വീട്ടിൽ എല്ലാവർക്കും കൂടി ഒരു സോപ്പോ? നിർത്തിക്കോളൂ, ഇല്ലെങ്കിൽ...
ഒരേ സോപ്പ് ഒന്നിലധികം പേരുപയോഗിക്കുന്നതിന്റെ പ്രധാന പ്രശ്‌നം സോപ്പിലുണ്ടാവുന്ന കീടാണുക്കൾ തന്നെയാണ്
ടിവി റിമോട്ട് കഴിഞ്ഞാൽ ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയിൽ എല്ലാവരും പൊതുവായി ഉപയോഗിക്കുന്ന ഒന്നാവും കുളിക്കുന്ന സോപ്പ്. ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് സ്‌നേഹമാണെങ്കിലും ഒരു സോപ്പ് കുടുംബത്തിലെല്ലാവരും ഉപയോഗിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഒരേ സോപ്പ് ഒന്നിലധികം പേരുപയോഗിക്കുന്നതിന്റെ പ്രധാന പ്രശ്‌നം സോപ്പിലുണ്ടാവുന്ന കീടാണുക്കൾ തന്നെയാണ്. സോപ്പ് സെൽഫ് ക്ലെൻസിംഗ് ആണെന്ന് പൊതുവേ പറയുമെങ്കിലും അങ്ങനെയല്ല എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വീട്ടിലെല്ലാവർക്കും കൂടി ഒരു സോപ്പ് ആണെങ്കിൽ ഇതിൽ നനവൊഴിഞ്ഞ സമയമുണ്ടാവില്ല. ഇത് സോപ്പിൽ ഫംഗസും ബാക്ടീരിയയും അടിഞ്ഞു കൂടുന്നതിന് കാരണമാകും. ചില സമയങ്ങളിൽ യീസ്റ്റ് വരെ സോപ്പിൽ വളരാം.
സോപ്പ് പങ്കു വയ്ക്കുന്നത് പ്രധാനമായും എംആർഎസ്എ എന്ന ബാക്ടീരിയൽ അണുബാധയ്ക്കാണ് കാരണമാകുന്നത്. ഒരു തരം ചർമരോഗമാണിത്. ഫുട്‌ബോൾ കളിക്കുന്നവരിൽ ഈ രോഗം കൂടുതൽ കാണപ്പെടുന്നതായി 2008ൽ ഇൻഫെക്ഷൻ കൺട്രോൾ ആൻഡ് ഹോസ്പിറ്റൽ എപിഡെമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. പൊതുവായി ഉപയോഗിക്കുന്ന സോപ്പുകളിൽ 60 ശതമാനവും മൈക്രോബുകളാൽ മലിനമാണെന്ന് പഠനങ്ങൾ പറയുന്നത്. ഇതുപയോഗിക്കുന്നത് ശരീരത്തിൽ ബാക്ടീരിയ അടിഞ്ഞു കൂടുന്നതിന് കാരണമാകും.
ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ ചർമരോഗങ്ങളില്ലെങ്കിൽ സോപ്പ് ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെങ്കിലും രോഗാണുക്കൾ ശരീരത്തിലെത്തുന്ന സാധ്യത തള്ളിക്കളയാനാകില്ല. പ്രധാനമായും ഇ-കൊളി, സാൽമൊണെല്ല, ഷിഗെല്ല എന്നീ ബാക്ടീരിയകളും നോറോവൈറസ്, റോട്ടോവൈറസ്, സ്റ്റാഫ് എന്നീ വൈറസുകളുമെല്ലാമാണ് പ്രധാനമായും സോപ്പിലുണ്ടാവുക.
സോപ്പ് വഴിയുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരേയൊരു മാർഗം സോപ്പിന്റെ പൊതുവായ ഉപയോഗം കുറയ്ക്കുക എന്നതാണ്. ബാർ സോപ്പുകൾ ഒഴിവാക്കുകയാണ് ഒരു വഴി. ലിക്വുഡ് സോപ്പിലേക്ക് മാറുന്നത് എന്തുകൊണ്ടും മെച്ചമേ ഉണ്ടാക്കൂ. ഇനി സോപ്പ് പങ്കു വയ്ക്കാതെ നിവൃത്തിയില്ല എന്നാണെങ്കിൽ ഉപയോഗിക്കുന്നതിന് മുമ്പ് സോപ്പ് വൃത്തിയായി വെള്ളമുപയോഗിച്ച് കഴുകാം.