ശരീരഭാരം കൂടിയോ; വേവലാതിപ്പെടാൻ വരട്ടെ, വഴികളേറെയുണ്ട്
സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് ലക്ഷ്യം നേടാൻ കഴിയില്ലെന്ന് മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ശരീര ഭാരം കൂടുന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ, ശരീരം ഭാരം കുറയ്ക്കാനുള്ള പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശരീരഭാരം കൂടിയതിന്റെ പേരിൽ ശാരീരിക പ്രയാസത്തെക്കാൾ മാനസികപ്രയാസം അനുഭവിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. നീ വല്ലാതെയങ്ങ് തടിച്ചല്ലോ, ദേ വയറ് ചാടി തുടങ്ങിയല്ലോ? കിട്ടുന്നതല്ലാം വാരിവലിച്ചു കഴിക്കുന്നത് നിർത്താനായില്ലേ... ഇങ്ങനെ ആയിരമായിരം ചോദ്യങ്ങളും അതിനേക്കാൾ ഉപദേശവും കേട്ടുമടുത്തിരിക്കും. മറ്റുള്ളവരുടെ പരിഹാസങ്ങൾ സഹിക്കവയ്യാതെ തടികുറക്കാൻ പട്ടിണികിടക്കുന്നവരും കുറവല്ല. പട്ടിണികിടന്ന് തടികുറയ്ക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് ശാസ്ത്രം പറയുന്നത്.
സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് വഴി ലക്ഷ്യം നേടാൻ കഴിയില്ലെന്ന് മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ശരിയായ ജീവിതശൈലിയും വ്യായാമവും ചെയ്യുന്ന ഒരാളാണെങ്കിൽ ഇടയ്ക്ക് വിശപ്പ് അനുഭവപ്പെടാം. ശരീര ഭാരം കൂടുന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ, ശരീരം ഭാരം കുറയ്ക്കാനുള്ള പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യകവും ആകാരവുമുള്ള ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ചില ശീലങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കിയാൽ മാത്രം മതി. ഡയറ്റ് ഇല്ലാതെ ശരീര ഭാരം കുറയ്ക്കുന്നതിനുള്ള എളുപ്പ വഴികൾ ഏതെല്ലാമെന്ന് നോക്കാം.
വെളളം കുടിക്കാം
ആവശ്യത്തിന് വെള്ളം കുടിക്കുക. വെള്ളം ഒരാളുടെ ഉപാപചയ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഒരു മനുഷൻ ഒരു ദിവസം ശരാശരി എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
നാരുകളടങ്ങിയ ഭക്ഷണങ്ങൾ
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽനിന്നും 20 ഗ്രാം നാരുകൾ ലഭിക്കണം. പച്ചക്കറികൾ വേവിച്ചു കഴിയ്ക്കുന്നത് നല്ലതാണ്. ദിവസവും ഒരോ തരം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.
കാൽസ്യം, വിറ്റാമിൻ ഡി
കാൽസ്യം, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഓറഞ്ച്, പാൽ, കടൽ മത്സ്യം തുടങ്ങിവ ഉൾപ്പെടുത്തുക.
പ്രോട്ടീൻ
ചൂര, ചിക്കൻ ബ്രെസ്റ്റ്, മുട്ട, വേവിച്ച ഉരുളക്കിഴങ്ങ് തുടങ്ങി പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. ഇവ വയറിലെ കൊഴുപ്പ് കുറക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വിശപ്പ് ഹോർമോണുകളെ അകറ്റി നിർത്താനും സഹായിക്കുന്നു. ഒരു കിലോ ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
ഗ്രീൻ ടീ
ഒരു കപ്പ് ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ വിഷമുക്തമാക്കാനും ഗ്രീൻ ടീ ഉത്തമം. ഗീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീര താപനില വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീനും ഇതിൽ അടങ്ങിയിരിക്കുന്നു.
ഇടവിട്ടുള്ള ഉപവാസം
ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ച് സമയത്തേക്ക് ഉപവസിക്കാം. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളാനും വിഷാംശം ഇല്ലാതാക്കാനും ശരീരത്തിന് സമയം നൽകുക എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. ഇത് ശരീരത്തിന്റെ സർക്കാഡിയൻ റിഥവുമായി കൂടുതൽ പൊരുത്തപ്പെടുന്നതായി കണക്കാക്കപ്പെടുന്നു.
വ്യായാമം ശീലമാക്കുക
ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് വഴി മസിലുകൾ കൂടുകയും ഇതുവഴി മെറ്റബോളിസം വർധിക്കുകയും ചെയ്യുമെന്നാണ് പോഷകവിദഗ്ധരുടെ അഭിപ്രായം