സ്വന്തം തലമുടി കഴിക്കുന്ന പെൺകുട്ടികൾ..! രോഗലക്ഷണങ്ങളില്ല, കണ്ടെത്തുന്നത് ഇങ്ങനെ..
ലോകത്തിൽ അപൂർവം ചിലരിൽ മാത്രം കണ്ടുവരുന്ന അസുഖമാണിത്
സ്വന്തം തലമുടി കഴിക്കുന്ന അസുഖം എന്ന് കേട്ടാൽ ചിലരിലെങ്കിലും ഞെട്ടലുണ്ടാകാതിരിക്കില്ല. അതെ, ലോകത്തിൽ അപൂർവം ചിലരിൽ മാത്രം കണ്ടുവരുന്ന അസുഖമാണിത്. റാപുൻസൽ സിൻഡ്രോം (Rapunzel Syndrome) എന്നാണ് ഈ രോഗാവസ്ഥയെ വിളിക്കുന്നത്. 1968ലാണ് ഈ രോഗത്തെ കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയത്. ഈ അവസ്ഥ ആൺകുട്ടികളേക്കാൾ പെൺകുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും പത്ത് കേസുകളിൽ എട്ട് കേസുകളും കുട്ടികളിലും കൗമാരക്കാരിലുമായാണ് കണ്ടുവരുന്നത്. അതില്‍ കൂടുതലും 30 വയസില്‍ താഴെയുള്ള യുവതികളാണ് എന്നതാണ് ശ്രദ്ധേയം.
വർഷങ്ങളോളം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ തന്നെ വളരെ വൈകിയാണ് രോഗം കണ്ടുപിടിക്കുന്നത്. അപ്പോഴേക്കും മുടി ഒരു ബോളിനോളം വലിപ്പത്തിലായി മാറിയിരിക്കും. അതുകൊണ്ട് തന്നെ ഇത് പുറത്തെടുക്കാൻ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. ഈയിടെ ചെക്ക് റിപ്പബ്ലിക്കില്‍ പതിനൊന്ന്കാരിയുടെ വയറ്റില്‍ നിന്ന് ഒരു കപ്പോളം വലിപ്പത്തിലുള്ള മുടിക്കെട്ട് പുറത്തെടുത്തിരുന്നു. കഴിഞ്ഞ നവംബറിൽ മുംബൈയിൽ പതിമൂന്ന്കാരിയുടെ വയറ്റിൽ നിന്നും ഒരു കിലോയോളം മുടിയാണ് ഇത്തരത്തിൽ പുറത്തെടുത്തത്.
ട്രൈക്കോഫാഗിയ
രോഗം ബാധിച്ചവർ നിരന്തരമായി അവരുടെ തലമുടി കഴിക്കാൻ തുടങ്ങും. ഈ അവസ്ഥയെ ട്രൈക്കോഫാഗിയ എന്ന് പറയുന്നു. ഇത്തരത്തിൽ ധാരാളമായി മുടി കഴിക്കുന്നത് ആമാശയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ആരോഗ്യനില വഷളാകാനും കാരണമാകുന്നു. മുടി ദഹിക്കാത്തത് കൊണ്ടുതന്നെ ഇത് മലദ്വാരത്തിലൂടെ പുറത്ത് പോകാതെ കാലക്രമേണ ഇത് വലിയ ഹെയർ ബോൾ ആയി മാറുന്നു. ഒടുവിൽ ദഹന പ്രക്രിയകൾക്ക് തടസ്സമാവുകയും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു.
പ്രധാനമായി കാണുന്ന ലക്ഷണങ്ങൾ
. വയറു വേദന
. വീർപ്പുമുട്ടൽ
. വയറ് പെട്ടന്ന് നിറഞ്ഞതായി തോന്നുന്നു
. ഭാരം കുറയുന്നു
. ഓക്കാനം
. ഭക്ഷണം കഴിച്ചതിനു ശേഷം ഛർദിക്കുക
. തലയോട്ടിയിലെ രോമം കൊഴിയൽ
. വായനാറ്റം
അതേസമയം തന്നെ മാനസിക വൈകല്യങ്ങൾ, വിഷാദം തുടങ്ങി ഈ രോഗം ബാധിച്ചവർ കുട്ടിക്കാലത്ത് അനുഭവിച്ച അവഗണകൾ പോലും ഓർത്തു വിഷമിക്കാറുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കഴിക്കുന്ന മുടിയുടെ അളവ് കൂടുമ്പേൾ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുന്നു. മഞ്ഞപ്പിത്തം, ആമാശയത്തിലെയും ചെറുകുടലിലെയും മ്യൂക്കസ് പാളിയുടെ ശോഷണം, ആമാശയ പാളിയിലെ വീക്കം, പാൻക്രിയാസിൽ വീക്കം, ചെറുകുടലിനുള്ളിൽ ദ്വാരങ്ങൾ വീഴുക തുടങ്ങിയവ രോഗത്തിന്റെ തീവ്രത കാണിക്കുന്നു
ചികിത്സ
ഹെയർ ബോൾ വളരെയധികം വളരുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ചു തുടങ്ങുന്നു. തുടർന്നു നടത്തുന്ന ടെസ്റ്റിലായിരിക്കും റാപൻസൽ സിൻഡ്രോം ആണെന്ന് കണ്ടെത്തുന്നത്. അപ്പോഴേക്കും കൂടുതൽ പേരിലും ഹെയർ ബോൾ വളരെ അധികം വലുതായിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ഇത് വായിലൂടെ പുറത്തെടുക്കാൻ സാധിക്കാതെ വരികയും ശസ്ത്രക്രിയ ആവശ്യമാവുകയും ചെയ്യുന്നു.