പനീറിന് ഇത്രയേറെ ഗുണങ്ങളോ... നിസാരക്കാരനല്ല പാൽക്കട്ടി...

വൈറ്റമിൻ ബി12, സോഡിയം, സെലേനിയം, റൈബോഫ്‌ളേവർ, ഫോസ്ഫറസ്, കാൽസ്യം എന്നിവ പനീറിൽ ധാരാളമടങ്ങിയിട്ടുണ്ട്

Update: 2023-07-07 16:12 GMT
Advertising

സസ്യാഹാരികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പനീർ. പനീറുള്ളപ്പോൾ ചിക്കനും മീനുമൊക്കെ എന്തിനെന്നാണ് അവരുടെ ചോദ്യം. മാംസാഹാരികളിലും പനീറിനെ സ്‌നേഹിക്കുന്നവരുണ്ടെന്നത് പരസ്യമായ ഒരു രഹസ്യവും കൂടിയാണ്. എന്നാൽ രുചിയിൽ മാത്രമാണോ പനീർ കേമൻ? അല്ല, രുചി കൂടാതെ ആരോഗ്യപരമായ പല ഗുണങ്ങളും പനീറിനുണ്ട്. പ്രോട്ടീനുകളുടെ കലവറയാണ് പനീർ. കോട്ടേജ് ചീസ് എന്ന് വിളിപ്പേരുള്ള പനീർ ആരോഗ്യം സംരക്ഷിക്കുന്നതെങ്ങനെ എന്ന് നോക്കാം...

എന്താണ് പനീർ?

പാൽ നാരങ്ങാനീരോ മറ്റ് ഭക്ഷ്യ അമ്ലങ്ങളോ ഉപയോഗിച്ച് പിരിച്ച് ഉണ്ടാക്കുന്നതാണ് പനീർ. ഫ്രഷ് ചീസ് ആയാണ് ഇത് കണക്കാക്കപ്പെടുന്നത്. നോർത്തിന്ത്യൻ വിഭവങ്ങളിലെ പ്രധാന ചേരുവയായ പനീറിന് പ്രത്യേക രുചിയോ മണമോ ഇല്ല.

പോഷകങ്ങളും പനീറും

വൈറ്റമിൻ ബി12, സോഡിയം, സെലേനിയം, റൈബോഫ്‌ളേവർ, ഫോസ്ഫറസ്, കാൽസ്യം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് പനീറിൽ. എന്നാൽ കാലറി കുറവാണ് താനും. പനീറിലുള്ള ജീവകങ്ങൾ, ധാതുക്കൾ എന്നിവ ഊർജം പ്രദാനം ചെയ്യുന്നതിനൊപ്പം കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും സഹായിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കാനും പനീർ

പ്രോട്ടീൻ കൂടുതലും കാലറി കുറവുമായതിനാൽ പട്ടിണി കിടക്കാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഭക്ഷണത്തിലുൾപ്പെടുത്താവുന്ന ഒന്നാണ് പനീർ. പനീറിലുള്ള കസീൻ എന്ന പ്രോട്ടീൻ വയർ നിറഞ്ഞ തോന്നലുണ്ടാക്കും എന്നതിനാൽ ഇതും ശരീരഭാഗം കുറയ്ക്കുന്നതിന് സഹായകമാകും.

മസിൽ വർധിക്കണോ? പനീർ കഴിച്ചോളൂ...

വ്യായാമം പതിവാക്കിയവർക്കും അത്‌ലറ്റുകൾക്കുമൊക്കെ ശീലമാക്കാവുന്ന ഒന്നാണ് പനീർ. ഇതിനും കാരണമാവുന്നത് പനീറിലുള്ള പ്രോട്ടീനുകൾ തന്നെ. രാത്രി കിടക്കുന്നതിന് മുമ്പ് പനീർ കഴിച്ചാൽ മസിൽ വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രമേഹം നിയന്ത്രിക്കും?

പാലുല്പന്നങ്ങൾ പ്രമേഹം നിയന്ത്രിക്കുമെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇവ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കും എന്നുള്ളതിനാലാണിത്.

ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ പനീറും അമിതമായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിദഗ്ധാഭിപ്രായത്തിന് ശേഷം മാത്രം മതി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News