ഉറക്കക്കുറവ് മുതൽ മാനസിക സമ്മർദ്ദം വരെ; നഖത്തിലെ വെളുത്ത വരകൾ നൽകുന്ന സൂചനകൾ
ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾക്കും എല്ലുകൾ ഉൾപ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങൾക്കും സിങ്ക് ആവശ്യമാണ്
നഖത്തിലെ വെളുത്ത വരകൾ ചുറ്റിപ്പറ്റി കൗതുകകരമായ കാര്യങ്ങളാണ് നിലനിൽക്കുന്നത്. ശാസ്ത്രീയ കാര്യങ്ങൾ മുതൽ മുത്തശ്ശിക്കഥകൾ വരെ ഇക്കൂട്ടത്തിലുണ്ട്. നഖത്തിൽ വെളുത്ത പാടുകൾ വീഴുന്നത് പുതിയ ഡ്രസ് കിട്ടാനാണെന്ന് കേട്ടിട്ടില്ലേ.. രസകരമായ കാര്യങ്ങൾ മാറ്റിനിർത്തിയാൽ ശരിക്കും നഖനത്തിലെ ഈ വെള്ള വരകൾ കാണിച്ചുതരുന്നത് നമ്മുടെ ആരോഗ്യപ്രശ്നങ്ങളെയാണ്. ഇത്തരത്തിലുള്ള പാടുകൾ നഖത്തിൽ വീഴുന്നത് കാൽസ്യത്തിന്റെ കുറവാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, കുറയുന്നത് കാൽസ്യമല്ല, സിങ്കാണ്.
ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് നിർണായകമായ ധാതുവാണ് സിങ്ക്. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾക്കും എല്ലുകൾ ഉൾപ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങൾക്കും എന്തിന് എൻസൈമുകൾക്കും പോലും സിങ്ക് ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനം നിലനിർത്തുക, ദഹനം, നാഡികളുടെ പ്രവർത്തനം, ശാരീരിക വളർച്ച എന്നിങ്ങനെ നിരവധി കാര്യങ്ങൾക്ക് സിങ്ക് അത്യാവശ്യ ഘടകമാണ്.
മുറിവുണക്കൽ മുതൽ ഹൃദയം, കണ്ണ്, ചർമ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. തലമുടി കൊഴിച്ചിൽ,രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സിങ്കിന്റെ കുറവ് മൂലമുണ്ടാകാം. കുട്ടികളിലാണെങ്കിൽ വിളർച്ചക്ക് കാരണമാകും. ദുർബലമായ രോഗപ്രതിരോധ ശേഷി, ഉറങ്ങാൻ ബുദ്ധിമുട്ട്, ലൈംഗികതക്കുറവ്, മാനസിക സമ്മർദ്ദം, കൈയ്യിലേയും മുഖത്തെയും ചുളിവുകൾ, രോഗശമനം വൈകുക എന്നിങ്ങനെ സിങ്കിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല.
ഇത്രയും നിർണായകമായൊരു ഘടകം ശരീരത്തിൽ കുറയുന്നത് നഖങ്ങൾ കാണിച്ചുതരുമ്പോഴും പലപ്പോഴും നമ്മുടെ അറിവില്ലായ്മ കാരണം നാമത് അവഗണിക്കാറുണ്ട്. എന്നാൽ, ഇനിയത് വേണ്ട. സിങ്കിന്റെ കുറവ് ശ്രദ്ധയിൽ പെട്ടാൽ എടുക്കേണ്ട മുൻകരുതലുകളും ചെയ്യേണ്ട കാര്യങ്ങളും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക തന്നെയാണ് പ്രധാനം. സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
നട്ട്സ്
സിങ്ക് മാത്രമല്ല ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളും നാറ്റ്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ പരിപ്പുവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടി, നിലക്കടല, ബദാം എന്നിവ ദിവസവും കഴിക്കാം. ഇതിൽ കശുവണ്ടിയിലാണ് ഏറ്റവും കൂടുതൽ സിങ്ക് അടങ്ങിയിരിക്കുന്നത്.
പാല്..തൈര്
സിങ്ക് കുറയുന്നുണ്ടെന്ന് കണ്ടാൽ പാലുൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പാലിന് പുറമേ ചീസ്, തൈര് എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
പയറുവർഗങ്ങൾ
ചെറുപയർ ആവിയിൽ പുഴുങ്ങി കഴിക്കാവുന്നതാണ്. നാരുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ കലവറയാണ് പയർവർഗങ്ങൾ. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പയർ, ബീൻസ് തുടങ്ങിയവ സഹായിക്കും.
ചിക്കൻ
ധാരാളം കഴിക്കേണ്ട..എന്നാൽ, സിങ്കിന്റെ അളവ് കുറയുന്നുണ്ടെന്ന് കണ്ടാൽ ചിക്കൻ വിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ. ചിക്കന്‍ സൂപ്പാക്കിയും ഗ്രിൽ ചെയ്തും ഇഷ്ടമുള്ള രീതിയിൽ കഴിക്കാവുന്നതാണ്.
ഇവക്ക് പുറമേ, മാർക്കറ്റിൽ തന്നെ ലഭ്യമാകുന്ന സിങ്ക് ഗ്ലൂക്കോണേറ്റ്, സിങ്ക് അസറ്റേറ്റ്, സിങ്ക് സൾഫേറ്റ്, സിങ്ക് പിക്കോലിനേറ്റ്, സിങ്ക് ഓറോട്ടേറ്റ്, സിങ്ക് സിട്രേറ്റ് എന്നീ സിങ്ക് സപ്ലിമെന്റുകളും ഉപയോഗിക്കുന്നത് ഗുണംചെയ്യും.