരങ്ങുപനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.