എവിടെ നോക്കിയാടോ വണ്ടിയോടിക്കുന്നേ..! ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങാൻ നേരമായോ?

ഈ പ്രായത്തിലുള്ളവർ കഴിവതും പകൽ സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നതാണ് ഉചിതം

Update: 2023-01-18 12:49 GMT
Editor : banuisahak | By : Web Desk
Advertising

ഡ്രൈവിംഗ് ഒഴിച്ചുകൂടാനാകാത്ത ഒരു ഹോബിയായി കൊണ്ടുനടക്കുന്നവരുണ്ട്. ചിലർക്കത് തൊഴിലാകും, മറ്റുചിലർക്കോ ഒരുതരം ലഹരിപോലെയാണത്. ഡ്രൈവിംഗ് അത്രയേറെ ഇഷ്ടപ്പെടുന്നവരിൽ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ ഇല്ല. കുട്ടികളെയും ഇക്കാര്യത്തിൽ മാറ്റിനിർത്താൻ കഴിയില്ല. എല്ലാ കാലത്തും ഇതേ ആവേശത്തിൽ തന്നെ വാഹനമോടിക്കാൻ സാധിക്കുമെന്നാണ്സ്റ്റിയറിങ് കയ്യിലെടുക്കുമ്പോൾ തോന്നുന്നത്. എന്നാൽ, ചെറുപ്പകാലത്തെ ഈ തോന്നൽ കാലം പിന്നിടുമ്പോൾ മാറ്റേണ്ടി വരും. ഡ്രൈവിങ്ങിൽ നിന്ന് വിരമിക്കേണ്ട ഒരു സമയമുണ്ട്.

ഇത് സ്ഥിരീകരിക്കുന്ന കണക്കുകൾ യുഎസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. അമേരിക്കയിൽ 2011-നും 2020-നും ഇടയിൽ 65 വയസ്സിനു മുകളിലുള്ള പൗരന്മാരുടെ എണ്ണം 35 ശതമാനം വർധിച്ചു. 2020-ൽ യുഎസിൽ ഉണ്ടായ റോഡപകട മരണങ്ങളുടെ കണക്കെടുത്തപ്പോൾ ഇതിൽ 17 ശതമാനവും 65 വയസും അതിൽ കൂടുതലും പ്രായമുള്ള മുതിർന്നവരാണെന്നാണ് കണക്ക്. 85 വയസിന് മുകളിലുള്ളവരും ഇക്കൂട്ടത്തിലുണ്ട് എന്നതാണ് അതിശയം.

വാഹനാപകടം ഉണ്ടാകുമ്പോൾ മുതിർന്നവർക്കാണ് പരിക്ക് കൂടുതലുണ്ടാകാൻ സാധ്യത. പലപ്പോഴും ചെറിയ പരിക്കുകൾ പോലും പ്രായമായവരുടെ ജീവന് തന്നെ ഭീഷണിയായേക്കും. ചില സംസ്ഥാനങ്ങളിൽ 75 മുതൽ 80 വയസ് വരെ പ്രായമുള്ളവർ അവരുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു എഴുത്തുപരീക്ഷയിലൂടെ പുതുക്കണമെന്ന നിബന്ധനയുണ്ട്. വേണ്ടിവന്നാൽ ഒരു റോഡ് ടെസ്റ്റും നടത്തും. എന്നാൽ, മറ്റു ചിലയിടങ്ങളിൽ യാതൊരു നിയന്ത്രണങ്ങളും ഇക്കാര്യത്തിലില്ല. ശരിക്കും ഡ്രൈവ് ചെയ്യാൻ പ്രായമൊരു പ്രശ്നമാണോ! അല്ല എന്നാണ് ഉത്തരമെങ്കിൽ പ്രായാധിക്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതിനൊരു തടസം തന്നെയാണ്. 

പ്രായമാകുന്നത് ഒരിക്കലും നമുക്ക് ഒഴിവാക്കാൻ കഴിയില്ലല്ലോ. പക്ഷേ, സുരക്ഷിതമായി വാഹനമോടിക്കുന്നത് സംബന്ധിച്ച് സ്വയം ബോധവൽക്കരിക്കാൻ നമുക്ക് സാധിക്കും. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടല്ലോ എനിക്കെപ്പോ വേണമെങ്കിലും വണ്ടിയോടിക്കാം എന്ന ചിന്ത മാറ്റിവെക്കുക. അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്തങ്ങളും പാലിക്കേണ്ടതുണ്ട്. റോഡിലിറങ്ങുമ്പോൾ നമ്മുടെ വാഹനം മാത്രമായിരിക്കില്ലല്ലോ അവിടെ ഉണ്ടായിരിക്കുക. എല്ലാ ജീവനും വിലപ്പെട്ടതാണെന്ന ചിന്തയുണ്ടാകണം. ഇതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

കാണുന്നുണ്ടോ..

