കുങ്കുമപ്പൂവിന് എന്തുകൊണ്ടാണ് ഇത്ര വില?

ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള സുഗന്ധവ്യഞ്ജനം കൂടിയാണ് കുങ്കുമപ്പൂവ്

Update: 2021-09-21 05:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആദ്യകാലം മുതലേ ഔഷധമായി ഉപയോഗിച്ചുവരുന്ന സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണിത്. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള സുഗന്ധവ്യഞ്ജനം കൂടിയാണ് കുങ്കുമപ്പൂ. ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന്‌ 10,000 ഡോളർ വിലയുണ്ട്. അതായത് 7 ലക്ഷം രൂപ. എന്തുകൊണ്ടാണ് കുങ്കുമപ്പൂവ് ഇത്രയും വില പിടിപ്പുള്ള സുഗന്ധവ്യഞ്ജനമായത്?

ചവർപ്പ് രുചിയുള്ള കുങ്കുമത്തിന്‌ ഐഡോഫോമിന്‍റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്‌. പിക്രൊക്രൊസിൻ, സഫ്രണാൽ എന്നീ രാസവസ്തുക്കൾ അടങ്ങിയതിനാലാണ്‌ കുങ്കുമത്തിന്‌ ഈ മണം കിട്ടുന്നത്. കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ടനൊയ്ഡ് ചായം, ഭക്ഷണവിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സ്വര്‍ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന്‌ ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.




 കുങ്കുമത്തിന്‍റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക.വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു. ഏകദേശം 4 സെ.മീ നീളമുള്ള ഇലകളാണ് ഉണ്ടാവുന്നത്. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു. ഈ ചെടി വളർച്ച പൂർത്തിയാകുന്നതോടെ ഏകദേശം 30 സെ.മീ നീളം വയ്ക്കുന്നു. ഓരോ മുകുളവും കടും ചുവപ്പു നിറമുള്ള പരാഗണസ്ഥലത്തിലാണ് അവസാനിക്കുന്നത്. നാരു പോലുള്ള പരാഗണസ്ഥലത്തിന് 30 മി.മി നീളം ഉണ്ടാകും. നീളം കൂടുന്നതിനനുസരിച്ച് കുങ്കുമത്തിന്‍റെ ഗുണനിലവാരവും കൂടുന്നു

വിളവെടുപ്പ് കൃത്യസമയത്തു തന്നെ നടത്തിയിരിക്കണം. വൈകുന്നേരം പുഷ്പിച്ചാൽ പിറ്റേ ദിവസം രാവിലെ തന്നെ പൂക്കൾ വാടിപ്പോകുമെന്നതാണ് കാരണം.  ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളയിൽ എല്ലാ ചെടിയും പുഷ്പിക്കും. ഒരു ഗ്രാം കുങ്കുമനാരുകൾ ലഭിക്കണമെങ്കിൽ 150 ഓളം പൂക്കൾ പറിക്കേണ്ടി വരും. 12 ഗ്രാം കുങ്കുമം ലഭിക്കണമെങ്കിൽ ഒരു കിലോഗ്രാം പൂക്കൾ വേണ്ടിവരും. ഒരു പൂവിൽ നിന്നും 30 മില്ലിഗ്രാം അസംസ്കൃത കുങ്കുമമോ 7 മില്ലിഗ്രാം ഉണക്ക കുങ്കുമമോ ലഭിക്കും. ഇവയുടെ പരിപാലനം, കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് കുങ്കുമപ്പൂവിന്‍റെ ഗുണനിലവാരം വ്യത്യസ്തമാകുന്നത്. വിളവെടുപ്പുസമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലുപ്പം കുറവായിരിക്കും.



ലോകത്തിൽ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമപ്പൂ വിടരുന്നത് കശ്മീരിലാണ്. ലോകത്തു കുങ്കുമത്തിന്‍റെ വിവിധഇനങ്ങളുണ്ടെങ്കിലും 1600 മീറ്റർ ഉയരത്തിൽ വളരുന്നതും സവിശേഷതകൾ ഏറെയുള്ളതും കശ്‌മീരി കുങ്കുമത്തിനാണ്‌. കശ്മീർ കുങ്കുമത്തിന് നീളവും വണ്ണവുമുള്ള സ്റ്റിഗ്മയും കടുത്ത ചുവപ്പു നിറവും ഉയർന്ന അരോമയും കയ്പുമാണുള്ളത്. കുങ്കുമത്തിന്‍റെ നിലവാരവും കമ്പോളത്തിലെ വിറ്റുവരവും നിരീക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മായം ചേർക്കൽ വ്യാപകമാണ്. നിലവാരം കുറഞ്ഞ കുങ്കുമത്തിലാണ് മായം ചേർക്കൽ കൂടുതലായും നടക്കുന്നത്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News