25000 രൂപക്ക് വിരലടയാളം മാറ്റി, കുവൈത്തിലേക്ക് കടക്കാൻ ശ്രമം
വിരൽത്തുമ്പിന്റെ മുകളിലെ പാളി മുറിച്ചുമാറ്റി, ടിഷ്യുവിന്റെ ഒരു ഭാഗം നീക്കംചെയ്ത് വീണ്ടും തുന്നിക്കെട്ടിയാണ് ശസ്ത്രക്രിയ
ഹൈദരാബാദ്: കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പൊലീസിനെ സഹായിക്കുന്ന പ്രധാന തെളിവുകളിൽ ഒന്നാണ് വിരലടയാളം. എന്നാൽ, കുറ്റം തെളിയിക്കാൻ മാത്രമല്ല ചിലരെ കുവൈത്തിലേക്ക് കടക്കാനും വിരലടയാളം സഹായിച്ചുവെന്നാണ് തെലങ്കാന പൊലീസിന്റെ കണ്ടെത്തൽ.
അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തി ആളുകളെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച രണ്ടുപേരെ തെലങ്കാന പൊലീസ് പിടികൂടി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ചത്. വിരലടയാള പാറ്റേണുകൾ മാറ്റുന്നതിനായി രാജസ്ഥാനിലും കേരളത്തിലും ഇത്തരത്തിലുള്ള 11 ശസ്ത്രക്രിയകളാണ് ഇവർ നടത്തിയിട്ടുള്ളത്. ഇതിനായി ഈടാക്കുന്നതാകട്ടെ വെറും 25000 രൂപയും.
തുച്ഛമായ തുകക്ക് കാര്യം സാധിച്ചെടുക്കാൻ തട്ടിപ്പുകാരെ തേടി തെലങ്കാനയിൽ എത്തുന്നവർ കുറവല്ല. കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ടുപേർ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ വിരലടയാള ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയക്ക് ഉപയോഗിച്ച മെഡിക്കൽ കിറ്റുകളും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
തിങ്കളാഴ്ച, മൽകാജ്ഗിരി സോണിൽ നിന്നുള്ള പ്രത്യേക ഓപ്പറേഷൻസ് ടീമും ഘട്കേസർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗജ്ജലകോണ്ടുഗരി നാഗ മുനേശ്വർ റെഡ്ഡി, സഗബാല വെങ്കട്ട് രമണ, ബോവില്ല ശിവ ശങ്കർ റെഡ്ഡി, റെൻഡ്ല രാമകൃഷ്ണ റെഡ്ഡി എന്നീ പ്രതികളെ പിടികൂടിയത്.
കൂടുതൽ ആളുകൾക്ക് ശസ്ത്രക്രിയ നടത്താനായി ഹൈദരാബാദിലെ ഒരു ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു പ്രതികൾ. ഇതിനിടെയാണ് പിടിയിലായത്. ഇതിൽ ഗജ്ജലകോണ്ടുഗരി നാഗ മുനേശ്വർ റെഡ്ഡി റേഡിയോളജിസ്റ്റും എക്സ്-റേ ടെക്നീഷ്യനുമാണെന്ന് പൊലീസ് പറയുന്നു. ഇയാളാണ് സംഘത്തിന്റെ മുഖ്യ സൂത്രധാരൻ.
വിരൽത്തുമ്പിന്റെ മുകളിലെ പാളി മുറിച്ചുമാറ്റി, ടിഷ്യുവിന്റെ ഒരു ഭാഗം നീക്കംചെയ്ത് വീണ്ടും തുന്നിക്കെട്ടിയാണ് ശസ്ത്രക്രിയ. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ, മുറിവ് ഉണങ്ങുകയും ഒരു വർഷത്തേക്ക് വിരലടയാള പാറ്റേണുകളിൽ ചെറിയ മാറ്റം വരികയും ചെയ്യും. കുറ്റകൃത്യങ്ങൾ ചെയ്തവർ പോലും ഇത്തരത്തിൽ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടേക്കും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.