'കണ്ണുചിമ്മാൻ പാടാണ്, ചിരിക്കാൻ പോലും ബുദ്ധിമുട്ടുന്നു'; വില്ലൻ ബെൽസ് പാൾസിയോ?
നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാൾസി ബാധിച്ചു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഈ രോഗത്തെ കുറിച്ച് കൂടുതലറിയാം
നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാൾസി ബാധിച്ചു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഈ രോഗം വീണ്ടും ചർച്ചയായിരിക്കുകയാണ്. ബെൽസ് പാൾസി എന്ന രോഗം തന്നെ ബാധിച്ചിരിക്കുകയാണ് എന്നും ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാൻ കഴിയുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞു പോകുന്നു എന്നും മിഥുൻ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടൻ മനോജ് കുമാറിനും സമാനമായ അസുഖം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയുമായിരുന്നു.
എന്താണ് ബെൽസ് പാൾസി?
മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. തൻമൂലം മുഖത്തിന്റെ ഒരു വശം കോടിപ്പോവുകയും ചിരിക്കാനും കണ്ണടക്കാനുമെല്ലാം ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. എന്നാൽ ഇത് താത്കാലികമായി സംഭവിക്കുന്ന രോഗാവസ്ഥയാണ്. ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ ഈ രോഗം ഭേദമാകും.
ഏതു പ്രായത്തിലുള്ളവരിലും ഈ രോഗം കാണാമെങ്കിലും 16നും 60നും ഇടയിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഈ രോഗത്തെ കുറിച്ച് ആദ്യമായി വിവരണം നടത്തിയ സ്‌കോട്ടിഷ് അനാട്ടമിസ്റ്റ് ചാൾസ് ബെല്ലിന്റെ പേരിലാണ് ബെൽസ് പാൾസി അറിയപ്പെടുന്നത്.
രോഗലക്ഷണങ്ങൾ
. മുഖത്തിന്‍റെ ഒരു ഭാഗത്ത് മാത്രം അനുഭവപ്പെടുന്ന ബലഹീനത
. മുഖത്തെ നാഡിയിലുണ്ടാവുന്ന വീക്കം
. ചിരിക്കാനുള്ള ബുദ്ധിമുട്ട്
. വരണ്ട കണ്ണ്, വായ
. വായ കോടുന്നത് മൂലം ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്
. തലവേദന
. രുചി വ്യത്യാസം
ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടണം. ഒരിക്കലും സ്വയം രോഗനിർണയം നടത്തരുത്. സ്‌ട്രോക്ക് അല്ലെങ്കിൽ ബ്രെയിൻ ട്യൂമർ പോലുള്ള മറ്റ് ഗുരുതരമായ അവസ്ഥകളുടേതിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായെന്നു വരാം.
ഗർഭിണികൾ, പ്രമേഹമുള്ളവർ, ശ്വാസകോശത്തിൽ അണുബാധയുള്ളവർ തുടങ്ങിയവർക്ക് രോഗ സാധ്യത കൂടുതലാണ്. കണ്ണുകൾ വരണ്ടിരിക്കുന്നതിനാൽ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത തുണികൊണ്ട് കണ്ണിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. കൂടാതെ മുഖത്തെ പേശികളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഫിസിക്കൽ തെറാപ്പികൾ ചെയ്യുന്നതും ഗുണകരമാണ്.