പനി വന്നാലുടൻ പാരസെറ്റമോൾ.. അത്ര നല്ലതല്ല ഈ ശീലം; ഡോക്‌ടർമാർ പറയുന്നത് ശ്രദ്ധിക്കൂ

രണ്ടുദിവസത്തിൽ കൂടുതൽ പനി നീണ്ടുനിൽക്കുന്നില്ലെങ്കിൽ ഒരു ഡോക്‌ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരിക്കലും നിങ്ങൾ മരുന്നുകളെ ആശ്രയിക്കരുത്

Update: 2022-12-26 15:16 GMT
Editor : banuisahak | By : Web Desk
Advertising

തണുപ്പുകാലമായതോടെ പനിക്കേസുകൾ വർധിച്ചുവരികയാണ്. കാലാവസ്ഥാ മാറ്റം മാത്രമല്ല, ശരീരം ക്ഷീണിച്ചാൽ പോലും ചെറിയ പനി ഉണ്ടായേക്കാം. ഒരു പനി വഴിയിൽ കൂടി പോയാൽ പോലും ഉടൻ തന്നെ ഒരു ഗുളിക എടുത്ത് കഴിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ആളുകൾ വേണ്ട ശ്രദ്ധകൊടുക്കുന്നില്ല. ഇതിനെതിരെ ഡോക്‌ടർമാർ പറയുന്നത് ശ്രദ്ധിക്കൂ. 

രണ്ടുദിവസത്തിൽ കൂടുതൽ പനി നീണ്ടുനിൽക്കുന്നില്ലെങ്കിൽ ഒരു ഡോക്‌ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരിക്കലും നിങ്ങൾ മരുന്നുകളെ ആശ്രയിക്കരുതെന്ന് ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഇന്റേണൽ മെഡിസിൻ ഡോ. എറിക് വില്യംസ് നിർദ്ദേശിക്കുന്നു. ഡെങ്കി, ടൈഫോയ്ഡ്, മലേറിയ തുടങ്ങി ഗുരുതരമായേക്കാവുന്ന നിരവധി രോഗങ്ങളുടെ തുടക്കമാകാം പനി. ഇതിന് പുറമെ മറ്റ് നൂറുകണക്കിന് കാരണങ്ങളാലും പനിയുണ്ടായേക്കാം. 

ചിലർ ദീർഘദൂര യാത്ര ചെയ്‌തുവന്നാൽ പനി അനുഭവപ്പെട്ടേക്കാം. ശരീരം ക്ഷീണിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ, അപ്പോൾ തന്നെ ഗുളിക എടുത്ത് കഴിച്ച് സ്വയം ചികിൽസിക്കാൻ നിൽക്കരുത്. അത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തിന് ദോഷം ചെയ്‌തേക്കും; ഡോ. എറിക് വില്യംസ് കൂട്ടിച്ചേർത്തു. 

പാർശ്വഫലങ്ങളില്ലാത്ത ഒരു മരുന്നുമില്ലെന്നാണ് ന്യൂ ഡൽഹിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ വസന്ത് കുഞ്ചിലെ സീനിയർ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. മനോജ് ശർമ്മയുടെ അഭിപ്രായം. മിക്ക ആളുകളുടെയും ആദ്യ ചോയിസ് ആണ് പാരസെറ്റാമോൾ. അമിതമായി പാരസെറ്റാമോൾ കഴിക്കുന്നത് പൊതുവേ നല്ലതല്ല. വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെങ്കിലും കരളിനെ നേരിട്ട് ബാധിക്കും. കൂടിയ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് കരളിൽ മെറ്റബോളിസം വർധിപ്പിക്കാൻ ഇടയാക്കും. അതിനാൽ, ശരിയായ മാർഗ്ഗനിർദ്ദേശമില്ലാതെ ഈ ഗുളിക കഴിക്കരുത്. പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം കരളിനെ ബാധിക്കുകയും ഒടുവിൽ വിഷബാധയിലേക്ക് നയിക്കുകയും കരളിനെ തകരാറിലാക്കുകയും ചെയ്യുമെന്ന് ഡോ. മനോജ് ശർമ്മ വ്യക്തമാക്കുന്നു. 

