ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി, സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ലക്ഷണങ്ങൾ അറിയാം
നാലുവയസുള്ള കുട്ടിക്കാണ് എച്ച് 9 എൻ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്
ഡൽഹി: ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. നാലുവയസുള്ള കുട്ടിക്കാണ് എച്ച് 9 എൻ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ മനുഷ്യരിലുണ്ടാകുന്ന പക്ഷിപ്പനിയുടെ രണ്ടാമത്തെ കേസാണിത്. 2019 ൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു..
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന പനി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് ഫെബ്രുവരിയിൽ കുട്ടിയെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷം ഏപ്രിലിൽ എച്ച് 9 എൻ 2 വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെയ് 1ന് രോഗിയെ ഓക്സിജൻ പിന്തുണയോടെ ഡിസ്ചാർജ് ചെയ്തു. ഇവരുടെ വീട്ടിലുള്ള കോഴിഫാമിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്.
ഏവിയൻ ഇൻഫ്ലുവൻസ എന്നും അറിയപ്പെടുന്ന പക്ഷിപ്പനി മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കും. എ, ബി, സി, ഡി എന്നിങ്ങനെ നാല് തരം ഇൻഫ്ലുവൻസ വൈറസുകളുണ്ട്. ഇൻഫ്ലുവൻസ എ വൈറസിൻ്റെ ഒരു ഉപവിഭാഗമാണ് H9N2. സാധാരണയായി മൃഗങ്ങളിൽ ബാധിക്കുന്ന രോഗം മനുഷ്യരിലും പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ലക്ഷണങ്ങൾ:-
ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചെങ്കണ്ണ്, ദഹനപ്രശ്‌നങ്ങൾ, മസ്തിഷ്കജ്വരം, മസ്തിഷ്ക വീക്കം എന്നിവയാണ് സാധാരണയായി മനുഷ്യരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ ഈ ലക്ഷണങ്ങൾ മാരകമായേക്കാം.
- രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വൈറസിൻ്റെ വ്യാപനത്തിന് കാരണമാകും.
- രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൃഗങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കാൻ ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.
- സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക
- മൃഗങ്ങളുമായി ഇടപഴകുന്നവർ വ്യക്തിഗത ശുചിത്വം കൃത്യമായി പാലിക്കുക
നേരത്തെ, മെക്‌സിക്കോയിൽ പക്ഷിപ്പനി ബാധിച്ച് ലോകത്തെ ആദ്യമരണം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 24 ന് മരിച്ച 59 കാരനാണ് പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, ക്ഷീണം എന്നിവയെ തുടർന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിൽ വെച്ചാണ് ഇയാൾ മരിച്ചത്. എന്നാൽ വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.മനുഷ്യരിൽ പക്ഷിപ്പനി വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും കേസ് റിപ്പോർട്ട് ചെയ്യുന്നത്.