നാരങ്ങാത്തൊലി വെറുതേ കളയേണ്ട; ഫലപ്രദമായി ഇങ്ങനെ ഉപയോഗിക്കാം
ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട് ചെറുനാരങ്ങയുടെ തൊലിക്ക്. പ്രധാനമായും ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
വലിപ്പത്തിൽ ചെറുതാണെങ്കിലും ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള പഴമാണ് ചെറുനാരങ്ങ. വെള്ളത്തിൽചേർത്തു കുടിക്കാനും വിവിധ ഭക്ഷണാവശ്യങ്ങൾക്കും മുതൽ ശരീരസംരക്ഷണത്തിനടക്കം കേമനാണ് ഈ ഇത്തിരിക്കുഞ്ഞൻ. ചെറുനാരങ്ങാ നീരും പൾപ്പും മാത്രമല്ല തൊലിയും വളരെ ഉപകാരപ്രദമാണ്. ചെറുനാരങ്ങയുടെ തൊലി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു നോക്കാം.
ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട് ചെറുനാരങ്ങയുടെ തൊലിക്ക്. പ്രധാനമായും ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. മാനസികസമ്മര്‍ദം അകറ്റുന്നതിനും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും സഹായകരമാണ്. ദഹനം എളുപ്പമാക്കുന്നതിനും വായയുടെ ആരോഗ്യം സംരക്ഷിക്കാനും ഷുഗര്‍നില നിയന്ത്രിക്കാനും ഇവ ഫലപ്രദമാണ്.
ചെറുനാരങ്ങാത്തൊലി ഉണക്കി പൊടിച്ചും സൂക്ഷിച്ചുവെക്കാം. ഇത് ഇറച്ചി വിഭവങ്ങളിലോ ഡിസേര്‍ട്ടുകളിലോ കോക്ക്‌ടെയിലുകളിലോ ചേർത്താൽ രുചിയെ സ്വാധീനിക്കും. സലാഡുകളിലും സൂപ്പുകളിലും ഡിസേര്‍ട്ടുകളിലുമെല്ലാം ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് ചേർക്കാം.
അച്ചാര്‍, സോസുകള്‍, ഡിപ്പുകള്‍ എന്നിവയിൽ ചെറുനാരങ്ങാത്തൊലി അരച്ച് ചേർക്കാം. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറുനാരങ്ങാ തൊലി- റോസ് മേരി പോലുള്ള ഹെര്‍ബുകള്‍ കൂടി ചേര്‍ത്ത് അരച്ചുവച്ച് എടുത്തുവയ്ക്കുകയാണെങ്കില്‍ ഇത് സ്‌പ്രെഡുകള്‍ക്കൊപ്പം (ബട്ടര്‍ പോലുള്ള) അല്‍പം തേച്ച് കഴിക്കാം.
തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ഇതില്‍ പാനീയങ്ങള്‍ പ്രധാനമാണ്. ഇത്തരത്തിൽ ഒരു പാനീയമാണ് ലെമണ്‍ പീല്‍, ഇഞ്ചി എന്നിവ ചേര്‍ത്തുള്ളത്. തടി കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ മോണിങ് ഡ്രിങ്കാണിത്. ചെറുനാരങ്ങാത്തൊലിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫ്‌ളേവനോയ്ഡുകളും ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും കൊഴുപ്പ് കത്തിച്ചുകളയാനും സഹായിക്കുന്നു. വൈറ്റമിന്‍ സി അടക്കം പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.