ചെറിയ പനി വന്നാൽ ഡോക്‌ടറുടെ മാർഗനിർദേശമില്ലാതെ പലപ്പോഴും ഗുളികകൾ കഴിക്കുന്നത് വ്യക്തിയുടെ ആശ്രിതത്വം വർദ്ധിപ്പിക്കും. ചെറിയൊരു ശരീരവേദന വന്നാൽ പോലും വേദനസംഹാരി കഴിക്കാൻ ആഗ്രഹിച്ചേക്കുമെന്നാണ് ഇതിന്റെ അർഥം. മതിയായി വിശ്രമിച്ച് ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തിയാൽ മാത്രം മതി ഇത്തരം വേദനകൾക്ക് പരിഹാരമാകാനെന്നും ഡോ.മനോജ് ശർമ്മ കൂട്ടിച്ചേർത്തു. 

ഒരു ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിക്കാതെ ഒരു വ്യക്തി മരുന്ന് കഴിക്കുമ്പോൾ, അത് പലപ്പോഴും ശരിയായ രോഗനിർണയത്തെയാണ് ബാധിക്കുക. മരുന്ന് കഴിച്ചതിന് ശേഷം ഡോക്‌ടറെ കാണാൻ എത്തുമ്പോൾ പനി എങ്ങനെയാണെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് കഴിയില്ല. ലളിതമായ രോഗനിർണ്ണയത്തിലൂടെ, പനി എങ്ങനെ ആരംഭിച്ചു, ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറിന് അറിയാൻ കഴിയില്ല. രോഗത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ വൈകുന്നതിന് പോലും ഇത് ഇടയാക്കുമെന്ന് ഡോ. എറിക് വില്യംസും പറയുന്നു. 

 ഇതുകൂടാതെ, ഓവർ-കൌണ്ടർ മരുന്നുകളുടെ അമിതമായ ഉപയോഗം ഒടുവിൽ അനാഫൈലക്റ്റിക്  എന്ന ഒരു അലർജിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പനി 100 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതലാണെങ്കിൽ ദിവസത്തിൽ ഒരിക്കൽ മാത്രം പാരസെറ്റമോൾ 500 കഴിക്കുന്നത് നല്ലതാണെന്ന് ഡോ. എറിക് വില്യംസ് നിർദേശിച്ചു. ഒരു ഡോക്‌ടർ ആദ്യം ചെയ്യുന്നത് തൊണ്ടയും ശ്വാസകോശവും പരിശോധിച്ച് പനിയുടെ മൂലകാരണം കണ്ടെത്തുക എന്നതാണ്. അണുബാധ വരാൻ സാധ്യതയുള്ള ഏറ്റവും സാധാരണമായ അവയവങ്ങൾ മൂത്രനാളി, തൊണ്ട അല്ലെങ്കിൽ ദഹനനാളം എന്നിവയാണ് ഇവ പരിശോധിച്ച ശേഷമാണ് തുടർ ചികിത്സയിലേക്ക് കടക്കുക. ഈ പരിശോധനകൾ പോസിറ്റീവ് അല്ലെങ്കിൽ മറ്റ് വിശദമായ പരിശോധനകളിലേക്കും കടക്കും. 

സ്ഥിരമായി പനി വരുന്ന സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ക്ഷീണം കാരണം, കഴിക്കുന്ന മരുന്നുകൾക്ക് പാർശ്വഫലങ്ങളുണ്ടാകും. ആളുകൾ പലപ്പോഴും ആന്റിബയോട്ടിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ആന്റിബയോട്ടിക്കുകൾ ബാക്ടീരിയ അണുബാധയെ ലക്ഷ്യമിടുന്നതിനാൽ അവ ഫലപ്രദമാകില്ല. മിക്ക പനി കേസുകളും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിങ്ങളുടെ ശരീരത്തിന് മരുന്ന് വേണമെങ്കിലും ഇല്ലെങ്കിലും സാധാരണ ഏഴ് ദിവസത്തിനുള്ളിൽ നിങ്ങളുടെ ജലദോഷവും പനിയും കുറയും. ആന്റിബയോട്ടിക്കുകൾ സഹായിക്കുമെന്ന് നിങ്ങളുടെ ഡോക്‌ടർ കരുതുന്നില്ലെങ്കിൽ ഗുളികകൾ കഴിക്കുന്നതിൽ അർത്ഥമില്ല. ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് അതിജീവിക്കണമെങ്കിൽ ആൻറിബയോട്ടിക്കുകൾ വിവേകത്തോടെ ഉപയോഗിക്കണമെന്നും ഡോക്‌ടർ വ്യക്തമാക്കി. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News