വന്ധ്യംകരണം ഇത്ര സിമ്പിളാണോ? അറിയേണ്ട കാര്യങ്ങൾ
ജനന നിയന്ത്രണത്തിന്റെ ശാശ്വത മാർഗമാണ് വന്ധ്യംകരണം
ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ട് മുമ്പോട്ടുവയ്ക്കപ്പെട്ട ആശയങ്ങളിലൊന്നാണ് വന്ധ്യംകരണം. ആദ്യകാലത്ത് സ്ത്രീ വന്ധ്യംകരണത്തിനായിരുന്നു പ്രാധാന്യമെങ്കിൽ പിന്നീടത് പ്രത്യുൽപ്പാദന-ശിശു ആരോഗ്യ കേന്ദ്രീകൃത സമീപനത്തിലേക്ക് മാറി. കുടുംബാസൂത്രണത്തിനായി ദേശീയ തലത്തിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച ആദ്യത്തെ രാഷ്ട്രമാണ് ഇന്ത്യ. പലതരം ഗർഭ നിരോധന മാർഗങ്ങൾ രാജ്യത്തുടനീളം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് വന്ധ്യംകരണം
ജനന നിയന്ത്രണത്തിന്റെ ശാശ്വത മാർഗമായാണ് വന്ധ്യംകരണം അറിയപ്പെടുന്നത്. സ്ത്രീകളിൽ ഈ പ്രക്രിയയ്ക്ക് ട്യൂബൽ ലിഗേഷൻ (ട്യൂബക്ടമി) എന്നും പുരുഷന്മാരിൽ വാസക്ടമി എന്നു പറയും. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ 15 മുതൽ 30 മിനിറ്റു വരെ സമയം കൊണ്ട് ഈ ശസ്ത്രക്രിയ ചെയ്യാം.
സ്ത്രീകളിൽ
ഫെല്ലോപിയൻ ട്യൂബ് ബ്ലോക്ക് ചെയ്യുന്നതാണ് ട്യൂബൽ ലിഗേഷനിലെ രീതി. ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഫെല്ലോപിയൻ ട്യൂബുകൾ വീണ്ടും കൂട്ടിച്ചേർക്കാനും സാധിക്കും. ട്യൂബക്ടമി ചെയ്താലും അപൂർവ്വമായി ഗർഭം ധരിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഗർഭപാത്രത്തിന് പുറത്ത് ഗർഭമുണ്ടാകാനുള്ള റിസ്‌കും നിലനിൽക്കുന്നു. എക്ടോപിക് പ്രിഗ്നൻസി എന്നാണ് ഇതിനെ വിളിക്കുന്നത്. ശസ്ത്രക്രിയ ചെയ്താലും പതിവു പോലെ ആർത്തവം സംഭവിക്കും.
പുരുഷന്മാരിൽ
ശുക്ലമുണ്ടാക്കാനുള്ള പുരുഷന്റെ കഴിവ് വെട്ടിക്കുറയ്ക്കുകയോ തടയുകയോ ചെയ്യുന്ന ശസ്ത്രക്രിയയാണ് വാസെക്ടമി. വൃഷണങ്ങളിൽ നിന്ന് ലിംഗത്തിലേക്ക് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന കുഴൽ തടസ്സപ്പെടുത്തുകയോ മുറിക്കുകയോ ആണ് ഈ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും വൃഷണങ്ങൾ ബീജോത്പാദനം നടത്തുമെങ്കിലും അവ ശുക്‌ളം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയിലേക്ക് എത്തിച്ചേരാതെ തടയപ്പെടുന്നു. വാസക്ടമിക്കു ശേഷവും പുരുഷന് സ്ഖലനം സംഭവിക്കുമെങ്കിലും ശുക്‌ളത്തിൽ ബീജത്തിന്റെ സാന്നിധ്യമുണ്ടാവില്ല. അതിനാൽ, ബീജസംയോഗവും ഗർഭവും ഉണ്ടാവില്ല.
ഗർഭനിരോധ ഗുളികകൾ
വന്ധ്യംകരണത്തിന് പുറമേ, ഗർഭനിരോധനത്തിനായി പല വഴികൾ സ്വീകരിക്കാം. ഐയുഡി, ഗുളികകൾ, ഹോർമോൺ ഇഞ്ചക്ഷനുകൾ, ഗർഭനിരോധന ഉറകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
അനാവശ്യഗർഭധാരണം ഒഴിവാക്കാനാണ് സാധാരണ ഗതിയിൽ ഗുളികകൾ (കോൺട്രാസെപ്റ്റീവ് പിൽസ്) ഉപയോഗിക്കുന്നത്. ഹോർമോൺ വഴിയാണ് ഗുളികകൾ ഗർഭനിരോധനം സാധ്യമാക്കുന്നത്.
ഗർഭനിരോധന ഗുളികകൾ രണ്ടു തരമാണ്. ഒന്ന്, ദിനംപ്രതി കഴിക്കേണ്ടവ. രണ്ട്, ഐ പിൽ പോലുള്ളവ. ഇവ തന്നെ രണ്ടു തരമുണ്ട്, എമർജൻസി പിൽസ് എന്നറിയപ്പെടുന്നവയും സ്ഥിരമായി കഴിയ്ക്കേണ്ടവയും. അപ്രതീക്ഷിതമായി നടക്കുന്ന സെക്സിലൂടെയുള്ള ഗർഭധാരണം തടയാനാണ് എമർജൻസി ഐ പിൽ ഉപയോഗിയ്ക്കുന്നത്. സ്ഥിരമായി കഴിയ്ക്കുന്ന പിൽസുമുണ്ട്. ഇത് ഒരു ദിവസം പോലും മുടങ്ങാതെ കഴിയ്ക്കേണ്ടവയാണ്. ഒരു ദിവസം മുടങ്ങുന്നതോ, എന്തിന് നേരം തെറ്റി കഴിയ്ക്കുന്നതോ പോലും ചിലപ്പോൾ ഗുണം നൽകാതിരിയ്ക്കും.
ഗുളികകൾ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഐ പിൽ പോലുള്ള എമർജൻസി ഗുളികകൾ മാത്രമാണ് തനിയെ വാങ്ങിക്കഴിക്കാൻ സാധിക്കുന്നത്. ഇവ തുടർച്ചയായി ഉപയോഗിക്കുന്നതും നല്ലതല്ല.
ഗർഭനിരോധന ഉറകൾ, കോപ്പർ ടി, വിതഡ്രോവൽ മെത്തേഡ്, ഇഞ്ചക്ഷൻ എന്നിവയും ഗർഭനിരോധനത്തിന് സ്വീകരിക്കുന്ന മാർഗങ്ങളാണ്. വ്യാപകമായി ഉപയോഗിക്കുന്ന ഗർഭനിരോധന ഉപാധിയാണ് കോണ്ടം. വജൈനയിലൂടെ ഫെല്ലോപിയൻ ട്യൂബിൽ കടത്തിവയ്ക്കുന്ന ഉപകരണമാണ് കോപ്പർ ടി. ടി ആകൃതിയിലുള്ള ചെമ്പിന്റെ ചെറിയ ഉപകരണമാണത്.