പ്രായം കൂടുന്തോറും നമ്മുടെ കാഴ്ചശക്തി ക്ഷയിച്ചേക്കാം. തിമിരം, മാക്യുലർ ഡീജനറേഷൻ, ഗ്ലോക്കോമ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പെരിഫറൽ കാഴ്ച കുറയുന്നതിനും കാരണമായേക്കാം. കാഴ്ചയുമായി ബന്ധപ്പെട്ട ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണം. 65 വയസ്സിനു ശേഷം എല്ലാ വർഷവും നേത്ര പരിചരണ വിദഗ്ധനെ കണ്ട് വിശദമായ പരിശോധന നടത്തണം.

ഈ പ്രായത്തിലുള്ളവർ കഴിവതും പകൽ സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നതാണ് ഉചിതം. മോശം കാലാവസ്ഥയിൽ ഡ്രൈവിംഗ് ഒഴിവാക്കുക. 

കേട്ടു.. കേട്ടു.. കേട്ടില്ല

എത്ര ഹോണടിച്ചാലും കേൾക്കില്ലേ, കാഴ്ച പോലെ തന്നെ ഡ്രൈവിങ്ങിൽ എത്രത്തോളം പ്രധാനമാണ് കേൾവിയെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. കേൾവിശക്തി കുറയുന്നത് വാഹനമോടിക്കുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കും. പ്രായമാകുകയും കേൾവിശക്തി കുറയുന്നത് സ്വാഭാവികമാണ്. സൈറണുകളും ഹോണുകളും കേൾക്കാതിരിക്കുന്നത് നിസാരമായി കാണരുത്.  അടിയന്തിര സാഹചര്യങ്ങളോട് സുരക്ഷിതമായി പ്രതികരിക്കാനുള്ള കഴിവിനെയാണ് ഇത് ബാധിക്കുക. 

അതിനാൽ, 50 വയസ്സിന് ശേഷം, ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഒരു ഓഡിയോളജി പ്രൊഫഷണലിന്റെ സഹായത്തോടെ കേൾവി വിലയിരുത്തണം. ഇത് ശ്രവണ വൈകല്യം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. ശ്രവണ സഹായികൾ കേൾവി നഷ്ടത്തിന് ഫലപ്രദമായ ചികിത്സയാണ്. 

എന്താ ചെയ്യേണ്ടത്..

ചില അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാൻ വൈകുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഈ വൈകല്യം സുരക്ഷിതവും അടിയന്തിരവുമായ പ്രതികരണം വൈകിപ്പിക്കും. ഡ്രൈവിങ്ങിലാണെങ്കിൽ എന്ത് ചെയ്യണമെന്ന് ചിന്തിക്കാനും ഉടനടി പ്രതികരിക്കാനും സമയമെടുത്തേക്കും. ഇതൊഴിവാക്കാൻ ഡ്രൈവിങ്ങിൽ നിന്ന് വിട്ടുനിൽക്കുക തന്നെയാണ് മാർഗം. 

എല്ലാ മരുന്നും നല്ലതല്ല

ചില പ്രത്യേക അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ മറ്റുപല രീതിയിലും നമ്മുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ജാഗ്രതയെയും സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെയും ഇത് ബാധിക്കും. ഡ്രൈവ് ചെയ്യുമ്പോൾ ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് മരുന്നുകളുടെ പാർശ്വഫലമായേക്കാം. അങ്ങനെ സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ കണ്ട് ഇക്കാര്യം സ്ഥിരീകരിക്കണം. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ വാഹനമോടികാത്തിരിക്കുന്നതാണ് ഉചിതം. 

അതുപോലെ തന്നെ പേശികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അസ്ഥികളുടെ തേയ്മാനം തുടങ്ങിയവയും ഡ്രൈവിംഗ് ദുഷ്കരമാക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യും. 

ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങാൻ നേരമായോ?

താഴെ പറയുന്ന കാര്യങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ ഡ്രൈവിങ്ങിൽ നിന്ന് പിന്തിരിപ്പിക്കാൻ നേരമായെന്നാണ്സൂചന. അവ ഏതൊക്കെയെന്ന് നോക്കാം. 

  • വാഹനത്തിൽ പോറലുകളും മറ്റും കണ്ടുതുടങ്ങുമ്പോൾ 
  • ട്രാഫിക് സിഗ്നലുകൾ അവഗണിക്കുമ്പോൾ 
  • ഒരുപാട് വേഗതയിലോ വളരെ പതുക്കെയോ വണ്ടിയോടിക്കുമ്പോൾ 
  • ഡ്രൈവിങ്ങിന്റെ കാര്യത്തിൽ സ്ഥിരമായി ആളുകൾ പരാതി പറയുമ്പോൾ 
  • അടുത്തുള്ള സ്ഥലങ്ങളിൽ പോലും വഴിതെറ്റുമ്പോൾ 
  • ഡ്രൈവ് ചെയ്യുമ്പോൾ ഉത്കണ്ഠയും ദേഷ്യവും കൂടുന്നുവെന്ന് കണ്ടാൽ 

ചെറുതെന്ന് തോന്നുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും അത്ര ചെറുതല്ല. സ്വയം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഡ്രൈവിങ്ങിന്റെ കാര്യത്തിൽ എന്തെങ്കിലും പിശകുകൾ സംഭവിക്കുന്നെന്ന് കണ്ടാൽ സ്വയം വിലയിരുത്തുക, ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുക.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News