രോഗവും ഏകാന്തതയും; ഐസലേഷൻ കാലത്തെ മാനസികാരോഗ്യത്തെകുറിച്ച് അറിയേണ്ടതെല്ലാം
മനസ് ശാന്തവും സന്തോഷവുമായിരുന്നില്ലെങ്കിൽ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം
കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും തീവ്രമായിരിക്കുന്ന സാഹചര്യത്തിൽ രോഗികളാവുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതിയ സാഹചര്യം കണക്കിലെടുത്ത് രോഗം സ്ഥിരീകരിച്ചവരെല്ലാം വീടുകളിൽ ഐസലേഷനിൽ കഴിഞ്ഞാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഒരാഴ്ചയോളം തനിച്ച് ഒരു വീട്ടിലോ മുറിയിലോ കഴിയുന്നവർക്ക് മാനസികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടേണ്ടിവരുന്നവരിൽ പ്രത്യേകിച്ചും. ഒറ്റപ്പെടലും ഏകാന്തതയും അമിത ഉത്കണ്ഠയും ശ്രദ്ധിച്ചില്ലെങ്കിൽ അത് ആത്മഹത്യപ്രവണതയിലേക്ക് വരെ നയിച്ചേക്കാം.
ഐസലോഷനിൽ കഴിയുമ്പോൾ നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ ചില വഴികൾ ഇതാ...
മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
പനി, തലവേദന, തൊണ്ടവേദന, ശരീരവേദന എന്നിവ ശക്തമാകുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കുടിക്കുക. സ്വന്തം ഇഷ്ടത്തിനനുസരിച്ച് പാരസെറ്റാമോൾ പോലുള്ള അമിതമായ അളവിൽ കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് മറക്കാതിരിക്കുക.
ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ
ഈ സമയത്ത് പലർക്കും ഭക്ഷണം കഴിക്കാൻ തോന്നാറില്ല. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തെപോലെ തന്നെ മാനസികമായും നമ്മളെ ദുർബലപ്പെടുത്തും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ചും പനിയുള്ളപ്പോൾ. ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് തൊണ്ടക്കും ആശ്വാസം നൽകും.
വ്യായാമം നിർത്തിവെക്കാം
സ്ഥിരമായി വ്യായാമം ചെയ്യുന്നവരാണെങ്കിൽ കുറഞ്ഞത് 10 ദിവസത്തേക്കെങ്കിലും വ്യായാമം നിർത്തിവെക്കുക. രോഗത്തിന്റെ കാഠിന്യം കുറഞ്ഞുവരുന്നതിനനുസരിച്ച് പതിയെ വ്യായാമത്തിലേക്ക് തിരിച്ചുവരാം. ആദ്യദിവസങ്ങളിൽ കഠിനമായ വ്യായാമമുറയിലേർപ്പെടുന്നതും ദോഷം ചെയ്യും. ആവശ്യമെങ്കിൽ നിങ്ങളുടെ ജിം ട്രെയിനറുടെ ഉപദേശവും തേടാം.
ശ്വസന വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സഹായിക്കും. കോവിഡ് ബാധിച്ചവരിൽ കൂടുതൽ പേർക്കും ശ്വാസം വിടാനുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത് മറികടക്കാൻ ഇത്തരത്തിലുള്ള വ്യായാമങ്ങൾ സഹായിക്കും. ഏകാന്തയിൽ നിന്നും മോചനം ലഭിക്കാൻ ഇത് സഹായിക്കും. ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം
മനസ് എപ്പോഴും ശാന്തമായിരിക്കാൻ പരിശീലിക്കുക. ഇത് രോഗത്തെകുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചുമുള്ള അനാവശ്യമായ ഉത്കണഠങ്ങൾ മറികടക്കാൻ ഇത് സഹായിക്കും. ഇതിനായി ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം, സിനിമകൾ കാണാം, അതല്ലെങ്കിൽ ചിത്രം വര, ക്രാഫ്റ്റ് മേക്കിങ് തുടങ്ങി ക്രിയേറ്റീവായ എന്തെങ്കിലും കാര്യങ്ങളിൽ മുഴുകാം. ഇത്തരം ക്രിയേറ്റീവായ കാര്യങ്ങളിൽ ചെയ്യുന്നത് കുട്ടികൾക്ക് പ്രത്യേകിച്ചും ഉപകാരപ്പെടും. ഇത് അനാവശ്യമായ മറ്റ് ചിന്തകളിൽ നിന്നും നിങ്ങളുടെ മനസിനെ വഴിതിരിച്ചു വിടാനും സഹായിക്കും.
ലക്ഷണങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുക
ഒറ്റക്കാണ് താമസിക്കുന്നതെങ്കിൽ നിങ്ങളുടെ രോഗ ലക്ഷണങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുക. നിങ്ങളെ എന്നും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ അടുത്ത ഒന്നോ രണ്ടോ ആളുകളെ ചുമതലപ്പെടുത്തുകയും ചെയ്യുക.
സൗഹൃദം കൂടുതൽ ദൃഢമാക്കുക
ഐസലേഷിൽ കഴിയുമ്പോൾ ഏറ്റവും അത്യാവശ്യം വേണ്ടത് ഒരു ഫോൺദൂരത്തിൽ സുഹൃത്തുക്കളുണ്ടാവുക എന്നതാണ്. അടുത്ത സുഹൃത്തുക്കളുമായി വാട്‌സ് ആപ്പ് പോലുള്ള മാധ്യമങ്ങൾ വഴി വീഡിയോ കോൾ ചെയ്ത് സംസാരിക്കാം. കുടുംബാംഗങ്ങളുമായും ഇത്തരത്തിൽ ബന്ധം നിലനിർത്തുക.
അനാവശ്യ ആസക്തികൾ ഒഴിവാക്കാം
വീട്ടിൽ തനിച്ചാകുമ്പോൾ പലർക്കും മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ അനാവശ്യമായ ചിന്തകൾ കടന്നുവരുന്നത് സ്വാഭാവികമാണ്. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിക്കാൻ പലർക്കും താൽപര്യം കൂടും. ഇതൊക്കെ നിയന്ത്രിക്കാൻ ശീലിക്കുക. താൽക്കാലികമായി മാനസിക സമ്മർദ്ദങ്ങൾ കുറക്കാൻ സഹായിച്ചേക്കുമെങ്കിലും അത് മറ്റ് ദീർഘകാല രോഗങ്ങളിലേക്ക് നയിക്കുമെന്ന് മറക്കാതിരിക്കുക.
നെഗറ്റീവ് വാർത്തകൾ ഒഴിവാക്കുക
നിരാശയോ ദു:ഖമോ സമ്മാനിക്കുന്ന വാർത്തകളിൽ നിന്നും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും മാറി നിൽക്കുക. അനാവശ്യമായി സോഷ്യൽമീഡിയയിൽ സമയം ചെലവഴിക്കുന്നതും പരമാവധി ഒഴിവാക്കാം.