ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൈപ്പോഗ്ലൈസീമിയയിൽ നിന്ന് രോഗിയെ രക്ഷിക്കുന്നതിൽ കുടുംബങ്ങൾക്കും കൂട്ടുകാർക്കുമെല്ലാം പലപ്പോഴും വലിയ പങ്ക് വഹിക്കാനാകും
ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്‍റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക..ദേഷ്യം, അമിത വിശപ്പ്, ക്ഷീണം, വിയർപ്പ്, നെഞ്ചിടിപ്പ് കൂടുക, കണ്ണിൽ ഇരുട്ട് കയറുക, കൈകാലുകളിൽ വിറയൽ, തലകറക്കവും തലവേദനയും തുടങ്ങിയവ.
ഹൈപ്പോഗ്ലൈസീമിയയിൽ നിന്ന് രോഗിയെ രക്ഷിക്കുന്നതിൽ കുടുംബങ്ങൾക്കും കൂട്ടുകാർക്കുമെല്ലാം പലപ്പോഴും വലിയ പങ്ക് വഹിക്കാനാകും. എന്നാൽ തീവ്രമായ രീതിയിൽ ഹൈപ്പോഗ്ലൈസീമിയ വരികയാണെങ്കിൽ ഒപ്പമുള്ളവരുടെ സഹായം ആവശ്യമാണ്. കാരണം സ്വയം ഗ്ലൂക്കോസ് കഴിക്കാൻ കഴിഞ്ഞെന്ന് വരില്ല. മാത്രമല്ല തനിക്ക് ഗ്ലൂക്കോസ് വേണമെന്ന് പറയാൻ പോലും കഴിഞ്ഞെന്നും വരില്ല. അതുകൊണ്ടാണ് ഒപ്പമുള്ളവർക്ക് ഹൈപ്പോഗ്ലൈസീമിയയെക്കുറിച്ചുള്ള ധാരണ നേരത്തെ തന്നെ നൽകണമെന്ന് പറയുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരം രോഗികൾ ഇക്കാര്യം വിശദമാക്കുന്ന ഐ.ഡി. കാർഡ് കരുതാറുണ്ട്.
ഹൈപ്പോഗ്ലൈസീമിയ വന്ന രോഗിക്ക് ബോധമുണ്ടെങ്കിൽ മാത്രമേ ഗ്ലൂക്കോസ് വായിലൂടെ നൽകാൻ സാധിക്കുകയുള്ളൂ. അബോധാവസ്ഥയിലുള്ള വ്യക്തിയുടെ വായിലേക്ക് ഗ്ലൂക്കോസ്പൊടി വെച്ചാൽ അത് ശ്വാസകോശത്തിലേക്ക് കടക്കാനും സങ്കീർണതകൾക്ക് ഇടയാക്കുകയും ചെയ്യാം. ഹൈപ്പോഗ്ലൈസീമിയ കാരണം അബോധാവസ്ഥയിലായ രോഗിയുടെ നാവിൽ തേൻ പുരട്ടുന്നത് പ്രയോജനം ചെയ്യും. ആദ്യം 15 ഗ്രാം ഗ്ലൂക്കോസ് നൽകുക. അതായത് ഒരു ടേബിൾ സ്പൂൺ അഥവാ മൂന്ന് ടീസ്പൂൺ ഗ്ലൂക്കോസ്.
ആദ്യം ഇത് നൽകി 15 മിനിറ്റ് കഴിഞ്ഞശേഷം ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർനില പരിശോധിക്കുക. അത് 70 മി.ഗ്രാം/ ഡെസിലിറ്ററിന് മുകളിലെത്തിയില്ലെങ്കിൽ ഒരുതവണ കൂടി 15 ഗ്രാം ഗ്ലൂക്കോസ് നൽകാവുന്നതാണ്. അപ്പോഴേക്കും ഷുഗർനില സാധാരണ അളവിലേക്ക് എത്താറുണ്ട്. ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയിരിക്കുക.
കടപ്പാട്: ഡോ.ഡാനിഷ് സലിം